കാമനകളുടെയും കൊടും പാതകങ്ങളുടെയും കഠിനസങ്കീര്‍ത്തനമാകുന്ന, ലക്ഷണം തികഞ്ഞ മെഡിക്കല്‍ ത്രില്ലര്‍!
അന്‍വര്‍ അബ്ദുള്ളയുടെ ‘കോമ’ എന്ന നോവലിന് ഹരികൃഷ്ണന് രവീന്ദ്രന് എഴുതിയ വായനാനുഭവം
ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും വിത്തുകൾ പാകി സർഗാത്മകതയെന്ന വളവും നൽകി അക്ഷരകൂട്ടങ്ങളുടെ കൂട്ടമായി നോവലെന്ന പൂന്തോട്ടമുണ്ടാകുമ്പോ അതിൽ ഉരുതിരിയുന്ന അത്ഭുതങ്ങളാകുന്ന പൂക്കളും നവ്യാനുഭവങ്ങളാകുന്ന ഫലങ്ങളും വായനക്കാരനെന്ന ആസ്വാദകൻ അതിന്റെ പൂർണ്ണതയിൽ ലയിക്കുന്നതിന്റെ തോത് പൂന്തോട്ടമൊരുക്കുന്ന എഴുത്തുക്കാരന്റെ മനോധർമ്മം പോലെ ഏറിയും കുറഞ്ഞുമിരിക്കും . പണിയറിയാവുന്ന ശില്പി ഏത് മണൽ തരിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കും, അങ്ങനുള്ള ശില്പിക്ക് എല്ലാവിധമായ സാമഗ്രികളും ഒത്തൊരുമിച്ച് കിട്ടിയാലോ, മാന്ത്രികനായ ശില്പി അവയിൽ നിന്നെല്ലാം തന്നെ തെല്ലിട തെറ്റാതെ ലക്ഷണമൊത്ത ആസ്വദകരെ അമ്പരിപ്പിക്കുന്ന സൃഷ്ടി തന്നെ നടത്തും. വർഷങ്ങളുടെ പ്രവർത്തി പരിചയവും, ആയുധങ്ങളും ആയോധനരീതികളും ജന്മസിദ്ധമായ ധ്യാനാത്മക വാസനയിൽ ഒഴുകുക കൂടി ചെയ്യുമ്പോ അനന്തരഫലം നിർമ്മാതാവിനെ കൂടി ഞെട്ടിക്കുന്നതായിരിക്കും. സാഹിത്യ മേഖലയിലെ അപസർപ്പകമെന്ന ഈ അടുത്ത കാലത്തായി ഒരുവിധമെല്ലാവരും ഒന്ന് കൈ വച്ച് നോക്കാമെന്ന ധാരണയുള്ള മേഖലയിലെ പുതുയുഗത്തിലെ പാഠപുസ്തകം പോലെയാണ് അൻവർ അബ്ദുള്ളയുടെ കോമ എന്ന പുതിയ നോവൽ എത്തുന്നത്. കുറ്റമറ്റ ത്രില്ലർ നോവലെന്ന് കണ്ണുംപൂട്ടി പറയാവുന്ന അത്യുഗ്രനായ നോവൽ. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ The great comeback of crime thriller master Anvar Abdullah. അതിശയോക്തിയോ വ്യക്തി പൂജയോ അല്ല,ഒറ്റയിരിപ്പിന് 262 പേജുകളുള്ള അവസാനം വരെ ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ ഒരു ത്രില്ലർ വായിച്ച് രോമാഞ്ചമനുഭവിച്ച ഒരു വായനക്കാരന്റെ ഏറ്റുപറച്ചിലാണ്. !!!
Comments are closed.