ഒരു എഴുത്തുജിജ്ഞാസുവിന്റെ അപൂർവ്വ ആവിഷ്കാരങ്ങൾ…
പ്രകാശ് മാരാഹിയുടെ ‘ചാമിസ്സോ‘ എന്ന ഏറ്റവും പുതിയ കഥാസമാഹാരത്തെക്കുറിച്ച് അസീം താന്നിമൂട് പങ്കുവെച്ച കുറിപ്പ്
“ഫെഡറിക് എൾറിച്ച്(1658-1700)എന്ന എഴുത്തുകാരന്റെ ‘There are Flowers among the yellow leaves’എന്ന സമാഹാരത്തിലുള്ള സാമാന്യം ദീർഘമായ ചില കഥകളുടെ വിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളെ എനിക്കു പരിചയമുണ്ട്.അയാളുടെ പേര് ഓർമ്മയിൽ നിന്നും വിട്ടുപോയി.തൽക്കാലം നമുക്കയാളെ പരിഭാഷകൻ എന്നുതന്നെ വിളിക്കാം.” ശ്രീ.പ്രകാശ് മാരാഹിയുടെ പരിഭാഷ എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്; ഫെഡറിക് എൾറിച്ച് എന്ന പാശ്ചാത്യ എഴുത്തുകാരനെ പരിചയപ്പെടുത്തിക്കൊണ്ട്.ഇതിവി ടെ എടുത്തെഴുതാൻ കാരണം ഒരെഴുത്തുകാരൻ തന്റെ ഭാവനയിൽ മെനഞ്ഞ് കഥാപാത്രമാക്കി നമുക്കു മുന്നിൽ അവതരിപ്പിക്കുന്ന മറ്റൊരു എഴുത്തുകാരനെ അയാൾ ജീവിച്ചിരുന്നതോ ജീവിക്കുന്നതോ ആയ വ്യക്തിയെന്നു തോന്നിപ്പിക്കാൻ പ്രതിഭാധനനായ,കഥപറയാൻ സാമർത്ഥ്യമുള്ള ഏതൊരാൾക്കും സാധ്യമാകുന്ന കാര്യമാണ്.എഴുത്തു വിദ്യയുടെ കൈയടക്കവുമായി ബന്ധപ്പെട്ട ഒന്നാണത്.ആവിഷ്കാരത്തിൽ ഉറപ്പിച്ചു നിർത്തിക്കൊണ്ടു തന്നെ കഥാപാത്രത്തെ വെളിയിലേയ്ക്ക് വളർത്തിയെടുക്കുന്ന വിദ്യ.ഫിക്ഷൻ എഴുത്തിൽ സാധാരണയായി പലരും പ്രയോഗിക്കുന്നതാണ് അത്.എന്നാൽ ആ കഥാപാത്രം ഒരു ഭാവനാ സൃഷ്ടിയാണെന്ന് എഴുത്തുകാരൻ തന്നെ വ്യക്തമാക്കിയാലും അല്ലല്ലോ എന്ന് ഒരാശ്ചര്യത്തോടെ വായനക്കാരനെക്കൊണ്ടു തോന്നിപ്പിക്കാനും അയാളെ ഞാൻ ധാരാളം കേട്ടിട്ടുള്ളതാണ്,സൃഷ്ടി വായിച്ചിട്ടുള്ളതുമാണ് എന്നൊരു ശങ്കയിലേയ്ക്കു വായനക്കാരനെ കൊണ്ടെത്തിക്കാനും ഒരുപക്ഷെ,ഞാൻ മേൽപ്പറഞ്ഞ എഴുത്തു സാമർത്ഥ്യം കൊണ്ടുമാത്രം കാര്യമില്ല.അസാമാന്യമായ സൂക്ഷ്മതയും ശ്രദ്ധയും എഴുത്തിലുടനീളം പ്രയോഗിക്കേണ്ടിവരും. പ്രതിഭയും സർഗ്ഗാത്മകതയും ഏറെ ഇഴുകി എഴുത്തുവേളയിൽ പ്രവർത്തിക്കുകയും വ്യത്യസ്ത വിതാനങ്ങളിലൂടെ വിവിധ രീതിയിൽ മനസ്സ് വ്യാപരിക്കുകയുമൊക്കെ ചെയ്യേണ്ടതുമുണ്ട്.ആവിഷ്കാരത്തി ൽ എഴുത്തുകാരനെന്ന വ്യക്തിയുടെ ദ്വന്ദ്വാവസ്ഥയെ കണിശതയോടെ ക്രമപ്പെടുത്തുകയും വേണം.അവതരിപ്പിക്കുന്നത് ഒരു പാശ്ചാത്യ എഴുത്തുകാരന്റെ ഭാവത്തെയാണെങ്കിൽ ശ്രമം കുറച്ചുകൂടി പ്രയാസകരമാണ്.പെരുമ്പടവം ദസ്തയേവിസ്കിയെ അവതരിപ്പിച്ചതു പ്രകാരം പഠനവും സുദീർഘമായ മനനവും ധ്യാനവുമൊക്കെ അതിനു വേണ്ടിവരും.എന്നാൽ,അവതരിപ്പിക് കുന്നത് ഒരു സാങ്കല്പിക പാശ്ചാത്യ എഴുത്തുകാരനെയാണെങ്കിലോ ശ്രമത്തിന്റെ തോത് ഇരട്ടിയാകാനാണ് സാധ്യത.കഠിനവുമാണ്.കാരണം ആ കഥാപാത്രത്തിന് അനേകം പാശ്ചാത്യ എഴുത്തുകാരുമായി സാമ്യപ്പെടേണ്ടിവരും അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിൽക്കുന്നൊരാൾ എന്ന പ്രതീതികൂടി സൃഷ്ടിച്ചെടുക്കേണ്ടതായും വരും.
അത്തരം കഥാപാത്ര സൃഷ്ടികൾ നിലവിൽ അധികമുണ്ടോ എന്നെനിക്കു തീർച്ചപോര.ഉണ്ടായിരിക്കാം. എന്റെ വായനയുടെ പ്രതലം ഏറെ വൈഡല്ലാഞ്ഞതിനാൽ അറിയാത്തതാവണം. ഭാവനാ സൃഷ്ടിയാണെന്ന ബോധ്യത്തോടെ പലരുമായും സാമ്യപ്പെടുന്ന ചില കഥാപാത്രങ്ങളെ ഓർത്തെടുക്കാം എന്നല്ലാതെ മറിച്ചൊന്ന് എന്റെ പരിമിതമായ ശ്രദ്ധയിൽ ഇന്നോളം പെട്ടിട്ടില്ല.അത്തരത്തിൽ എനിക്കറിയുന്ന കഥാപാത്രങ്ങൾ ഒന്നും തന്നെ എഴുത്തുകാരൻ എന്ന പരിവേഷമുള്ളവരും അല്ല.എന്നാൽ,’ഫ്രെഡറിക് എൾറിച്ച്’എന്നൊരു പ്രതിഭാധനനായ പാശ്ചാത്യ എഴുത്തുകാരനുണ്ട്. ആ എഴുത്തുകാരനേയും അയാളുടെ ‘മഞ്ഞ ഇലകൾക്കിടയിലും പൂക്കളുണ്ട്’ എന്ന പേരിൽ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ട ഒരു കഥയുമുണ്ട്.ഞാനതു വായിച്ചിട്ടുണ്ട്.അതിനാൽ എന്നെ സംബന്ധിച്ച് ആ എഴുത്തുകാരൻ ഒരു യാഥാർത്ഥ്യമാണ്.എന്നാൽ സത്യം അതല്ല. ആ എഴുത്തുകാരൻ മറ്റൊരു എഴുത്തുകാരന്റെ സൃഷ്ടിയാണ്. മറിച്ചൊരു അവസ്ഥയിലേയ്ക്കു ഞാൻ എത്തപ്പെട്ടതാണ്.കാരണം ശ്രീ.പ്രകാശ് മാരാഹിയുടെ ‘പരിഭാഷ’ എന്ന കഥ കുറേ നാളുമുമ്പ് ഒരാനുകാലികത്തിൽ വായിച്ചതിനു ശേഷമാണത്. ആ കഥ വന്നത് കലാകൗമുദിയിൽ 2017ൽ ആണെന്ന് രണ്ടു ദിവസം മുമ്പ് മാരാഹിയുടെ പുതിയ കഥാ സമാഹാരം ‘ചാമിസ്സോ'(ഡിസി ബുക്സ്)യിൽ ആ കഥ വീണ്ടും വായിക്കുമ്പോഴാണ് ഓർത്തെടുക്കാനായത്. എഴുത്തു വിദ്യയുടെ മാജിക് വല്ലാതെ പ്രകടമാകുന്ന ഒരു കഥയാണത്. ആ കഥ വായിച്ച ശേഷമാണ് ശ്രീ.മാരാഹിയുടെ കഥകൾ തുടർന്നും വായിക്കണമെന്ന തോന്നലുണ്ടായത്. അധികമൊന്നും പക്ഷെ,എങ്ങും കണ്ടെത്താനായില്ല.ശേഷം കാണുന്നത് ദീർഘനാളിനു ശേഷം സമകാലിക മലയാളം വാരികയിൽ സമാഹാരത്തിന്റെ റ്റൈറ്റിലായി വന്ന `ചാമിസ്സോ’ എന്ന കഥയാണ്. ‘പരിഭാഷ’ വായിച്ചു ലഭിച്ച മികവിന് ഒട്ടും കോട്ടം തട്ടാതെ കാക്കാൻ`ചാമിസ്സോ’ എന്ന കഥയിലൂടെയും മാരാഹിക്കു കഴിഞ്ഞു.പിന്നെയും കുറേ കാത്തിരിപ്പിനു ശേഷമാണ്`കടശ്ശിക്കളി’ എന്ന കഥ ശ്രദ്ധയിൽപ്പെട്ടത്.പച്ചക്കുതി രയിൽ അടുത്തകാലത്താണത്.ആദ്യം വായിച്ച രണ്ടു കഥകളിലും കണ്ട പശ്ചാത്തലമോ പരിസരമോ പരീക്ഷണമോ അല്ലാത്ത തീർത്തും സ്വതന്ത്രമായ മറ്റൊരു ആഖ്യാനമായിരുന്നു കടശ്ശിക്കളി. അതിനാൽ എന്റെ മുൻവിധിയോട് ഇണങ്ങുന്നതായിരുന്നില്ല ആ കഥ.വായനയിലൂടെ പരുവപ്പെടുത്തിയ ധാരണയെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും മറ്റൊരു നിലയിൽ മികച്ച കഥയായി അതും അനുഭവപ്പെട്ടു.വെറും മൂന്നു കഥകളിലൂടെ പകർന്നുകിട്ടിയ പ്രചോദനം ഉള്ളതിനാലാണ് അദ്ദേഹത്തിന്റെ പുതിയ സമാഹാരം ‘ചാമിസ്സോ’ വാങ്ങാനും വായിക്കാനും ആഗ്രഹിച്ചത്.ആ ആഗ്രഹം വെറുതെ ആയില്ല എന്നുമാത്രമല്ല നിലവിലെ വിപുലമായ,ആവർത്തന വിരസമോ,ഗൗരവശൂന്യമോ ഒക്കെയായ കഥാപരിസരത്തിലൂടെ സഞ്ചരിച്ച് സ്വാഭാവികമായി വന്നുഭവിച്ച ചെടിപ്പുകൾക്ക് കുറഞ്ഞ തോതിലെങ്കിലും പരിഹാരവുമായി.
പരിഭാഷയെന്ന ആ കഥയുടെ കണ്ടന്റൊക്കെ ഏറെക്കുറേ ഞാൻ മറന്നു പോയിരുന്നു.എന്നാൽ ഫ്രഡറിക് എൾറിച്ച് എന്ന എഴുത്തുകാരനേയും മഞ്ഞ ‘ഇലകൾക്കിടയിലും പൂക്കളുണ്ട്’എന്ന പേരിൽ മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്യപ്പെട്ട അയാളുടെ കഥയും അതേപടി മനസ്സിലുണ്ടായിരുന്നു.അതിനാൽ ഫ്രഡറിക് എൾറിച്ച് എന്ന എഴുത്തുകാരൻ എന്നെ സംബന്ധിച്ച് യാഥാർത്ഥ്യമാണ്.അയാളുടെ കഥയും യാഥാർത്ഥ്യമാണ്.പക്ഷെ,അതെന്റെ ശങ്കയാണ്.വാസ്തവം മറിച്ചാണ്.ആ എഴുത്തുകാരനും അയാളുടെ കഥയും മാരാഹിയുടെ സൃഷ്ടിയാണ്.എന്നിൽ വന്നുഭവിച്ച ശങ്ക എഴുത്തു വിജയത്തിന്റെ കാരണം മാത്രമാണ്. സേതുവിന്റെ അടയാളം എന്ന നോവലിലെ പ്രിയംവദ എന്ന കഥാപാത്രത്തിന്റെ ജീവിത സാഹചര്യവുമായി സാമ്യപ്പെട്ട് അതേപേരിലൊരാൾ ജീവിച്ചിരിപ്പുണ്ടെന്ന യാദൃച്ഛികത പോലുള്ള സംഗതികളെ കേൾക്കേണ്ടതായോ,ഓർക്കേണ്ടതായോ വരുമ്പോഴൊക്കെ ഫ്രെഡറിക് എൾറിച്ചിനേയും ഓർമ്മവരുന്നവിധം ആ ശങ്കയെന്നിൽ അടിയുറക്കുകയും ചെയ്തിരുന്നു.ഇതിനെ ഞാൻ ഒരു സൃഷ്ടിയിന്മേൽ എഴുത്തുകാരൻ അടയിരിക്കുന്നതിന്റെ മികവായി വിലയിരുത്തുന്നു.ചാമിസ്സോ സമാഹാരത്തിലെ കഥകളെ പറയാൻ തുടക്കം ഞാനിത്രയും നീട്ടിപ്പറഞ്ഞതെന്തെന്നാൽ പ്രത്യേകതരം ക്രാഫ്റ്റിൽ,വ്യത്യസ്തമായ വീക്ഷണകോണിൽ,തനതായ ഭാഷണ രീതിയിൽ ഒരു കൃതി ചിട്ടപ്പെടുത്താൻ അങ്ങനെയുള്ള എഴുത്തുകാർ അനുഭവിക്കുന്ന ക്ലേശത്തെ കാണിക്കാനും അത്തരം എഴുത്തുകാരിൽ നിന്നും അധികം സൃഷ്ടികളുണ്ടാകില്ല പകരം ഉള്ളതിൽ അത്യധികമായി പലതുമുണ്ടാകാനുള്ള സാധ്യതയേ ഉള്ളൂ എന്നു വ്യക്തമാക്കാനുമാണ്.
സമാഹാരത്തിലേയ്ക്കു വരാം.
പതിനഞ്ചു കഥകളാണ് സമാഹാരത്തിലുള്ളത്. 2011നുശേഷമു ള്ള നീണ്ട പതിനൊന്നു വർഷത്തെ ഇടവേളക്കിടയിൽ സംഭവിച്ച പതിനഞ്ചു കഥകൾ. അതിൽ തന്നെ നാലോ അഞ്ചോ കഥകൾ മൈക്രോലെവൽ സൃഷ്ടികളാണ്. പോയിട്ടുള്ള പത്തോ പതിനൊന്നോ കഥകളാണ് ഞാൻ മേൽ സൂചിപ്പിച്ച ആവിഷ്കാര വ്യഗ്രതയുടെ തലത്തിലുള്ളത്. അതിൽ ഒന്നുപോലും വൃഥാവിലായില്ല എന്നാണ് എന്റെ വായനാനുഭവം എന്നെ ബോധ്യപ്പെടുത്തിയത്. ‘ദൈവം തിരഞ്ഞെടുക്കാത്ത ഒരസംബന്ധ കഥ’യാണ് ആദ്യകഥ. കഥാപാത്ര കേന്ദ്രീകൃതമാണ് ശ്രീ.പ്രകാശ് മാരാഹിയുടെ അധികം കഥകളും. ഈ കഥയുമതേ. അയ്യൻകുട്ടി കാരണവർ ആണ് കേന്ദ്ര കഥാപാത്രം. ഒരു കുട്ടിയുടെ കൗതുക ജടിലവും ഭ്രമാത്മകവുമായ മാനസികാവസ്ഥയിലൂടെ കേന്ദ്രകഥാപാത്രത്തെ നോക്കിക്കാണുന്ന വിധമാണ് അവതരണം. ഒരു പ്രത്യേകതരം ഡിക്ഷനിലാണ് ഈ കഥയും പാകപ്പെടുത്തിയിരിക്കുന്നത്. ചി ത്രം വരയ്ക്കാനുള്ള സാമഗ്രികളുമായി കാട്ടിലേയ്ക്കു പോകുന്ന,അയാളെന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ വിചിത്ര ചെയ്തികളോടെയാണ് കഥ ആരംഭിക്കുന്നത്. കാട്ടിലെ ആവാസത്തിനിടെ ആകൃതിയിലും രൂപത്തിലും നിറങ്ങളിലും ഉടവുപറ്റിയ ജീവികളുടെ ഉടലിനെ നിറങ്ങൾ ചാലിച്ച് പഴേപടി ക്രമപ്പെടുത്തുന്നതിനാണ് അയാൾ കാട്ടിലെത്തുന്നത്.അത്തരത്തിൽ ആകൃതിതോറ്റ ജീവികളെല്ലാം അയാളെ കാത്തു നിൽക്കുകയാണ്.അയാൾ ഇവിടെ ചിത്രകാരന്റെ വേഷത്തിലെത്തി പരിക്കേറ്റ ജീവികളെ ചികിത്സിക്കുകയല്ല ചെയ്യുന്നത്. പകരം എല്ലാ പരിക്കുകളേയും നിറങ്ങൾകൊണ്ട് പുനഃക്രമീകരിച്ച് മറയ്ക്കുകയാണ്. അവിടേയ്ക്കാണ് മറ്റൊരു കഥാപാത്രമായി കുട്ടി എത്തുന്നത്. കുട്ടിയുടെ വീക്ഷണ കോണിലൂടെയാണ് തുടർന്ന് കഥ വികസിക്കുന്നത്. സാമൂഹികവും ജീവിത സംബന്ധവുമായ അബദ്ധജടില അനുഭവങ്ങളേയും ധാരണകളേയും അതുവഴി പ്രകടമാക്കാനാകാത്ത വിധം പരിക്കേൽക്കുന്ന മാനസികാവസ്ഥയേയും വെറും നിറങ്ങളാൽ അതെല്ലാം മൂടിവെയ്ക്കേണ്ടിവരുന്ന പുറംമോടി കാപട്യങ്ങളേയും അത്രമേൽ ഭംഗിയോടും കൈയടക്കത്തോടുമാണ് കഥാകൃത്ത് ഈ കഥയിൽ വരഞ്ഞുവെയ്ക്കുന്നത്.
സാമൂഹികമോ രാഷ്ട്രീയമോ ജാതീയമോ ആയ ആശയങ്ങൾ പങ്കുവെയ്ക്കാൻ പ്രത്യക്ഷ ഭാഷ ഉപയോഗിക്കുന്ന കഥകളല്ല സമാഹാരത്തിൽ അധികവും. എന്നാൽ സൂക്ഷ്മമായി അതെല്ലാം ഒട്ടുമുക്കാൽ കഥകളിലും പ്രവർത്തിക്കുന്നുമുണ്ട്. ജാതി രാഷ്ട്രീയത്തിന്റെയും ഭരണകൂട ഭീകരതയുടേയും തലത്തെ അല്പമൊന്ന് പ്രത്യക്ഷമാക്കി അവതരിപ്പിക്കുന്ന സമാഹാരത്തിലെ ഏക കഥയാണ് അരശ്. ആ കഥയും കഥാപാത്ര കേന്ദ്രീകൃതമായ തലത്തിൽ ഊന്നിയുള്ളതു തന്നെ.അംശികൻ എന്ന ധിക്കാര മാനറിസത്തെ അതിശക്തമായൊരു തലത്തിലേക്കുയർത്തിയാണ് കഥ അതിന്റെ കർത്തവ്യം നിർവഹിക്കുന്നത്. വ്യത്യസ്തമായി കഥ പറയാനുള്ള മിടുക്ക് ഈ ആവിഷ്കാരത്തിലും കാണാം.ശ്രദ്ധേയമായി തോന്നിയ മറ്റൊരു കഥ ‘വിരാട്’ആണ്. കഥാപാത്രത്തെ കേന്ദ്രമാക്കിത്തന്നെയാണ് ഈ കഥയും അതിന്റെ ലക്ഷ്യം നിറവേറ്റുന്നത്. ഒന്നിനു പകരം രണ്ടുപേർക്ക് പ്രമേയ പരിസരം വീതംവെച്ചു നൽകി ഇരുവരേയും സഹോദരങ്ങളുടെ പട്ടികയിലുൾപ്പെടുത്തി പേരുകൾകൊണ്ട്(കറുത്ത നാരായണൻ,വെളുത്ത നാരായണൻ)സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവുമായ വശങ്ങളിലെ പൊള്ളത്തരങ്ങളെ, വ്യംഗ്യപ്പെടുത്തി മുന്നോട്ടു പോകുന്ന കഥയാണ് വിരാട്. സഹൃദയരല്ലാത്ത,നിറത്തിന് റെ നിലവാരത്തിൽ അടിയുറച്ചുപോയ മാതാപിതാക്കളുടെ മനസ്സിലിരിപ്പാണ് ഇരു കഥാപാത്രങ്ങളെന്നതും ശ്രദ്ധിക്കേണ്ടതാണ്.മറ്റ് കഥകളിൽ നിന്നും വ്യത്യസ്തമായി ആഖ്യാതാവുകൂടി ഈ കഥയിൽ കേന്ദ്ര കഥാപാത്രങ്ങളുമായി ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.അതു വെറുതേയൊരു ഇണക്കിച്ചേർക്കലല്ലെന്ന് കഥയുടെ കതലായതലം നമ്മെ ബോധ്യപ്പടുത്തുന്നുമുണ്ട്. ശ്രദ് ധേയമായ കഥകളിൽ മറ്റൊന്ന് ചാമിസ്സോ ആണ്. പ്രത്യേകതരം ഭാവനാലോകവും വിചിത്ര ജീവിതവും നയിച്ചിരുന്ന ഫ്രഞ്ച് എഴുത്തുകാരൻ അഡൽബെർട്ട് ബോൺ ചാമിസ്സോയുടെ ജീവിതത്തേയും എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി മാറ്റിയ അദ്ദേഹത്തിന്റെ ‘പീറ്റർ ഷ്ളെമിലിന്റെ അത്ഭുത കഥ’എന്ന നോവലിലെ വിചിത്ര ആശയത്തെയും മുൻനിർത്തി എഴുതിയ കഥയാണ് ചാമിസ്സോ.സ്വത്വമെന്ന ആശയം മറ്റെന്തിനേക്കാളും മൂല്യമുള്ളതായി നിഴലിനെ രൂപകമാക്കി വ്യക്തമാക്കാൻ ശ്രമിച്ച ചാമിസ്സോയുടെ നോവലിനെ മറ്റൊരു മട്ടിൽ പുനരാവിഷ്കരിക്കാനാണ് ഈ കഥയിലൂടെ പ്രകാശ് മാരാഹി ശ്രമിച്ചത്.തികഞ്ഞ പാകതയോടെ, പുതുമയോടെയും അതു നിർവഹിക്കാനും കഥാകൃത്തിനു കഴിഞ്ഞിരിക്കുന്നു.ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ‘ചാമിസ്സോ’.
Comments are closed.