ആണ്കഴുതകളുടെ XANADU
ജിംഷാര്‍ പറയുമ്പോഴും, കൂടെ കൂടെ ഓര്‍മ്മിപ്പിക്കുമ്പോഴുമൊന്നും എനിക്ക് വായിക്കാന്‍ പറ്റാതെ പോയ പുസ്തകമാണ് ആണ്കഴുതകളുടെ XANADU. ഇന്നലത്തോടെ ആ വായന പൂര്‍ത്തീകരിച്ചു. അയാളിലൊരു നല്ല തിരക്കഥാകൃത്തുണ്ട്. ഇന്ദു മേനോന്‍ പറഞ്ഞതു പോലെ, തിരക്കഥപോലെ സുതാര്യമായ അത്തരം ചില കഥകളാണ് ആണ്‍കഴുതകളുടെ XANADU എന്ന് അതുകൊണ്ടൊക്കെ തന്നെ ധൈര്യപൂര്‍വ്വം പറയുകയും ചെയ്യാം.
സ്വന്തം കാമുകിയെ ബലാല്‍സംഗം ചെയ്തവനായ പ്രളയകാലത്തിലെ നൂഹുമാറിനെ വായിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ജിംഷാറിന് ഞാനൊരു വോയ്‌സ്നോട്ടയച്ചത്. എന്ത്കൊണ്ടാണ് ഖുറാന്‍ കഥകളെ അധികരിച്ചു കഥകള്‍ വരുന്നത്. അതൊരു ബോധപൂര്‍വമായ ശ്രമമായിരുന്നോ എന്നായിരുന്നു ചോദ്യം. അയാളുടെ എല്ലാ കഥകളിലും അത്തരമൊരു ശ്രമം ഉണ്ടായിരുന്നു എന്നതായിരുന്നു വാസ്തവം. അതിനയാള്‍ക്ക് കൃത്യമായ ഉത്തരവുമുണ്ട്.
‘മുസ്ലിം മതവിശ്വാസികളെ അപരവല്‍ക്കരിച്ചു അവരെ ക്രൂരന്മാരാക്കി മുദ്രകുത്തുന്ന/അവതരിപ്പിക്കുന്ന പരിസരത്ത് അതല്ലാത്ത ട്രീറ്റ്മെന്റ്’ ആണ് അയാള്‍ നടത്തുന്നതെന്നത് തന്നെ. ഇസ്ലാമിക് മിത്തോളജിയിലെ ഫിക്ഷണല്‍ സാധ്യതയും ഫാന്റസിയും വെച്ചാണ് അയാള്‍ കഥകള്‍ പറയുന്നത്. ഇനിയിപ്പോള്‍ 1926 ല്‍ ലാഹോറില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഭഗത് സിങ് അറസ്റ്റ് ചെയ്യപ്പെട്ടതും 1928 ല്‍ ലാലാ ലജ്പത് റായ് വധിക്കപ്പെട്ടതും, സ്വാതന്ത്ര്യ സമരവുമെല്ലാം കഥകളില്‍ വന്നു പോകുന്നതോ? അതും വെറുതെയല്ല. നീണ്ട നാളത്തെ അറിവും വായനയും വീക്ഷണവും തന്നെ വേണ്ടതായുണ്ട് അതിന് പുറകില്‍.
മൂന്നുദിവസംകൊണ്ട് എഴുതാവുന്ന ജീവിതം , ഒട്ടും സ്‌കോപ്പിലാത്ത പ്രണയകഥ, Chat with ടാബു ഹീറോയിന്‍ – അയാള്‍ എഴുതി തകര്‍ക്കുകയാണ് എന്ന് വേണം പറയാന്‍. വെറുതെ അങ് കഥ പറയുകയല്ല പകരം വായനക്കാരെ ഇന്ത്യയുടെ രാഷ്ട്രീയ സംഭവങ്ങളിലേക്ക് കൂടി കൊണ്ട് പോവേണ്ടതായുണ്ടയാള്‍ക്ക്. കൂട്ടത്തില്‍ ഏറ്റവും വ്യക്തിപരമായി താല്പര്യം തോന്നിയത് തീര്‍ച്ചയായും ഈഡിപ്പല്‍ രതിയുടേയും പാപബോധത്തിന്റെയും പുതിയ അനുഭവങ്ങള്‍ പകര്‍ന്ന ആണ്കഴുതകളുടെ XANADU തന്നെയാണ്. എന്തെന്നാല്‍ ആ ‘അറപ്പുകളുടെ ലോകത്തെ’ ഞാന്‍ അറിയുന്നു ജിംഷാര്‍.
Comments are closed.