DCBOOKS
Malayalam News Literature Website

അസാധാരണമായൊരു ട്രാജഡിയാണ് ടിപ്പുവിന്റെ ജീവിതം!

കേരളചരിത്രഗതിയെ മാറ്റിത്തീര്‍ത്ത ചരിത്രപുരുഷനായ ടിപ്പു സുല്‍ത്താന് ഇന്ന് 271-ാം ജന്മദിനം

പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള ജീവചരിത്രമാണ് പി.കെ.ബാലകൃഷ്ണന്‍ രചിച്ചിരിക്കുന്ന ടിപ്പു സുല്‍ത്താന്‍. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി.കെ.ബാലകൃഷ്ണന്റെ തനതുശൈലി ഈ കൃതിയെയും അതുല്യമാക്കുന്നു. ടിപ്പുവിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരിത്രപരമായ മൂല്യം അവതരിപ്പിക്കുകയാണ് ഈ ജീവചരിത്രപഠനം. കേരളചരിത്രഗതിയെ മാറ്റിത്തീര്‍ത്ത ടിപ്പു സുല്‍ത്താന്‍ എന്ന   വീരപുരുഷനെക്കുറിച്ചുള്ള ഈ ജീവചരിത്രകൃതിയുടെ പുതിയ പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃതിയുടെ ആമുഖത്തില്‍ പി.കെ.ബാലകൃഷ്ണന്‍ കുറിക്കുന്നു

“അസാധാരണമായൊരു ട്രാജഡിയാണ് ടിപ്പുവിന്റെ ജീവിതം. വസ്തുതകളുമായി പരിചയപ്പെടുന്ന ആരെയും അതിന്റെ ദുഃഖകരമായ നാടകീയത ആകര്‍ഷിക്കും. ഈ നാടകീയതയും നിറപ്പകിട്ടും ടിപ്പു സുല്‍ത്താനെപ്പറ്റി നാടകങ്ങളും നോവലുകളും പല ഭാഷകളിലുമായി സുഭിക്ഷമായുണ്ടാക്കി; വസ്തുതകളോടു സത്യസന്ധത പുലര്‍ത്തുന്ന ചരിത്രകൃതികള്‍ ഇല്ലാതാവുകയും ചെയ്തു. ചരിത്രത്തിന്റെ നാടകീയമായ വശ്യത അവേശപൂര്‍വ്വം ഈ ഗ്രന്ഥമെഴുതിത്തീര്‍ക്കാന്‍ എന്നെ സഹായിച്ചു. പക്ഷെ നികൃഷ്ടവും സത്യസന്ധവുമായ ചരിത്രവസ്തുതകളിന്മേല്‍ മാത്രമാണ് ഈ ഗ്രന്ഥം നിലനില്‍ക്കുന്നത്.

എന്തുകൊണ്ട് ടിപ്പുവിനെക്കുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങള്‍ വിരളവും വികൃതവുമായി എന്നത് നമ്മുടെ ദേശീയബോധവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു പ്രശ്‌നമാണെന്നെനിക്ക് തോന്നുന്നു. പ്രചാരത്തിലുള്ള ദേശീയബോധത്തിന്റെ നേരെ ടിപ്പുവിന്റെ ചരിത്രം ഉന്നയിക്കുന്ന ചോദ്യം വല്ലാത്തതാണ്.

കേരളവര്‍മ്മ പഴശ്ശിരാജ-നാം ഏറ്റിക്കൊണ്ടു നടക്കുന്ന ദേശീയ പൗരുഷ പ്രതീകം; ബ്രിട്ടീഷുകാരാല്‍ എതിര്‍ക്കപ്പെട്ടു തകര്‍ന്ന മഹാരാഷ്ട്ര ശക്തിയും അധൃഷ്യമായ ഭാരതീയ ദേശാഭിമാനദുര്‍ഗ്ഗം തന്നെ.സ ഈ രണ്ടഭിമാനങ്ങളും നമ്മുടെ ദേശീയബോധങ്ങളില്‍ രണ്ടറ്റങ്ങളില്‍ -ഒന്ന് അഖിലഭാരതപരം, മറ്റേത് പ്രാദേശികം. ഈ രണ്ടറ്റങ്ങളിലും ടിപ്പുവിന് നില്ക്കാന്‍ ആരും ഇടം നല്‍കിയില്ല. ആ ദേശാഭിമാനത്തിന്റെ അയിത്താചരണം പരിഹാസ്യമാണ്- അതും ഇംഗ്ലീഷുകാരോട് ടിപ്പുവിന്റെ സന്ധിയില്ലാത്ത ശത്രുതയെപ്പറ്റി ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ഒരേ സ്വരത്തില്‍കൂടി എഴുതുകയും കൂടിയാവുമ്പോള്‍ നമ്മുടെ ദേശാഭിമാനത്തിന്റെ വൃത്തികെട്ട ഒരുവശം സ്വയംപ്രകാശിതമാകുന്നു.

ഈ വൈരുദ്ധ്യത്തില്‍ ഒളിച്ചുകിടപ്പുള്ള സത്യം, നമ്മുടെ ദേശാഭിമാനത്തിനു ദഹിക്കാത്ത ഒരു ദുര്‍ഘടവസ്തുതയാണ് മുസ്‌ലിം ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്നതത്രെ…”

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.