ഉന്മാദികളോടൊത്തൊരു യാത്ര…
ജാക്ക് കെറ്വോക്കിന്റെ ‘ഉന്മാദിയുടെ യാത്ര’ എന്ന നോവലിന് അതുല്‍ സി എഴുതിയ വായനാനുഭവം.
ലോകത്തിലെ ഏറ്റവും മികച്ച നോവലുകളുടെ ലിസ്റ്റിലെല്ലാം സ്ഥിരം ഇടം പിടിക്കുന്ന,ഒരു തലമുറയുടെ ആവേശമായി മാറിയ ക്ലാസിക്ക് കൃതിയാണ് ഓൺ ദി റോഡ്/ഉന്മാദിയുടെ യാത്ര. അൻപതുകളിലെ അമേരിക്കൻ യുവതയുടെ പ്രതീകങ്ങളായ സാൽ പാരഡൈസും ഡീൻ മോറിയാർട്ടിയും നടത്തുന്ന യാത്രകളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവലാണിത്. ഒരു യാത്രാവിവരണം വായിക്കുന്ന പോലിരുന്ന് വായിക്കാം എന്ന് തോന്നുന്നുവെങ്കിലൊരു പക്ഷെ നിരാശ തോന്നാനാണു സാധ്യത. ബീറ്റ് തരംഗവും കൗണ്ടർ കൾച്ചറും അലയടിച്ചൊരു കാലത്തിന്റെ അടയാളപ്പെടുത്തലായോ അതിനു തിരി കൊളുത്തിയ കൃതി ആയോ എല്ലാം കണക്കാക്കാവുന്നൊരു നോവലാണിത്.
മലയാളം വിവർത്തനത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, ഉന്മാദത്തിന്റെയൊരു യാത്രയാണീ നോവൽ നമുക്ക് വാഗ്ദാനം ചെയ്യുന്നത്. ജാസ്സും, സെക്സും, ലഹരിയും നുരയുന്ന പേജുകളാണീ നോവലിന്റേതെന്ന് പറഞ്ഞാലും തെറ്റാകില്ല. നോവലിന്റെ ആത്മാവ് ചോർത്തി കളയാതെ, ആഴത്തിൽ അലിഞ്ഞ് ചേർന്ന് കിടക്കുന്ന അമേരിക്കൻ സാംസ്കാരിക ചിഹ്നങ്ങളെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള വിവർത്തനം പ്രശംസ അർഹിക്കുന്നതാണ് . നോവലിന്റെ തുടക്കത്തിൽ യാത്രയുടെ Map കൊടുത്തിടത്ത് തന്നെ ആ ശ്രദ്ധ വ്യക്തമാണ് (ഇംഗ്ലീഷ് വേർഷനിൽ Map കണ്ടില്ല). അത്തരം ചില കരുതലുകൾ കൊണ്ടു തന്നെയാണ്, അമ്പതുകളിലെ അമേരിക്കയെ കുറിച്ചോ, അമേരിക്കൻ ഗ്യോഗ്രഫിയെ കുറിച്ചൊ അത്ര ധാരണ ഇല്ലാത്തൊരാളാണ് നിങ്ങളെങ്കിൽ ഇംഗ്ലീഷ് വേർഷനും മുകളിൽ മലയാളം വിവർത്തനം പ്രഫർ ചെയ്യുന്നതാവും ഉചിതമെന്നു പറയാൻ പ്രേരിപ്പിക്കുന്നതും.
ഒരു കാലഘട്ടത്തെ അപ്പാടെ സ്വാധീനിച്ച, ഒരു തലമുറയുടെ ത്രസിപ്പിക്കുന്ന ഉന്മാദങ്ങളുടെ നേർക്കാഴ്ചയായ ഉജ്ജ്വലമായൊരു സാഹിത്യ സൃഷ്ടിയാണ് ഓൺ ദി റോഡ്. അതിന്റെ രാഷ്ട്രീയത്തോട് യോജിക്കാം,വിയോജിക്കാം പക്ഷെ സാഹിത്യ ഗുണത്തിൽ അത്തരമൊരു ബൈനറിക്ക് സാധുത ഇല്ലെന്നതാണ് സത്യം.
Comments are closed.