DCBOOKS
Malayalam News Literature Website

ആകാംക്ഷയുടെ പച്ചബട്ടൺ!

പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന പുസ്തകത്തിന്  സന്ധ്യ. എൻ.പി എഴുതിയ വായനാനുഭവം   

ഇല്ലാത്തൊരു നോവൽ വായിച്ച് ഇല്ലായ്മയുടെ ഉണ്മ അനുഭവിച്ച് , ഹമ്മേ, ഒരു കൊടും ക്രൂരസ്വപ്നത്തിൽ നിന്നുണർന്നു രക്ഷപ്പെട്ടു എന്ന ഫീലോടു കൂടി ഇരിക്കയാണിപ്പോൾ. കടലാഴത്തിന്റെ അജ്ഞാത ഗന്ധം ഗർഭപാത്രത്തിന്റെ മണമാണെന്നു പറഞ്ഞ കടലിന്റെ മണം ഹൈ സ്പീഡ് തീവണ്ടി പോലെ വായിച്ചു തീർത്ത് ഒന്ന് നിശ്വസിച്ചിരിക്കയാണ് ഞാൻ. ഈ അടുത്ത കാലത്തൊന്നും ഇത്ര മുങ്ങിയാഴ്ന്ന് ഒരു നോവൽ വായിച്ചിട്ടില്ല. ചുമരിനുള്ളിലെ കറണ്ട് Textവയറിനുള്ളിലൂടെ മറ്റനേകം കറണ്ടു വയറുകൾ കടന്നുപോകും പോലെ മനസ്സിനുള്ളിലൂടെ മനസ്സുകൾ കടന്നുപോകുന്ന കറണ്ട് പ്രവഹിക്കുന്ന ആഖ്യാന ശൈലിയാണ് നോവലിനുള്ളത്. റാഷമോൺ സിനിമയുടെ ആഖ്യാന രീതി പരീക്ഷിക്കപ്പെടുന്ന ആദ്യ മലയാള നോവലാണെന്നു തോന്നുന്നു പി.എഫ് മാത്യൂസിന്റെ കടലിന്റെ മണം.

നോവലവസാനം പക്ഷേ ഈ ആഖ്യാന രീതി കുമ്മായമിളകി ചുമരിനു മുകളിൽ ചുവപ്പും നീലയും കറണ്ട് വയറ് അവിടവിടെ പ്രത്യക്ഷമാകും പോലെ വെളിപ്പെട്ടു പോകുന്നുണ്ട്. വയറുകൾ തമ്മിൽ കൂടിപ്പിണഞ്ഞ് കുറച്ച് സങ്കീർണ്ണമായിപ്പോകയും ചെയ്തിട്ടുണ്ട് നോവലിന്റെ അന്ത്യ ഭാഗങ്ങൾ . അതൊന്നും പക്ഷേ വായനയെ തടസ്സപ്പെടുത്തുന്നില്ല. സിനിമാറ്റിക് ആയ എഴുത്ത് , രംഗത്തിന്റെ കടുംദൃശ്യങ്ങൾ വായനക്കാരന്റെ ഉള്ളിൽ വരച്ചിടുന്നുണ്ട് എഴുത്തുകാരൻ. നോവൽ തുടങ്ങുമ്പോഴുള്ള മൊബൈലിന്റെ ചുവപ്പ്, പച്ച ബട്ടൺ വായക്കാരന്റെ ആകാംക്ഷയുടെ ബട്ടണാണ്.
സച്ചിദാനന്ദൻ എന്ന അമ്പത്തിമൂന്നുകാരൻ സർക്കാർ ഉദ്യോഗസ്ഥൻ തനിക്കു വന്ന മിസ്സ്ഡ് കോൾ പച്ച ബട്ടണിലമർത്തി കോൾ സ്വീകരിക്കുന്നിടത്ത് വായനക്കാരന്റെ ആകാംക്ഷ എന്ന ബട്ടൺ ഓണായി കഥയ്ക്കു പിന്നാലെ വായനക്കാരൻ നിർത്താതെ ഓട്ടം തുടങ്ങുന്നു. (വായനയ്ക്കിടയിൽ സമൂഹം ഏറ്റവും നികൃഷ്ടമായി കാണുന്ന ലൈംഗികതൊഴിൽ ചെയ്യുന്ന സഫിയ എന്ന കഥാപാത്രത്തോടോ അവളുടെ തൊഴിലിനോടോ യാതൊരു ജുഗുപ്സയും തോന്നുന്നില്ലെന്നു മാത്രമല്ല സഫിയയെ, അവളുടെ ചിരിയെ നമ്മളറിയാതെ സ്നേഹിച്ചു പോവുകയും ചെയ്യുന്നുണ്ട് , വായനക്കാരന്റെ ഉള്ളിനെ ,സഹജീവിയെ മനസ്സിലാക്കാനും ചേർത്തുപിടിക്കാനും പരുവപ്പെടുത്തുന്ന ഒരു മാജിക് എഴുത്തുകാരൻ ഉപയോഗിച്ചിട്ടുണ്ട് ).
അതേ സച്ചിദാനന്ദൻ കോൾ സ്വീകരിക്കാതെ ചുവന്ന ബട്ടൺ ഞെക്കി കഥ അവസാനിപ്പിക്കുന്നു , ആകാംക്ഷയുടെ പച്ച ലൈറ്റ് അണയുന്നു ,കഥ തീരുന്നു. പുസ്തകം കൈയിലെടുത്ത ഞാൻ വായിച്ചു കഴിഞ്ഞു മാത്രം അതിനെ താഴെ വയ്ക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.