പേറ്റിച്ചി ജാനു ; പി. എ. നാസിമുദ്ദീന് എഴുതിയ കവിത
ഗ്രാമീണതയിൽ നിന്ന് ഗ്രാമീണതയിലേക്കുതന്നെ പുറപ്പെട്ടുപോകുന്ന എട്ട് ജീവിതക്കാഴ്ചകളാണ് പി. എ. നാസിമുദ്ദീന്റെ ‘കേരളാ പോര്‍ട്രേറ്റുകള്‍’. നാസിമുദ്ദീന്റെ ആ കവിതക്കാഴ്ചകൾക്ക് കവികൂടിയായ ചിത്രകാരൻ സുധീഷ് കോട്ടേമ്പ്രം 8 ചിത്രങ്ങളും വരച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്
ചായക്കാരന് ശങ്കുരു (കേരളാ പോര്‍ട്രേറ്റുകള്‍, ആറ് കവിതകളില്‍ നിന്നും)
വര: സുധീഷ് കോട്ടേമ്പ്രം
മുറ്റത്തെ ചെമ്മണ്ണിലിരുന്ന്
ഓല മെടയുമ്പോഴും
പേറ്റിച്ചി ജാനുവിന്
ഉള്ളം നിറയെ കുളിര്
ഗ്രാമത്തിലെ പണക്കാരും
പേരെടുത്ത
പാട്ടുകാരും
ആട്ടക്കാരും
ഓട്ടക്കാരും
സിനിമക്കാരും
ഭൂമിയിലേക്ക്വന്നത്
കറുത്തുതഴമ്പിച്ച
ഈ കൈകളിലൂടെ..
സൂപ്പര്‍ സ്പെഷ്യാലിറ്റി
ആതുരാലയങ്ങള്‍
അവളുടെ
അന്നം മുട്ടിച്ചെങ്കിലും
മുലപ്പാലും
വാല്സല്യവും
പുരണ്ട ആ കൈകള്‍
ഇപ്പോള്‍
ഇത്തിരി കഞ്ഞിക്കായി
തെങ്ങോലകള്‍
കീറുന്നു
കൈതോലകള്‍
പോറുന്നു
യൗവ്വനത്തില്‍
ഓരോ കുഞ്ഞിന്റെയും
പിറവിക്ക്
സാക്ഷിയായെങ്കിലും
അവള്‍ക്ക് സ്വന്തമായി
ഒരു കുഞ്ഞിക്കാല്
കാണാനായില്ല
പേറെടുത്തു
മൂന്ന് ചേച്ചിമാരെയും
കെട്ടിച്ചയച്ചപ്പോള്‍
അവളുടെ മംഗല്യം
എല്ലാരും മറന്നു
ഒടുക്കം
ധര്മാശുപത്രിയില്
ആരോ ഉപേക്ഷിച്ചു പോയ
ചോരക്കുഞ്ഞിനെ
ഏറ്റെടുത്ത്
മാറില്‍ കിടത്തി
മുലക്കണ്ണ്
വായില്‍ പകരുമ്പോള്‍
താനും ഒരു
അമ്മയായല്ലോ എന്ന്
അവള്‍ക്കുള്ളില്‍
പറയാനാകാത്ത
കുളിര്
നഗരത്തില്‍
വണ്ടി ഓടിക്കുന്ന അവന്
അമ്മയെ തനിക്കൊപ്പം
ഇരുത്തി
സിനിമ കാണിക്കാന്‍
കൊണ്ടുപോകുമ്പോള്‍
പിന്നെയും പിന്നെയും
തീരാത്ത കുളിര്
നവംബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്.
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്
Comments are closed.