DCBOOKS
Malayalam News Literature Website

ദല്‍ഹി, എം. മുകുന്ദന്റെ രണ്ടാം ദേശം

എം. മുകുന്ദന്റെ രണ്ടാം ദേശമാണ് ദല്‍ഹി. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ആദ്യദേശത്തിന്റെ കഥ പറഞ്ഞ് മലയാള സാഹിത്യചരിത്രത്തില്‍ ചിരപ്രതിഷ്ഠനേടിയ അദ്ദേഹം രണ്ടാം ദേശത്തിന്റെ കഥ പറഞ്ഞ് പുതിയൊരു ഇതിഹാസം സൃഷ്ടിക്കുകയായിരുന്നു ദല്‍ഹി ഗാഥകളിലൂടെ. ഇപ്പോള്‍ ഇതാ അദ്ദേഹത്തിലൂടെ ദല്‍ഹിഗാഥകളിലൂടെ ജെ.സി.ബി. സാഹിത്യ പുരസ്‌കാരം മൂന്നാം വട്ടവും മലയാളത്തിന്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എം മുകുന്ദന്റെ ദല്‍ഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ   ‘Delhi: A Soliloquy’ ക്കാണ് പുരസ്‌കാരം. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയത് വെസ്റ്റ്‌ലാന്‍ഡ് പബ്ലിഷേഴ്‌സാണ്.

ആധുനിക ഇന്ത്യയുടെ സംഭവഗതികള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച ദല്‍ഹിയിലെ സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ചരിത്രത്തിന്റെ ഇടപെടലുകള്‍ ആവിഷ്‌കരിക്കുന്ന ഈ നോവലിന്റെ ആദ്യപതിപ്പ് പല പുതുമകളോടെയും ഡി സി ബുക്‌സ് വായനക്കാരുടെ കൈകളിലെത്തിച്ചിരുന്നു. കഥാകാലമായ 1960 കള്‍ മുതലുള്ള മലയാള മനോരമ ദിനപത്രത്തിന്റെ മുന്‍പേജുകള്‍കൊണ്ടു തീര്‍ത്ത വ്യത്യസ്തങ്ങളായ കവറുകളായിരുന്നു ഒരു പ്രത്യേകത. ബാത്തിക്കിലും മോണാക്രോമാറ്റിക് സെപിയയിലും മണലിലും തീര്‍ത്ത പാര്‍ലമെന്റ് ഹൗസിന്റെ ചിത്രങ്ങള്‍ ഒട്ടിച്ചുചേര്‍ത്ത കവറുകളായിരുന്നു മറ്റൊരു പ്രത്യേകത. പതിനായിരം കോപ്പികള്‍ അച്ചടിച്ച ആദ്യപതിപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റുതീര്‍ന്നു. ഏറെ വായനക്കാരെ ആകര്‍ഷിച്ചുകൊണ്ട് ഇതിന് പുതിയ പതിപ്പുകള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം

Textസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അയാളുടെ മുഴുവന്‍ പേര് മാടപ്പറമ്പ് സഹദേവന്‍ നമ്പ്യാര്‍ എന്നായിരുന്നു. ദല്‍ഹിയിലേക്കു പുറപ്പെടുന്നതിനു തൊട്ടു മുമ്പ് അയാള്‍ പത്രത്തില്‍ പരസ്യം കൊടുത്ത് തന്റെ പേര് എം. സഹദേവന്‍ എന്ന് ചുരുക്കി. അപ്പോള്‍ ഒരു പല്ലുവേദനയില്‍നിന്നു തനിക്ക് പൊടുന്നനേ മോചനം കിട്ടിയതുപോലെ അയാള്‍ക്കു തോന്നി. ദല്‍ഹിയിലെ അയാളുടെ റേഷന്‍ കാര്‍ഡില്‍ ഈ പുതിയ പേരാണുള്ളത്. എം.സഹദേവന്‍.

അമ്പതുകളിലും മറ്റും ദല്‍ഹിയില്‍ വന്നുചേര്‍ന്ന മലയാളികള്‍ ദാരിദ്ര്യം അറിഞ്ഞവരായിരുന്നു. അക്കാലത്ത് തലസ്ഥാനനഗരിയില്‍ താമസിച്ചിരുന്ന വി.കെ. കൃഷ്ണമേനോനെയും സര്‍ദാര്‍ കെ.എം. പണിക്കരെയും കെ.പി.എസ്. മേനോനെയുംപോലെ പ്രശസ്തരും അധികാരസ്ഥാനത്തിരിക്കുന്നവരുമായ മലയാളികള്‍ സ്വാഭാവികമായും ദാരിദ്ര്യം തൊട്ടറിഞ്ഞവരല്ല. പക്ഷേ, ശ്രീധരനുണ്ണിയും സഹദേവനുമെല്ലാം പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ച് ജീവിച്ച് ദല്‍ഹി നിവാസികളായവരാണ്. അവരുടെ ജീവിതകഥ പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഇല്ലായ്മയെയും ദുരിതങ്ങളെയും കുറിച്ചാണ്.

നാട്ടിലായിരുന്നപ്പോള്‍ സഹദേവന്റെ മനസിലെ ദല്‍ഹിചിത്രങ്ങളില്‍ നിറഞ്ഞുനിന്നത് ഷെര്‍വാണിയുടെ കുടുക്കിന്റെ തുളയില്‍ പനനീര്‍പൂ വച്ച വെള്ളക്കാരനെപോലുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവായരുന്നു. തീന്‍മൂര്‍ത്തിയിലെ പൂന്തോട്ടങ്ങളില്‍ അച്ഛന്റെ കൈപിടിച്ചു നില്ക്കുന്ന ഇന്ദിരയും ആ കാഴ്ചയുടെ ഭാഗമായിരുന്നു. കൊളോണിയല്‍ കാലത്തു നിര്‍മ്മിച്ച ഗാംഭീര്യമുള്ള എടുപ്പുകള്‍. തിളങ്ങുന്ന കാറുകള്‍ ഒഴുകിപ്പോകുന്ന വിശാലമായ രാജവീഥികള്‍. കോട്ടും സൂട്ടും ധരിച്ച പരിഷ്‌കാരികള്‍ നടന്നുപോകുന്ന വൃത്താകൃതിയിലുള്ള കൊണ്ണാട്ട് പ്ലെയിസ്… ഇതൊക്കയായിരുന്നു സഹദേവന്റെ മനസ്സിലെ ദല്‍ഹിക്കാഴ്ചകള്‍.

ദല്‍ഹിയില്‍ എത്തിക്കിട്ടിയാല്‍ തന്റെ ദുരിതങ്ങള്‍ അവസാനിക്കുമെന്ന് സഹദേവന്‍ പ്രതീക്ഷിച്ചു. രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ സൂര്യന്‍ ആദ്യം ഉദിച്ചത് ദല്‍ഹിയിലാണല്ലോ. ദേശീയപതാക ആദ്യമായി ഉയര്‍ന്നത് അവിടെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ സമ്പന്നതയിലേക്കും സുഭിക്ഷതയിലേക്കുമുള്ള യാത്ര ആരംഭിക്കുന്നത് ദല്‍ഹിയില്‍വച്ചാണ്. അയാള്‍ വിചാരിച്ചു. അതുകൊണ്ട് യുവാവെന്ന നിലയില്‍ നീ ജീവിതം തുടങ്ങേണ്ടത് ദല്‍ഹിയില്‍ വച്ചു തന്നെയാണ്. അവിടെ എല്ലാവര്‍ക്കും ജോലിയുണ്ടാകും. സൗകര്യമുള്ള പാര്‍പ്പിടങ്ങളുണ്ടാകും. വൃത്തിയും വെടിപ്പുമുള്ള റോഡുകളും വലിയ എടുപ്പുകളുമുണ്ടാകും. എല്ലാ കുട്ടികളും സ്‌കൂളില്‍ പോകും. സ്‌കൂള്‍ വിട്ടുവന്നാല്‍ അവര്‍ക്കു കളിക്കുവാന്‍ പാര്‍ക്കുകളുണ്ടാകും. രോഗങ്ങള്‍ വന്നാല്‍ സൗജന്യമായോ വലിയ ചെലവുകളില്ലാതേയോ ചികിത്സ നല്കുന്ന ആശുപത്രികളുണ്ടാകും… അത്രയേ ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. അന്തസ്സുള്ള നഗരം. അന്തസ്സായി ജീവിക്കുന്ന മനുഷ്യര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യം അതിലെ ജനങ്ങള്‍ക്കു നല്‌കേണ്ടത് അന്തസ്സുള്ള ജീവിതമാണ്.

”ദല്‍ഹീല് പോയാല് ഏട്ടനും കോട്ടും സൂട്ടും ഇടേ്ാ?” അനിയത്തി ശ്യാമള ചോദിച്ചു. ”അപ്പോ എനക്കൊരു ഫോട്ടോ അയച്ചു തരണം. ക്ലാസിലെ കുട്ട്യോളെ കാണിക്കാനാട്ടോ.”

”കാണിച്ചിട്ടു നിയ്യെന്താ പറയ്യ്ാ?”
”ഇതെന്റെ ഏട്ടനാന്ന്. ഏട്ടനിപ്പോ ദല്‍ഹീലാന്ന്. വെല്ല്യ ഉദ്യോഗസ്ഥനാ. തെളങ്ങ്ന്ന സൈക്കിളില് കേറീട്ടാ ഓഫീസില് പോക്ാന്ന്. സിഗരറ്റും വലിക്കും.”

ഏട്ടനെക്കുറിച്ചുള്ള ശ്യാമളയുടെ സ്പ്നങ്ങള്‍. (നാട്ടില്‍ എല്ലാവരും ബീഡി വലിക്കുന്നവരായിരുന്നു. സിഗരറ്റു വലിക്കുന്നത് ഡോക്ടര്‍മാരെപ്പോലെ അന്തസ്സും പണവുമുള്ളവര്‍ മാത്രമായിരുന്നു.)

സഹദേവന് സിഗരറ്റ് വലിക്കാന്‍ കൊതിയായിരുന്നു. പക്ഷേ, താന്‍ അടുപ്പില്‍ തീപുകയാത്ത ഒരു വീട്ടിലെ മൂത്ത ആണ്‍തരിയാണ്. വലിയ ഭാരമാണ് പടച്ചവന്‍ ഈ ഇളംപ്രായത്തില്‍ത്തന്നെ ഈയുള്ളവന്റെ ചുമലില്‍ കയറ്റിവച്ചിരിക്കുന്നത്. അതുകൊണ്ട് ആ ആഗ്രഹം മുളയിലേ നൂള്ളിക്കളഞ്ഞു. സിഗരറ്റില്ല. പ്രണയമില്ല. സിനിമയില്ല. തരിശുഭൂമിപോലുള്ള ഒരു യൗവനത്തിലേക്കാണ് അയാള്‍ കയറിച്ചെന്നത്.

തുടര്‍ന്ന് വായിക്കാം

Delhi: A Soliloquyവാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.