DCBOOKS
Malayalam News Literature Website

ഡി സി അപ്മാര്‍ക്കറ്റ് ഫിക്ഷന്‍; കവര്‍ച്ചിത്രങ്ങള്‍ വിനയ് ഫോര്‍ട്ട് പ്രകാശനം ചെയ്തു

ഡി സി അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെ പുറത്തിറങ്ങുന്ന ആദ്യ ഏഴ് പുസ്തകങ്ങളുടെ കവര്‍ച്ചിത്രങ്ങള്‍  വിനയ് ഫോര്‍ട്ട് പ്രകാശനം ചെയ്തു. അന്‍വര്‍ അബ്ദുള്ളയുടെ ‘കോമ’,  റിഹാന്‍ റാഷിദിന്റെ ‘യുദ്ധാനന്തരം’, ബിനീഷ് പുതുപ്പണം രചിച്ച  ‘പ്രേമനഗരം’, മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’,അനുരാഗ് ഗോപിനാഥിന്റെ ‘ദ്രാവിഡക്കല്ല്’ ,അനൂപ് എസ് പിയുടെ ‘അന്വേഷണച്ചൊവ്വ’,  ശ്രീജേഷ് ടി പിയുടെ ‘നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക്’ എന്നീ പുസ്തകങ്ങളുടെ കവര്‍ച്ചിത്രങ്ങളാണ്  പ്രകാശനം ചെയ്തത്.

”മലയാളത്തിലിത് ജനകീയ വായനയുടെ കാലമാണ്. വൈവിധ്യമാർന്ന വിഷയങ്ങളും വേറിട്ട ആഖ്യാനങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാരാണ് വായനയുടെ ജനപ്രിയ കാലത്തെ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ഡി സി ബുക്സ് ഡീസീ അപ് മാർക്കറ്റ് ഫിക്ഷൻ എന്ന മുദ്രണത്തിലൂടെ രസമുള്ള വായനയുടെ ആ കാലത്തിന് ഊർജ്ജം പകരുകയാണ്. ഡീ സീ അപ് മാർക്കറ്റ് ഫിക്ഷനിലൂടെ പുറത്തിറങ്ങുന്ന ഏഴ് നോവലുകളുടെ കവർച്ചിത്രം സന്തോഷത്തോടെ പ്രകാശിപ്പിക്കുന്നു.”- കവര്‍ച്ചിത്രം പ്രകാശനം ചെയ്തുകൊണ്ട് വിനയ്‌ഫോര്‍ട്ട് കുറിച്ചു.

ഫിക്ഷനാണ് മലയാളി വായനയില്‍ എക്കാലവും പ്രാമുഖ്യം പുലര്‍ത്തിയിരുന്നത്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. നോവലിന്റെതന്നെ വിവിധ ഉപവിഭാഗങ്ങള്‍ ഉണ്ടാവുകയും ക്രൈം ഫിക്ഷന്‍ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രചാരമുണ്ടാവുകയും ചെയ്തു. അപ്മാര്‍ക്കറ്റ് ഫിക്ഷനെന്ന് പ്രത്യേകം പേരെടുത്തു പറയാതെതന്നെ സാഹിത്യപരവും അതേസമയം ജനകീയമെന്നു വിശേഷിപ്പിക്കാവുന്നതുമായ നോവലുകള്‍ അടുത്ത കാലത്തായി മലയാളത്തില്‍ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അതുപോലെതന്നെ പഴയ കുറ്റാന്വേഷണ നോവലുകളില്‍ കാണുന്ന പ്ലോട്ടിനു പ്രാധാന്യം നല്‍കി, ജനപ്രിയ രൂപത്തില്‍ ആവിഷ്‌കരിക്കുന്ന രീതിക്കുപകരം ആധുനിക ശാസ്ത്ര സാങ്കേതിക വിവരങ്ങളെ ആശ്രയിച്ചുകൊണ്ട് സാഹിത്യപരമായി കഥാപാത്രങ്ങള്‍ക്കും പ്രമേയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ള ക്രൈം ഫിക്ഷനുകള്‍ക്കും  മലയാളത്തില്‍ ഏറെ വായനക്കാര്‍ ഉണ്ടാകുന്നുണ്ട്. ഇത് ലിറ്റററി ഫിക്ഷനെ വെല്ലുവിളിച്ചുകൊണ്ടല്ല മുന്നേറുന്നത് എന്നതും ശ്രദ്ധേയമാണ്. പരസ്പരം ആശ്രയിച്ചുകൊണ്ടാണ് ഇവ മുന്നേറുന്നത്.

സാഹിത്യപരതയോടൊപ്പംതന്നെ ജനകീയമായ താത്പര്യമുണര്‍ത്തുന്ന
രചനാരീതി കൈക്കൊണ്ടുകൊണ്ട് കഥാപാത്രാവിഷ്‌കാരത്തിനും പ്രമേയത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന നോവലുകള്‍ ഇപ്പോള്‍ മലയാളത്തിലും വ്യാപകമാകുകയാണ്. അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ എന്ന് ഇപ്പോള്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഈ നോവല് വിഭാഗത്തെ പ്രത്യേകമായി അവതരിപ്പിക്കുന്ന ഒരു മുദ്രണം ഡി സി ബുക്സ് മലയാളത്തില്‍ ആദ്യമായി ആരംഭിക്കുന്നു.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.