DCBOOKS
Malayalam News Literature Website

സംരക്ഷണാത്മകമായ പ്രണയം, സംഹാരാത്മകമായ ദ്വേഷം!

വിശ്വസാഹിത്യനായകനായ ദസ്തയവ്‌സ്‌കിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയ മൂന്നു പ്രണയിനികള കേന്ദ്രീകരിച്ച് വേണു വി.ദേശം എഴുതിയ കൃതിയാണ് പ്രണയജീവിതം. യുവതിയും വിധവയുമായ മരിയ ഇസയേവയായിരുന്നു എഴുത്തുകാരന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആദ്യ പ്രണയിനി. നാടകീയവും ദുരിതപൂര്‍ണ്ണവുമായിരുന്നു ആ ജീവിതം. പോളിന സുസ്‌ലോവ എന്ന ഇരുപതുകാരിയുമായുണ്ടായ രണ്ടാമത്തെ പ്രണയവും ദുരന്തപര്യവസായിയായി. എന്നാല്‍ സ്റ്റെനോഗ്രാഫറായി വന്ന അന്ന സ്‌നിത്കിനയാണ് അദ്ദേഹത്തിനു സംതൃപ്ത ജീവിതവും പ്രത്യാശയും നല്‍കിയത്. ഈ മൂന്നു സ്ത്രീകളും ദസ്തയവ്‌സ്‌കിയുടെ ജീവിതത്തിലുണ്ടാക്കിയ വര്‍ണ്ണവിസ്മയങ്ങള്‍ അതീവചാരുതയോടെ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു. കൂടെ എഴുത്തുകാരന്റെ അധികം അറിയപ്പെടാത്ത സാഹിത്യ ജീവിതവും ഹൃദ്യമായി രേഖപ്പെടുത്തുന്നു.

സംരക്ഷണാത്മകമായ പ്രണയം, സംഹാരാത്മകമായ ദ്വേഷം

“ക്രൂരമായ സ്‌നേഹവും ഇരുണ്ട പ്രകാശവും വേദനയുടെ ആനന്ദവുമാണ് ദസ്തയവ്‌സ്‌കിയെ വായിക്കുന്ന ആളില്‍ അവ്യക്തവും ദിവ്യവുമായ ഒരനുഭൂതിയെ അവശേഷിപ്പിക്കുന്നത്. അപ്രതിരോധ്യമായ ആ വശ്യത ആ കൃതികള്‍ക്കു കൈവരാന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ തിക്താനുഭവങ്ങളോടൊപ്പം പ്രണയത്തിന്റെ ദിനങ്ങളും കാരണമായിട്ടുണ്ട്.

അനവധി സ്ത്രീകള്‍ ദസ്തയവ്‌സ്‌കിയുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ആ Textജീവിതനാടകത്തില്‍ ദിശാവ്യതിയാനങ്ങള്‍ സംഭവിപ്പിച്ചത് മൂന്നുപേരാണ്. കാരാഗൃഹവാസത്തിനുശേഷമാണ് ഈ ഗഹനമായ പ്രണയബന്ധങ്ങളിലേക്ക് ദസ്തയവ്‌സ്‌കി പ്രവേശിച്ചത്.

യൗവനത്തില്‍ ദൂരെനിന്ന് സ്ത്രീകളെ ആരാധിക്കുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെയായിരുന്നു ദസ്തയവ്‌സ്‌കി. സ്ത്രീകള്‍ക്കു ശേഷമേ പുരുഷന്മാര്‍ പക്വത പ്രാപിക്കുന്നുള്ളൂവെങ്കില്‍ ഇരുപത്തഞ്ചാണ് പുരുഷന്മാര്‍ക്ക് പക്വത സിദ്ധിക്കുന്ന പ്രായം. അപസ്മാരരോഗികളാണെങ്കില്‍ ഇനിയും വര്‍ദ്ധിക്കും. കാരാഗൃഹവാസത്തിനുശേഷം സ്ത്രീകളെ സംബന്ധിച്ച ലജ്ജാലുത്വം ദസ്തയവ്‌സ്‌കിക്കുണ്ടായിട്ടില്ല.

ദസ്തയവ്‌സ്‌കിയുടെ ആദ്യത്തെ പ്രണയം ഒരു യുവവിധവയായ മരിയ ഇസയേവയുമായായിരുന്നു. അവള്‍ക്ക് ആ സമയത്ത് ഒരു ആണ്‍കുട്ടിയുമുണ്ട്. നാടകീയവും ദുരിതപൂര്‍ണ്ണവുമായിരുന്നു ആ ബന്ധം. അവര്‍ വിവാഹിതരായെങ്കിലും ദാമ്പത്യം സമ്പൂര്‍ണ്ണ പരാജയമായി. അവള്‍ക്ക് മരണമടഞ്ഞ മുന്‍ഭര്‍ത്താവില്‍നിന്നും ക്ഷയം പകര്‍ന്നുകിട്ടിയിരുന്നു. മരിയയോട് അങ്ങേയറ്റത്തെ സഹാനുഭൂതി പുലര്‍ത്തിയ ദസ്തയവ്‌സ്‌കി അവളുടെ മരണശേഷം ആ കുട്ടിയുടെ വളര്‍ത്തച്ഛനുമായി.

ദസ്തയവ്‌സ്‌കിയുടെ കാല്പനികമായ ഇടപെടലുകള്‍ ക്ഷുബ്ധവും ക്രമരഹിതവുമായിരുന്നു എന്ന കാരണംകൊണ്ടാണ് രണ്ടാമത്തെ പ്രണയബന്ധം അലസിപ്പോയത്. പോളിന സുസ്ലോവ എന്ന ഇരുപതുകാരിയും സമ്പന്നയുമായ ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു നായിക. ഏകാധിപത്യവാസനയുള്ള ഈ യുവതി ദസ്തയവ്‌സ്‌കിയെ അനവധി വിഷമിപ്പിച്ചു. പോളിന ദസ്തയവ്‌സ്‌കിയിേലല്‍പ്പിച്ച ക്ഷതങ്ങള്‍ ആ മഹത് നോവലുകളില്‍ ഉടനീളം ദൃശ്യമാണ്.

അവസാനത്തെ വിവാഹം അന്ന സ്റ്റിത്കിന എന്ന കുലീനഹൃദയയായ യുവതിയായിരുന്നു. അവള്‍ ദസ്തയവ്‌സ്‌കിയെ ശാന്തിയിലേക്കു നയിച്ചു. അവള്‍, ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും സമര്‍പ്പിതചിത്തയായി ഭര്‍ത്താവിനുവേണ്ടി മാത്രം ജീവിച്ചു.

ഈ  മൂന്നു യുവതികളിലൂടെ ദസ്തയവ്‌സ്‌കി കടന്നുപോയതിന്റെ സംക്ഷിപ്ത ചരിത്രം രചിക്കുന്നതിനുള്ള എളിയശ്രമം മാത്രമാണ് ഇൗ പുസ്തകം. പ്രണയം മിക്കവാറും ദസ്തയവ്‌സ്‌കിക്ക് കൊടിയ യാതന മാത്രമായിരുന്നു.”

വേണു വി. ദേശം

Comments are closed.