DCBOOKS
Malayalam News Literature Website

എന്താണു നരകം? ഞാൻ പറയുന്നു, സ്നേഹിക്കാനാവാത്തതിന്റെ ഹൃദയവേദനയാണതെന്ന്!

ഫിയോദർ ദസ്തയേവ്‌സ്കി; ലോകസാഹിത്യത്തിലെ നിത്യവിസ്മയത്തിന് ഇന്ന് 200 വയസ്സ്

‘മൃഗീയമായ ക്രൂരതയെന്നൊക്കെ ആളുകൾ ചിലപ്പോൾ പറയാറുണ്ട്; മൃഗങ്ങളോടു കാട്ടുന്ന വലിയൊരനീതിയും, അവമാനവുമാണത്. മൃഗത്തിന് ഒരിക്കലും മനുഷ്യനെപ്പോലെ ഇത്ര ക്രൂരനാവാൻ കഴിയില്ല’- എന്ന് പറഞ്ഞ എഴുത്തുകാരനാണ് ഫിയോദർ ദസ്തയേവ്‌സ്കി

വിശ്വസാഹിത്യത്തിലെ സാര്‍വ്വകാലികതയുടെ പ്രതീകമായ ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ദസ്തയേവ്‌സ്കി സൃഷ്ടിച്ച കഥാപാത്രങ്ങള്‍. മനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും അദ്വിതീയമായ വിധം ആവിഷ്‌കരിച്ച ആ സഹിത്യസാര്‍വ്വ ഭൗമന്റെ ജീവിത സംഗ്രഹം തന്നെ ഉദാത്തമായ സാഹിത്യകൃതിയായി മാറുന്നു.

മോസ്കോയിലെ മിഖായേൽ -മരിയ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായാണ്‌ ഫിയോദർ ജനിച്ചത്‌. പതിനാറാം വയസിൽ ക്ഷയരോഗത്തെത്തുടർന്ന് അമ്മ മരിച്ചു. അതിനുശേഷം ഫിയോദറിനെയും സഹോദരൻ മിഖായേലിനെയും സെന്റ് പീറ്റേഴ്സ്ബർഗിലുള്ള സൈനിക അക്കാദമിയിലേക്ക്‌ പഠനത്തിനയച്ചു. അധികം താമസിയാതെ ദസ്തയേവ്‌സ്കിയുടെ പിതാവും മരിച്ചു.

1860-ൽ ദസ്തയേവ്‌സ്കി മൂത്ത സഹോദരനുമായിച്ചേർന്ന് സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്കു കടന്നു. എന്നാൽ 1864-ൽ ഭാര്യയും തൊട്ടടുത്ത്‌ സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളംതെറ്റി. കടത്തിനുമേൽ കടംകയറിയ ദസ്തയേവ്‌സ്കി ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി. ചൂതാട്ടത്തിനുവേണ്ട പണം കണ്ടെത്തുവാനായി ദസ്തയേവ്‌സ്കി തന്റെ ഏറ്റവും മികച്ച നോവലായ കുറ്റവും ശിക്ഷയും ധൃതിയിലാണ് എഴുതിത്തീർത്തത്‌. ചൂതാട്ടഭ്രമം ജീവിതത്തെ കശക്കിയെറിയുന്നതിനിടയിൽ അദ്ദേഹം ചൂതാട്ടക്കാരൻ‍ എന്ന പേരിൽ തന്നെ ഒരു നോവൽ എഴുതുവാൻ തീരുമാനിച്ചു. ഈ നോവൽ കരാർ പ്രകാരമുള്ള തീയതിക്കകം പൂർത്തിയാക്കിയിരുന്നില്ലെങ്കിൽ ദസ്തയേവ്‌സ്കിയുടെ എല്ലാ കൃതികളുടെയും പകർപ്പവകാശം അദ്ദേഹത്തിന്റെ പ്രസാധകൻ കൈവശപ്പെടുത്തുമായിരുന്നു.

കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. ഈയവസരത്തിൽ മുൻപരിചയമുണ്ടായിരുന്ന അപ്പോളിനാറിയ സുസ്ലോവ എന്ന സ്ത്രീയുമായുള്ള സ്നേഹബന്ധം പുതുക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുസ്ലോവ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന നിരസ്സിച്ചു. ഇത് ദസ്തയേവ്സ്കിയെ തികച്ചും നിരാശനാക്കി. പിന്നീടാണ് അന്ന ഗ്രിഗോറിയേന നിക്കിന എന്ന പത്തൊൻപതുകാരി ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും. 1866 ഒക്ടോബറിൽ ചൂതാട്ടക്കാരൻ  നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന. 1867 ഫെബ്രുവരിയിൽ ദസ്തയോവ്സ്കി അന്നയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത്‌ ഈ ഘട്ടത്തിലാണ്. എഴുത്തുകാരന്റെ ഡയറി എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യപ്രസിദ്ധീകരണവും വലിയ വിജയമായിത്തീർന്നു. കുറ്റവും ശിക്ഷയും, കരമസോവ്  സഹോദരന്മാർ, ചൂതാട്ടക്കാരൻ, ഭൂതാവിഷ്ടർ, വിഡ്ഢി,  വൈറ്റ് നൈറ്റ്സ്  എന്നിവയാണ് പ്രധാന കൃതികള്‍. 1881 ഫെബ്രുവരി 9-ന് സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് ദസ്തയേവ്സ്കി അന്തരിച്ചു.
ദസ്തയേവ്‌സ്കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവലാണ് ഒരു സങ്കീർത്തനം പോലെ. അന്നയുമായുള്ള ദസ്തയേവ്‌സ്കിയുടെ പ്രേമജീവിതവും ചൂതാട്ടക്കാരൻ‍ എന്ന നോവലിന്റെ രചനാവേളയിൽ അരങ്ങേറുന്ന മറ്റ് സംഭവങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. വയലാർ അവാർഡ് അടക്കമുള്ള ഒട്ടനേകം പുരസ്കാരങ്ങൾ നേടിയ ഈ കൃതിയുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്.

 

Comments are closed.