നിങ്ങള്‍ എപ്പോഴെങ്കിലും അടച്ചിടപ്പെട്ടിട്ടുണ്ടോ?
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം
നിങ്ങള്‍ എപ്പോഴെങ്കിലും അടച്ചിടപ്പെട്ടിട്ടുണ്ടോ? ഒരു മുറിക്കുള്ളില്‍? ചതിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവോടെ? അലറി വിളിച്ചാലും ആരും കേള്‍ക്കാനില്ലാതെ? ഒന്നല്ല, രണ്ടു പകലുകളും രാത്രികളും അങ്ങനെ കിടക്കേണ്ടിവന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ കഷ്ടം. ജീവിതത്തിലെ ഏറ്റവും മധുരമായ അനുഭവം നിങ്ങള്‍ അറിഞ്ഞിട്ടില്ല. നല്ല രസമാണ്. ഓരോ നിമിഷവും ഓരോ യുഗംപോലെ നീളും. അടച്ചിട്ടയാള്‍ ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്നു വിചാരിക്കും. രാത്രിയായെന്ന് അവിശ്വാസത്തോടെ കണ്ടെത്തും. അടുത്ത ദിവസം ഞാനെവിടെയാണ് എന്ന പരിഭ്രാന്തിയോടെ ഉണരും. ഇന്നും വന്നില്ലല്ലോ എന്നു തകരും. ഒരേസമയം അയാളെ വെറുക്കും. അതേസമയം അയാള്‍ വരാന്‍ പ്രാര്‍ത്ഥിക്കും. ആദ്യത്തെ നടുക്കം മാറുമ്പോള്‍ ഉഷ്ണം തോന്നും. കുറേശ്ശ ദാഹം തുടങ്ങും. ലാബിനുള്ളിലെ വാഷ് ബേസിനില്‍ വെള്ളം കിട്ടുമോ എന്നു പരിശോധിക്കും. തുരുമ്പുപിടിച്ച ആ ടാപ്പില്‍ തട്ടി കൈ മുറിയും. വൈകാതെ ദാഹം മൂര്‍ച്ഛിച്ചു കരച്ചില്‍ വരും. അതും കഴിഞ്ഞു വിശപ്പാകും. കുറച്ചുനേരം കഴിയുമ്പോള്‍ മൂത്രമൊഴിക്കാന്‍ മുട്ടും. അപ്പോഴേക്ക് ഇരുട്ടാകും. മുറിയില്‍ എലികളും പാറ്റകളും ചാടിത്തുടങ്ങും. കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു ബഞ്ചില്‍ ഇരുന്നു കരയും. എപ്പോഴെങ്കിലും മയങ്ങിപ്പോകും. പിറ്റേന്നു രാവിലെ വെന്റിലേറ്ററിലൂടെ വെയില്‍ അകത്തു വരും. മൂത്രമൊഴിക്കാനും കക്കൂസില്‍ പോകാനും ത്വര അസഹ്യമാകും. മുറിക്കുള്ളില്‍ ചുറ്റി നടക്കേണ്ടിവരും. ഏതു നിമിഷവും അയാള്‍ വരുമെന്ന് ഉറപ്പിക്കും. അയാള്‍ക്ക് എന്തെങ്കിലും അപകടം പറ്റിയോ എന്നു പേടിക്കും. അതിന്റെ പ്രത്യാഘാതങ്ങള്‍ സങ്കല്പിച്ചു കൂടുതല്‍ പേടിക്കും.
രണ്ടാമത്തെ പകലും എരിഞ്ഞടങ്ങി. ഞാന്‍ പാതി ചത്തു. മനസ്സു പാടെ പിടിവിട്ടു. ശരീരം സ്വേച്ഛയാ പ്രവര്‍ത്തിച്ചു. സ്വയമറിയാതെ ഞാന്‍ ലാബിന്റെ ഒരു മൂലയില്‍ പോയി മൂത്രമൊഴിച്ചു. സിമന്റ് തറയില്‍ മൂത്രം കെട്ടിക്കിടന്നു ദുര്‍ഗന്ധം അസഹ്യമായി. എനിക്ക് എന്നെത്തന്നെ അറപ്പായി. അപ്പോഴും മനസ്സിന്റെ ഒരു പകുതികൊണ്ട്, അയാള്‍ എന്നെ വന്നു തുറന്നു വിടും എന്നു പ്രതീക്ഷിച്ചു. പക്ഷേ, വന്നില്ല. ആ വാതില്‍ തുറന്നത് അതിന്റെയും പിറ്റേന്നു പതിനൊന്നു
മണിക്കാണ്. ഒരു അധ്യാപകനും അറ്റന്‍ഡറും വന്നു. ഞാന്‍ പനിച്ചു വിറച്ചു ബെഞ്ചില്‍ കിടക്കുകയായിരുന്നു. അവര്‍ കയറി വന്നതും ഞാന്‍ ഞെട്ടി എഴുന്നേറ്റു. ‘ആരാ എന്താ’ എന്നൊക്കെ ചോദിച്ചതും അതുവരെ പിടിച്ചുനിര്‍ത്തിയിരുന്ന മലവും മൂത്രവും പുറത്തുചാടി. അവര്‍ വലിയ ബഹളമുണ്ടാക്കി. എന്റെ ദേഹി ദേഹവുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചു. ഞാന്‍ ശ്വസിക്കുന്ന ജഡം കണക്കെനിന്നു.
പിന്നീടു നടന്നതെന്തായിരുന്നു? ഓര്‍ക്കാന്‍ എനിക്കിഷ്ടമല്ല. അവര്‍ ആളെ വിളിച്ചുകൂട്ടി. പ്രിന്‍സിപ്പല്‍ വന്നു, അറ്റന്‍ഡര്‍മാര്‍ വന്നു. പരീക്ഷക്കാരായ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ വന്നു. മലമൂത്രഗന്ധംമൂലം അവര്‍ മൂക്കു പൊത്തി ഓടി.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.