DCBOOKS
Malayalam News Literature Website

രാഷ്ട്രീയകേരളത്തിന്റെ ഇന്നലെകൾ

ആര്‍.കെ.ബിജുരാജിന്റെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എന്ന പുസ്തകത്തിന്  അനൂപ് ചന്ദ്രശേഖർ എഴുതിയ വായനാനുഭവം.

കക്ഷി രാഷ്ട്രിയത്തെ പ്രാണവായുവായി കൊണ്ടു നടക്കുന്നവരാണ് ശരാശരി മലയാളികൾ. രാഷ്ട്രീയ പ്രബുദ്ധരെങ്കിലും ഇന്നലെകളിലെ കേരളത്തെപ്പറ്റി പലരും അജ്ഞരാണ്. 1956 നവംബർ ഒന്ന് മുതൽ 2021 മെയ് 20 വരെയുള്ള കേരളത്തിന്റെ രാഷ്ടീയ ചരിത്രം 916 പേജിൽ വിവരിക്കുകയാണ് ഈ പുസ്തകത്തിൽ. കേരള രാഷ്ട്രിയത്തെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കും പഠിക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടുവോളമുണ്ട് പുസ്തകത്തിൽ.

Textമൂന്ന് കാലഘട്ടങ്ങളിലായാണ് കേരളരാഷ്ട്രീയത്തെ ഭാഗിച്ചിരിക്കുന്നത്. കവലച്ചട്ടമ്പിമാരും മാടമ്പിമാരും അഭ്യസ്തവിദ്യരുമൊക്കെ അരങ്ങുവാണ ആദ്യകാലഘട്ടത്തിൽ തൊണ്ണൂറുകളിൽ ശക്തമായ എ, ഐ ഗ്രൂപ്പ് പോരിന്റെ ബീജവാപത്തെപ്പറ്റി വിശദമായി വിവരിക്കുന്നു. വലത് രാഷ്ട്രിയത്തിന് മേൽക്കൈ ഉണ്ടായിരുന്ന 1960, 70 കാലഘട്ടത്തിൽ നിന്ന് മുന്നണി രാഷ്ടീയത്തിന്റെ ദൃഡതയിലേക്കാണ് കേരളം നീങ്ങിയത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടത്തിന് നന്നായി തന്നെ പ്രാമുഖ്യം നൽകിയിട്ടുണ്ട്. കേരള രാഷ്ട്രീയം പ്രമേയമായ പല പുസ്തകങ്ങളിലും അടിയന്തരാവസ്ഥ കാലഘട്ടവും ഭരണകൂടത്തിന്റെ മർദന രാഷ്ട്രീയവുമൊക്കെ ഒരു പരിധിവരെ മറയ്ക്കുകയാണ് ചെയ്തത്. ഒന്നും രണ്ടും ഭാഗങ്ങളിൽ അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദം ഉയരുന്നുണ്ട്. കരുണാകരനെന്ന നിഷ്ഠൂരനായ ഭരണാധികാരിയുടെ ഉയർച്ച താഴ്ചകളെ ഭംഗിയായി വരച്ചുകാട്ടുന്നു. പുന്നപ്രവയലാർ സമരസേനാനി കുന്തക്കാരൻ പത്രോസിനെ പ്പോലെ രാഷ്ട്രിയത്തിൽ ഒന്നുമല്ലാതായ എ.വി.ആര്യൻ, ചാത്തുണ്ണി മാസ്റ്റർ, സി.എച്ച് കണാരന്റെ ജീവത്യാഗം എന്നിവയെപ്പറ്റിയുള്ള നീറുന്ന ഓർമ്മകൾ പുതുതലമുറയെ പരിചയപ്പെടുത്തുക കൂടിയാണ് പുസ്തകം.

കേരള രാഷ്ടീയത്തിന്റെ ഗതിവിഗതികൾക്കൊപ്പം മുഖ്യധാരാ രാഷ്ട്രീയത്തിലെ മൂല്യച്യുതികളും ബിജുരാജ് വായനക്കാരിലേക്ക് എത്തിക്കുന്നു. 64 വർഷത്തെ കേരള രാഷ്ടീയത്തെ ക്യാപ്‌സൂൾ പരുവമാക്കി വായനക്കാരനെ ദഹിപ്പിക്കാൻ പറ്റുന്ന വിധത്തിലാക്കുക എന്നത് എളുപ്പമുള്ള പണിയല്ല. മുഖ്യധാരാ ചരിത്രകാരന്മാർ അവഗണിച്ച ചെറിയ സംഭവങ്ങളെ പോലും കോർത്തിണക്കുക എന്നത് ശ്രമകരവുമാണ്. എംഎനും സികെജിയും എകെജിയുമൊക്കെ ആരാണെന്ന് അറിയാതെ പുലഭ്യം പറയുന്ന സമകാലിക രാഷ്ട്രീയഭിക്ഷുകൾക്കും ഇത് നല്ലൊരു റഫറൻസ് ഗ്രന്ഥമാണ്. വായിച്ച് മനസ്സിലാക്കാം, കേരളത്തിന്റെ ഇന്നലകളെപ്പറ്റി. ചുരുക്കിപ്പറഞ്ഞാൽ കേരള രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവർക്ക് ഈ പുസ്തകം ഒഴിവാക്കാനാകില്ല

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.