ഡി സി അപ്മാര്‍ക്കറ്റ് ഫിക്ഷന്‍; കവര്‍ച്ചിത്രപ്രകാശനം വെള്ളിയാഴ്ച
ഡി സി അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെ പുറത്തിറങ്ങുന്ന ആദ്യ ഏഴ് പുസ്തകങ്ങളുടെ കവര്‍ച്ചിത്രം നവംബര്‍ 12ന് വിനയ് ഫോര്‍ട്ട് ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യുന്നു.
- യുദ്ധാനന്തരം- റിഹാന്‍ റാഷിദ്
- ദി ബ്രെയിന്‍ ഗെയിം- മായാ കിരണ്‍
- കോമ- അന്‍വര്‍ അബ്ദുള്ള
- നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക്-ശ്രീജേഷ് ടി പി
- ദ്രാവിഡക്കല്ല്- അനുരാഗ് ഗോപിനാഥ്
- അന്വേഷണച്ചൊവ്വ-അനൂപ് എസ് പി
- പ്രേമനഗരം-ബിനീഷ് പുതുപ്പണം
എന്നീ പുസ്തകങ്ങളുടെ കവര്‍ച്ചിത്രങ്ങളാണ് വിനയ് ഫോര്‍ട്ട് പ്രകാശനം ചെയ്യുന്നത്.
ഫിക്ഷനാണ് മലയാളി വായനയില്‍ എക്കാലവും പ്രാമുഖ്യം പുലര്‍ത്തിയിരുന്നത്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. നോവലിന്റെതന്നെ വിവിധ ഉപവിഭാഗങ്ങള്‍ ഉണ്ടാവുകയും ക്രൈം ഫിക്ഷന്‍ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രചാരമുണ്ടാവുകയും ചെയ്തു. അപ്മാര്‍ക്കറ്റ് ഫിക്ഷനെന്ന് പ്രത്യേകം പേരെടുത്തു പറയാതെതന്നെ സാഹിത്യപരവും അതേസമയം ജനകീയമെന്നു വിശേഷിപ്പിക്കാവുന്നതുമായ നോവലുകള്‍ അടുത്ത കാലത്തായി മലയാളത്തില്‍ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അതുപോലെതന്നെ പഴയ കുറ്റാന്വേഷണ നോവലുകളില്‍ കാണുന്ന പ്ലോട്ടിനു പ്രാധാന്യം നല്‍കി, ജനപ്രിയ രൂപത്തില്‍ ആവിഷ്‌കരിക്കുന്ന രീതിക്കുപകരം ആധുനിക ശാസ്ത്ര സാങ്കേതിക വിവരങ്ങളെ ആശ്രയിച്ചുകൊണ്ട് സാഹിത്യപരമായി കഥാപാത്രങ്ങള്‍ക്കും പ്രമേയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ള ക്രൈം ഫിക്ഷനുകള്‍ക്കും മലയാളത്തില്‍ ഏറെ വായനക്കാര്‍ ഉണ്ടാകുന്നുണ്ട്. ഇത് ലിറ്റററി ഫിക്ഷനെ വെല്ലുവിളിച്ചുകൊണ്ടല്ല മുന്നേറുന്നത് എന്നതും ശ്രദ്ധേയമാണ്. പരസ്പരം ആശ്രയിച്ചുകൊണ്ടാണ് ഇവ മുന്നേറുന്നത്.
സാഹിത്യപരതയോടൊപ്പംതന്നെ ജനകീയമായ താത്പര്യമുണര്‍ത്തുന്ന
രചനാരീതി കൈക്കൊണ്ടുകൊണ്ട് കഥാപാത്രാവിഷ്‌കാരത്തിനും പ്രമേയത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന നോവലുകള്‍ ഇപ്പോള്‍ മലയാളത്തിലും വ്യാപകമാകുകയാണ്. അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ എന്ന് ഇപ്പോള്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഈ നോവല് വിഭാഗത്തെ പ്രത്യേകമായി അവതരിപ്പിക്കുന്ന ഒരു മുദ്രണം ഡി സി ബുക്സ് മലയാളത്തില് ആദ്യമായി ആരംഭിക്കുന്നു.
Comments are closed.