‘റോസാപ്പൂവിന്റെ പേര്’ ; ഉജ്ജ്വലം, ആധികാരികം, മനോഹരം ഈ മലയാള പരിഭാഷ: ബെന്യാമിന്‍
വിഷയങ്ങളിൽ ഗഹനതയുള്ള നോവലുകൾ വായിച്ചാസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല ഈ മലയാള പരിഭാഷ.
ഇറ്റാലിയൻ നോവലിസ്റ്റും സാഹിത്യസൈദ്ധാന്തികനുമായ ഉംബെർത്തോ എക്കോയുടെ ‘റോസാപ്പൂവിന്റെ പേര്’ എന്ന പുസ്തകത്തെക്കുറിച്ച് ബെന്യാമിന്‍ പങ്കുവെച്ച കുറിപ്പ്
വായനയിൽ വലിയ പ്രതിബന്ധം സൃഷ്ടിക്കുന്ന ചില കൃതികൾ ഉണ്ട്. ജെയിംസ് ജോയ്സിന്റെ യുളീസസ് അതിലൊന്നാണ്. പലവട്ടം ഇംഗ്ലീഷിൽ വായിക്കാൻ ശ്രമിച്ചു. വിജയിച്ചില്ല. പിന്നെ മലയാള പരിഭാഷ വായിക്കാൻ ശ്രമിച്ചു, അതും പാതി വഴിയിൽ മുടങ്ങി. അപ്പോൾ പ്രശ്നം ഭാഷയുടെ അല്ല, കൈകാര്യം ചെയ്യുന്ന വിഷയം, ശൈലി എന്നിവകൊണ്ടാണ് എന്ന് ബോധ്യപ്പെട്ടു.
അങ്ങനെ വായനയിൽ വല്ലാതെ കുഴക്കിയ മറ്റൊരു പുസ്തകമായിരുന്നു ഉംബർത്തോ എക്കോയുടെ The name of the rose. ഇംഗ്ലീഷിൽ ഒരുവിധം വായിച്ചു തീർത്തു എന്നല്ലാതെ ആഴത്തിൽ അത് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഓരോ അധ്യായങ്ങളിലും ധാരാളമായി കടന്നു വരുന്ന ലാറ്റിൻ, ഇറ്റാലിയൻ, വാക്കുകളും വാചകങ്ങളും സങ്കീർണ്ണമായ ക്രിസ്ത്യൻ ദൈവശാസ്ത്ര പദാവലികളും ആയിരുന്നു നേരിട്ട പ്രധാന പ്രതിസന്ധി.
എന്നാൽ ആ നോവൽ അതിന്റെ ആഴത്തിലും സമ്പൂർണ്ണതയിലും വായിച്ചാസ്വദിക്കാൻ ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നു. ഡോ. രാധിക സി. നായർ നിർവ്വഹിച്ചിരിക്കുന്ന ഈ മലയാള പരിഭാഷയെ ഉജ്ജ്വലം, ആധികാരികം, മനോഹരം എന്നീ വാക്കുകൾ കൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്. നോവൽ കൈകാര്യം ചെയ്യുന്ന വിഷയം ക്രിസ്ത്യൻ ദൈവശാസ്ത്രത്തിലെ സൂക്ഷ്മ വകഭേദങ്ങൾ ആയതുകൊണ്ട് തന്നെ സ്വഭാവികമായും ഉണ്ടാകുവാൻ ഇടയുള്ള ക്ലിഷ്ടതയെ ഈ പരിഭാഷ അദ്‌ഭുതകരമായി അതിജീവിച്ചിരിക്കുന്നു. മുൻ വായനകളെ പ്രതിസന്ധിയിൽ ആക്കിയ ലാറ്റിൻ, ഇറ്റാലിയൻ വാചകങ്ങളെ അതേപടി നിലനിറുത്തിയും അതേസമയം അതിന്റെ മലയാള പരിഭാഷ കൂടെ നൽകിയും നോവലിനുള്ളിലെ ‘ഉംബർത്തോ എക്കോയിസം’ കാത്തുസൂക്ഷിക്കാൻ പരിഭാഷക ശ്രദ്ധിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. 661 പുറങ്ങളിലായി നീണ്ടു കിടക്കുന്ന സാമാന്യം വലിയ ഒരു നോവൽ ആണെങ്കിൽ കൂടിയും, ശൈലിയും വിഷയവും ഗഹനം ആണെങ്കിൽ കൂടിയും വളരെ ആവേശത്തോടെ ‘റോസാപ്പൂവിന്റെ പേര്’ വായിച്ചു തീർക്കാൻ എനിക്ക് കഴിഞ്ഞിരിക്കുന്നു. ഈ പരിഭാഷയ്ക്ക് വേണ്ടി എടുത്ത നീണ്ട പത്തു വർഷങ്ങൾ, അതിന് വേണ്ടി നടത്തിയ അന്വേഷണങ്ങൾ പഠനങ്ങൾ ഒന്നും വ്യർത്ഥമായില്ല എന്ന് ഈ പാരായണക്ഷമത അടിവരയിട്ട് തെളിയിക്കുന്നു. അതിന് രാധിക സി. നായർ ഒരു വലിയ റോസാപ്പൂവ് അർഹിക്കുന്നുണ്ട്.
വിഷയങ്ങളിൽ ഗഹനതയുള്ള നോവലുകൾ വായിച്ചാസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല ഈ മലയാള പരിഭാഷ.
Comments are closed.