DCBOOKS
Malayalam News Literature Website

അടയാളനക്ഷത്രമായി ഗോപി

ഗോപിയെന്ന മഹാനായ നടന്റെ അഭിനയസപര്യയിലെ പല സന്ദര്‍ഭങ്ങളും വേഷങ്ങളും മലയാള സിനിമാചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായങ്ങളാണ്. വേഷങ്ങളെ സ്വീകരിക്കുന്നതിലും പുനര്‍വ്യാഖ്യാനിക്കുന്നതിലും അഭിനയത്തിലൂടെ വ്യതിരിക്തമാക്കുന്നതിലും ഗോപി പ്രദര്‍ശിപ്പിച്ച വൈഭവം അന്യാദൃശമാണ്. സമാനതകളില്ലാ‍ത്തതായിരുന്നു ആ പകര്‍ന്നാട്ടങ്ങള്‍. കൈക്കൊണ്ട വിവിധ വേഷങ്ങള്‍ അദ്ദേഹത്തിന് ഒരു മഹാനടന്റെ പേരും പെരുമയും സമ്മാനിച്ചു. ഭരത്, പത്മ ശ്രീ തുടങ്ങിയ സമുന്നത ബഹുമതികളും. ഭരത് ഗോപി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് 84 വയസ്സ് പൂര്‍ത്തിയായേനെ.

ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥന്‍ നായര്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആല്‍ത്തറമൂട് കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെ മകനായി 1937 നവംബര്‍ 8ന് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരള ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.

അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നടന്ന ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ ചെറിയൊരു വേഷം ചെയ്തതുകൊണ്ടാണ് സിനിമാ രംഗത്ത് എത്തിയത്.

1975-ല്‍ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയില്‍ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്’ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1978, 82, 83, 85 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളും ഗോപിയെ തേടിയെത്തി. 1985-ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യാ പസഫിക് മേളയില്‍ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. 1991-ലെ പത്മശ്രീ പുരസ്‌കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഞാറ്റടി, ഉത്സവപ്പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം അഭിനയം അനുഭവം, നാടകനിയോഗം എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും രചിച്ചു. 2008 ജനുവരി 24-ന് ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപി ജനുവരി 29-ാം തീയതി അന്തരിച്ചു.

Comments are closed.