‘ആല്‍കെമിസ്റ്റ്’ സ്വപ്നം തേടുന്നവന്റെ കട!
കുടിക്കാന്‍ ചായയും കടിക്കാന്‍ പലഹാരങ്ങളും പിന്നെ എന്താകും ഒരു ചായക്കടയില്‍ ഉണ്ടാവുക? തമാശയല്ല ചോദ്യം. കൊല്ലം കരുനാഗപ്പള്ളിയിലെ ‘ആല്‍കെമിസ്റ്റ്’ എന്ന ചായക്കടയില്‍ രുചിച്ചു നോക്കാനും ചവച്ചരക്കാനും ആവി പാറുന്ന പുസ്തകങ്ങളുമുണ്ട്. സ്വപ്നം തേടുന്നവന്റെ കട, അതാണ് ആല്‍കെമിസ്റ്റ്. ചായ കുടിച്ച് ഇഷ്ട പുസ്തകങ്ങള്‍ വായിക്കാനും വീട്ടില്‍ കൊണ്ടുപോയി സമയംപോലെ വായിക്കാനും ഈ സ്വപ്നക്കൂടാരത്തില്‍ അവസരമുണ്ട്.
പി എസ് സി പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടേതാണ് മനോഹരമായ ഈ ഉദ്യമം. പഠനത്തിനും പരിശീലനത്തിനുമായി ഒത്തുകൂടിയതിനൊപ്പമാണ് വരുമാനത്തിനായി ചായക്കടയും തുടങ്ങിയത്. പകൽ മൂന്ന് മണിയോടെ സജീവമാകുന്ന കടയുടെ പ്രവർത്തനം രാത്രി എട്ടുവരെയാണ്. പി എസ് സി പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കുള്ള പുസ്തകങ്ങളും, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും ഇവിടെ ചൂടോടെ വിളമ്പുന്നുണ്ട്. സൈക്കിൾ യാത്രയും ‘ആല്‍കെമിസ്റ്റിലൂടെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
നമ്മുടെ ലക്ഷ്യത്തിലൊത്താന്‍ നമ്മള് അതികഠിനമായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ലക്ഷ്യപ്രാപ്തിയിലെത്താന്‍ ഈ ലോകം തന്നെ നമ്മെ സഹായിക്കും എന്ന ശുഭ ചിന്തയാണ് പൗലോ കൊയ്ലോ തന്റെ ‘ആല്‍കെമിസ്റ്റ്‘ എന്ന നോവലിലൂടെ ലോകത്തോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ഒരു കൂട്ടം യുവാക്കളുടെ ഈ സ്വപനക്കൂടാരത്തിനും ആല്‍കെമിസ്റ്റ് എന്ന പേരിനേക്കാള്‍ മറ്റെന്താണ് ചേരുക?
ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന ഏഴുത്തുകാരന്റെ പുസ്തകം എന്ന ബഹുമതി നേടിയ ആല്‍കെമിസ്റ്റ് , ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യന് നടത്തുന്ന തീര്‍ത്ഥയാത്രയുടെ കഥ പറയുന്ന പുസ്തകമാണ്. വായനക്കാരുടെ ജീവിതത്തിലും മനസിലും ശുഭചിന്ത നിറയ്ക്കാന്‍ പര്യാപ്തമായ ഈ രചനാശൈലിയാണ് ആല്‍കെമിസ്റ്റിനെയും അതിലൂടെ പൗലോ കൊയ്ലോയെയും മുന്‍നിരയിലെത്തിച്ചത്.
Comments are closed.