DCBOOKS
Malayalam News Literature Website

കാല്‍പ്പന്തു കളിയുടെ മാന്ത്രികന് പിറന്നാള്‍ ആശംസകള്‍

ഫുട്ബോളിന്‍റെ ആദ്യത്തെ പര്യായപദമാണ് പെലെ. ഫുട്ബോൾ എന്നു കേട്ടിട്ടില്ലാത്തവർ പോലും പെലെ എന്ന് കേട്ടിട്ടുണ്ടാകും. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത , കാല്‍പ്പന്തു കളിയുടെ മാന്ത്രികന് ഇന്ന് 81-ാം പിറന്നാള്‍.

ബ്രസീലില്‍ മിനാസ് ജെറെയ്സിലെ ട്രെസ് കൊറാക്കോസില്‍ 1940 ഒക്ടോബര്‍ 23-ന് ജനിച്ച എഡ്സണ്‍ അരാന്റെസ് ദോ നാസിമെന്റോ എന്ന പെലെ മൂന്നു ഫുട്‌ബോള്‍ ലോകകപ്പുകളില്‍ മുത്തമിട്ട ഒരേയൊരു താരമാണ്. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു ആ നേട്ടം. നാലു ലോകകപ്പുകളിലും കളിച്ചു. ഗോൾവേട്ടയിലും മറ്റൊരു കളിക്കാരനും അടുത്തെങ്ങുമെത്തില്ല. 1367 മത്സരങ്ങളിൽ നിന്നായി 1283 ഗോളുകൾ. ബ്രസീലിനായി നേടിയത് 92 മത്സരങ്ങളിൽ 77 ഗോളുകൾ. 1958 മുതൽ 70 വരെയുള്ള നാലു ലോകകപ്പ് മത്സരങ്ങളിൽ, പതിനാലു കളികളിൽ 12 ഗോളുകൾ.

1958-ൽ സ്വീഡനിലാണ് പെലെയുടെ ലോകകപ്പ് അരങ്ങേറ്റം. അന്നുവരെയുള്ള ലോകകപ്പ് ചരിത്രത്തിൽ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. 1958-ലെ ലോകകപ്പിലാണ് പെലെ പത്താം നമ്പർ ജെഴ്സി അണിയുന്നത്. 1977-ൽ കോസ്മോസിനുവേണ്ടി കളിച്ച് ബൂട്ടഴിക്കുന്നതുവരെ പെലെ നമ്പർ ടെൻ ആയിരുന്നു. 1962-ലെ ചിലി ലോകകപ്പിൽ ഇറങ്ങുമ്പോൾ പെലെയായിരുന്നു ലോകത്ത് ഏറ്റവും അറിയപ്പെടുന്ന, ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരം.

ബ്രസീസിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ സാന്റോസാണ് പെലെ എന്ന ഇതിഹാസത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഭാവി വാഗ്ദാനം എന്ന ലേബലില്‍ പെലെ സാന്റോസിലെത്തുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 15. ആ പ്രായത്തില്‍ കൊറിന്ത്യന്‍സിനെതിരേ തുടങ്ങിവെച്ച ഗോള്‍വേട്ട പെലെ അവസാനിപ്പിച്ചത് 1977-ല്‍ 37-ാം വയസില്‍ കോസ്‌മോസിനെതിരായ മത്സരത്തിലായിരുന്നു.

Comments are closed.