ചന്ദ്രയാന്‍-1; ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആദ്യ പേടകം വിക്ഷേപിച്ചിട്ട് 13 വര്‍ഷം!
ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യം പറന്നുയർന്നിട്ട് 13 വര്‍ഷം. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008 ഒക്ടോബർ 22-ന് ഇന്ത്യൻ സമയം 6.22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി-സി 11) ഉപയോഗിച്ച് ചന്ദ്രയാന്‍ -1 – ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യം ആരംഭിച്ചത്.
ചന്ദ്രപര്യവേക്ഷണത്തിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) വിക്ഷേപിച്ച ശൂന്യാകാശ പേടകമാണ് ചന്ദ്രയാൻ. 1380 കിലോഗ്രാം ഭാരമുള്ള പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയപ്പോൾ 675 കിലോഗ്രാമായിത്തീർന്നു. 386 കോടി രൂപയായിരുന്നു ചന്ദ്രയാൻ പേടകത്തിന്റെ നിർമ്മാണച്ചെലവ്.
2008 നവംബർ 14ന് മൂൺ ഇംപാക്റ്റ് പ്രോബ് മാതൃപേടകത്തിൽ നിന്നു വേർപെട്ട് ചന്ദ്രോപരിതലത്തിൽ, ദക്ഷിണധ്രുവത്തിൽ ഷാക്ക്‌ൽടൻ വിള്ളലിനടുത്ത് ഇറങ്ങി. ചാന്ദ്രമണ്ണിലെ ജലാംശത്തിന്റെ സാന്നിധ്യം, ചന്ദ്രനിലെ ധ്രുവങ്ങളിൽ ഐസിന്റെ രൂപത്തിലുള്ള ജലസാന്നിധ്യം എന്നിവയെക്കുറിച്ച് വിവരങ്ങൾ ലഭ്യമാക്കി. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ വിതരണം, അന്തരീക്ഷം, ഹീലിയം–3ന്റെ സാന്നിധ്യം എന്നിവ സംബന്ധിച്ച വിവരങ്ങളും ചാന്ദ്രഗർത്തങ്ങളുടെയും പർവതങ്ങളുടെയും വിസ്മയ ദൃശ്യങ്ങളും ഭൂമിയിലെത്തിച്ചു. 2009 ഓഗസ്റ്റ് 29ന് പേടകവുമായുള്ള ബന്ധം നഷ്ടമായി. എന്നാൽ ചന്ദ്രോപരിതലത്തിന് 200 കി.മീ. മുകളിലായി ചന്ദ്രയാൻ ചന്ദ്രനെ ചുറ്റുന്നുവെന്ന് പിന്നീട് നാസ കണ്ടെത്തി.
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആദ്യപേടകമാണ് ചന്ദ്രയാൻ. യാത്രികരില്ലാത്ത ഈ യാന്ത്രിക പേടകം പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ് എന്നതാണു മറ്റൊരു സവിശേഷത. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യം തന്നെ വിജയകരമായിത്തീർന്നു.
Comments are closed.