DCBOOKS
Malayalam News Literature Website

ആണ്‍കുട്ടികളേ, കൊല്ലാനല്ല സ്‌നേഹിക്കാന്‍ പഠിക്കൂ: സി. എസ്. ചന്ദ്രിക എഴുതുന്നു

സി. എസ്. ചന്ദ്രിക

നമ്മുടെ ആണ്‍കുട്ടികളെ സ്‌നേഹമെന്തെന്ന്‌ ആരു പഠിപ്പിക്കും? എങ്ങനെ പഠിപ്പിക്കും? കഴിഞ്ഞ കുറേ കാലങ്ങളായി മനസ്സിനെ അലട്ടുന്ന ചോദ്യങ്ങളാണിത്‌. ഈ വിചാരത്തെ ഇടയ്‌ക്കിടെ ആളിക്കത്തിച്ചുകൊണ്ട്‌ ഓരോ പെണ്‍കുട്ടികളായി പ്രണയത്തിന്റെ പേരില്‍ കൊല കെയ്യപ്പെടുന്ന വാര്‍ത്തകള്‍ വരുന്നു. ഇന്നലെ മാനസ, ഇന്ന്‌ നിഥിന, നാളെ മറ്റൊരു പേരില്‍ ഇനിയും നിരവധി പെണ്‍കുട്ടികള്‍! പെണ്‍മക്കള്‍ പ്രേമിച്ചാലും ഇല്ലെങ്കിലും കൊലചെയ്യപ്പെടും, ആണ്‍കുട്ടികള്‍ കൊലപാതകകിളായി ജയില്‍ പോവുകയോ സ്വയം ജീവനൊടുക്കുകയോ ചെയ്യും എന്ന ഭയജനകമായ ഈ സ്ഥിതി വിധിക്ക്‌ വിട്ടുകൊടുത്തുകൂടാത്തതാണ്‌.

നിഥിനയെ കൊലപ്പെടുത്തിയ ശേഷം അഭിഷേക്‌ എന്തു നേടി? പ്രതീക്ഷയോടെ വളര്‍ത്തി വലുതാക്കിയ അഭിഷേകിന്റെ മാതാ പിതാക്കളുടെ അവസ്ഥ എന്താണ്‌! ആണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കുന്ന മാതാപിതാക്കള്‍ ഈ ചോദ്യങ്ങള്‍ അവരുടെ ആണ്‍മക്കളോട്‌ തുറന്നു സംസാരിക്കുമോ? ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സമാനമായ നിരവധി കേസുകള്‍ കേരളത്തിലുണ്ടായി. റേഡിയോളജി വിദ്യാര്‍ത്ഥിനിയായിരുന്ന കവിതയെ ബസ്‌ സ്റ്റോപ്പില്‍ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്തിയ അജിന്‍ റെജി മാത്യു, തൃശൂരില്‍ ബി ടെക്‌ വിദ്യാര്‍ത്ഥിനിയായിരുന്ന നീതുവിനെ വീട്ടില്‍ വന്ന്‌ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയ നിധീഷ്‌, പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി ദേവികയെ വീട്ടിലെത്തി പെട്രോളൊഴിച്ച്‌ കൊലപ്പെടുത്തിയ മിഥുന്‍, പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയായിരുന്ന ഗോപികയെ കൊലപ്പെടുത്തിയ സഫര്‍ ഷാ, ഹൗസ്‌ സര്‍ജന്‍സി ചെയ്യുകയായിരുന്ന ഡോ. പി. വി മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ രാഖില്‍ തുടങ്ങിയ ആണ്‍കുട്ടികളെല്ലാവരും നമുക്കു മുന്നില്‍ സ്‌നേഹത്തെ/ പ്രണയെത്തെ സംബന്ധിച്ച്‌ കാണിച്ചു തരുന്ന ഞെട്ടിപ്പിക്കുന്ന ഏറ്റവും വികലമായ ചില സാമൂഹ്യ വൈകാരിക യാഥാര്‍ത്ഥ്യങ്ങളുണ്ട്‌.

മുതിര്‍ന്നവരുടെ ഇടയിലും ഇത്തരത്തിലുള്ള കൊലപാതങ്ങള്‍ നിരവധിയായി റിപ്പോര്‍ട്ടു ചെയ്യപ്പെടാറുള്ളതു കൂടി ഇതിനോട്‌ ചേര്‍ത്തു വെച്ച്‌ കാണണം. മാത്രമല്ല, കൊലപാതകത്തോളമെത്തിയില്ലെങ്കിലും നിത്യ മാനസിക ശാരീരിക, മര്‍ദ്ദനങ്ങള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന സമാന ജീവിതങ്ങളും ഈ സമൂഹത്തില്‍ വേണ്ടുവോളമുണ്ട്‌. എന്തായാലും യുവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടരുന്ന ഇത്തരം അക്രമാസക്ത പ്രണയ രോഗത്തെ സര്‍ക്കാര്‍ ഒരു സാമൂഹ്യ പ്രശ്‌നം എന്ന നിലയില്‍ത്തന്നെ അഭിസംബോധന ചെയ്യുകയും പരിഹാര നടപടികള്‍ കൊക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്‌.

ഒരു ആണ്‍കുട്ടി/പുരുഷന്‍ രൂപം കൊള്ളുന്നതെങ്ങനെ എന്നത്‌ സാമൂഹ്യ ശാസ്‌ത്രപരമായി വിശകലനം ചെയ്യാനും മനുഷ്യ സാധ്യമായ ജനാധിപത്യ ബോധവും സ്‌നേഹബോധവും വ്യക്തിത്വരൂപീകരണത്തില്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ലിംഗനീതിയും തുല്യതയും എന്തെന്നും പാഠ്യപദ്ധതിയിലൂടെ അവതരിപ്പിക്കുവാനും വിദ്യാര്‍ത്ഥികളില്‍ വേരുറപ്പിച്ചെടുക്കുവാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണം. ജെന്റര്‍ വിഷയമേഖല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതില്‍ ആണത്ത പഠനത്തിന്‌ വലയി പ്രാധാന്യം നല്‍കേണ്ടതുണ്ട്‌. ആണ്‍കുട്ടികള്‍ വീട്ടിലും നാട്ടിലും മാധ്യമങ്ങളിലും പോലീസ്‌, രാഷ്‌ട്രീയ ഭരണരംഗത്തുമെല്ലാം കണ്ടു വളര്‍ന്ന്‌ പരിശീലിച്ചെടുക്കുന്നത്‌ ആണത്തത്തിന്റെ അധീശസ്വഭാവങ്ങളും അതില്‍ത്തന്നെ വിശേഷിച്ച്‌ പ്രകടമായ അക്രമാസക്തിയുമാണ്‌. അക്രമപരത പുറമേക്ക്‌ പ്രകടിപ്പിക്കാത്തവരിലും അവരുടെ ആണ്‍വ്യക്തിത്വത്തിന്റെ സര്‍വ്വ തലത്തിലും പെണ്‍കുട്ടിയെ/സ്‌ത്രീയെ അടക്കി നിര്‍ത്താനും ഭരിക്കാനും അതല്ലെങ്കില്‍ സ്‌നേഹത്താല്‍, രക്ഷാകര്‍തൃത്വത്താല്‍ അസ്വതന്ത്രയാക്കാനും വിധേയയാക്കാനുമുള്ള പാഠങ്ങള്‍ ഈ വിശാല ആണ്‍കോയ്‌മാ സഖ്യ സാമൂഹ്യ പാഠശാലയില്‍ നിന്ന്‌ പഠിച്ചെടുത്തിട്ടുണ്ട്‌.

ആ ആണധികാര പാഠങ്ങള്‍ അനീതിയാണെന്ന്‌ പോലും ചിലപ്പോള്‍ അവന്‍ മനസ്സിലാക്കിയിട്ടുണ്ടാവുകയില്ല. അധീശ പുരുഷത്വം എന്നത്‌ പുരുഷാധിപത്യ വ്യവസ്ഥയുടെ നിലനില്‍പിനു വേണ്ടിയുള്ള ശക്തമായ നിര്‍മ്മിതിയാണെന്നു മനസ്സിലാക്കിയാലും ആണ്‍കുട്ടികള്‍ക്ക്‌ അതിനുള്ളില്‍ നിന്ന്‌ പുറത്തു കടക്കല്‍ എളുപ്പമായിരിക്കില്ല. കാരണം, ഈ സമൂഹത്തില്‍ അധീശപുരുഷന്‍ ആകേണ്ടതില്ല എന്ന്‌ തീരുമാനിക്കുന്നത്‌ പുരുഷാധിപത്യത്തിനു നേര്‍ക്കുള്ള കടുത്ത വെല്ലുവിളിയാണ്‌. അധീശപുരുഷത്വത്തെ ഉപേക്ഷിക്കണമെന്ന്‌ തീരുമാനിക്കുന്ന ആണ്‍കുട്ടികളെ/പുരുഷന്‍മാരെ കുടുംബവും സമൂഹവും പെണ്‍കോന്തന്‍, നട്ടെല്ലില്ലാത്തവന്‍, ആണത്തമില്ലാത്തവന്‍ എന്നിങ്ങനെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനെ അവന്‍ ഭയപ്പെടുകയോ അരക്ഷിതമാവുകയോ ചെയ്യുന്നു. ഇവിടെയാണ്‌ പാഠ്യപദ്ധതിയില്‍ ആണത്ത പഠനങ്ങള്‍ക്കുള്ള ഏറ്റവും വലിയ പ്രസക്തി. അധീശ ആണത്ത നിര്‍മ്മിതികള്‍ എങ്ങനെയെന്നും എന്താണെന്നും മനസ്സിലാക്കാനും അതില്‍ നിന്ന്‌ പുറത്തു കടക്കാനും ആണ്‍കുട്ടികള്‍ക്ക്‌ ബൗദ്ധികമായും വൈകാരികമായും എളുപ്പമാകുന്നു. അങ്ങനെ പുറത്തു കടക്കുന്നവരെ ഒറ്റപ്പെടുത്താനോ മനോവീര്യം തകര്‍ക്കാനോ പിന്നീട്‌ സമൂഹത്തിന്‌ എളുപ്പമല്ലാതാകുന്നു.

പ്രണയത്തിന്റെ പേരില്‍ ഓരോ പെണ്‍കുട്ടിയും കൊല്ലപ്പെടുമ്പോഴും ആ ഓരോ ആണ്‍കുട്ടിയും കൊലപാതകിയായി മാറുന്നതില്‍ അവര്‍ മാത്രമല്ല പ്രതിയാകുന്നത്‌. കൊലചെയ്യുന്ന ആണ്‍കുട്ടികള്‍ക്ക്‌ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന കയ്യടികള്‍ കാണുന്നില്ലേ! ‘തേച്ചിട്ടു പോകുന്നവള്‍ക്ക്‌ അതു തന്നെ വേണം’ എന്നാണ്‌ ഈ കയ്യടിക്കുന്നവരുടെ ആവേശം. ‘തേച്ചിട്ടു പോവുക’ എന്ന വാക്കുകളും പ്രയോഗങ്ങളും പോലും എത്ര അര്‍ത്ഥരഹിതവും അനായാസവുമായിട്ടാണ്‌ ഉപയോഗിക്കുന്നത്‌!

ഒരാളെ ഇഷ്‌ടപ്പെട്ടു എന്നു കരുതി, അയാളില്‍ പൊരുത്തപ്പെടാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടെന്ന്‌ പിന്നീട്‌ മനസ്സിലാക്കിക്കഴിഞ്ഞാലും അയാളെത്തന്നെ ജീവിതകാലം മുഴുവന്‍ പ്രണയിച്ചേ പറ്റൂ എന്ന ശാഠ്യമരുത്‌. പ്രണയം എന്നത്‌ അത്തരം ഒരു അചേതന വസ്‌തുവല്ല. രണ്ടു പേരില്‍ അതിന്റെ നിലനില്‌പിന്‌ ധാരാളം അനുകൂല ഘടകങ്ങള്‍ വേണം. ആകര്‍ഷണം തോന്നുന്ന ആദ്യഘട്ടത്തില്‍ ഏതെങ്കിലും ചില ഇഷ്‌ടഘടകങ്ങള്‍ – രൂപസൗന്ദര്യമോ മറ്റെന്തെങ്കിലും കാര്യങ്ങളോ മാത്രമായിരിക്കാം പരസ്‌പരം കാണുന്നത്‌.

ക്രമേണയാണ്‌ പൊരുത്തപ്പെടാനാവാത്ത, ഇഷ്‌ടപ്പെടാനാവാത്ത മറ്റു പ്രതികൂലമായ കാര്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. പൊതുവേയും ഇത്തരം ആകര്‍ഷണ ബന്ധങ്ങളില്‍, വിവാഹമെന്നതു ചിന്തിക്കുന്നതിനു മുമ്പു തന്നെ പുരുഷന്റെ ഭാഗത്തു നിന്ന്‌ എന്റേതെന്ന സ്വന്തമാക്കല്‍ പ്രക്രിയകള്‍ക്കകത്തുകൂടി കടന്നു പോകുമ്പോഴാണ്‌ അക്രമസ്വഭാവങ്ങള്‍ വെളിപ്പെടുക.

ഇത്രയും വായിക്കുമ്പോള്‍ ചിലരുടെ മനസ്സില്‍ തോന്നിയോക്കാം, പെണ്‍കുട്ടികളും ആണ്‍കുട്ടികളുടെ നേര്‍ക്ക്‌ ഇതേ പൊസ്സെസസീവ്‌നെസ്സ്‌ കാണിക്കാറില്ലേ എന്ന്‌. തീര്‍ച്ചയായും ഉണ്ട്‌. പക്ഷേ അത്‌ പുരുഷന്‍ പ്രകടിപ്പിക്കുന്ന ഹിംസാത്മകയിലേക്ക്‌ എത്തുകയില്ല. മറിച്ച്‌ അവളുടെ വൈകാരിക ഉപാധികള്‍ക്ക്‌ വിരുദ്ധമായി അവന്‍ പ്രവര്‍ത്തിച്ചാല്‍ അവള്‍ ബഹളം വെച്ചേക്കാം, പിന്നെ വിഷാദത്തിലേക്കോ ചിലപ്പോള്‍ മാത്രം സ്വയം ഹത്യയിലേക്കോ പോയേക്കാം, കൂടുതല്‍ പേരും അതിജീവിച്ച്‌ വരുന്നവരാണ്‌. കൊലപാതകിയായി മാറുക എന്ന തെരഞ്ഞെടുപ്പിലേക്ക്‌ അവള്‍ എത്തുക വളരെ അപൂര്‍വ്വമാണ്‌. എന്തായാലും പ്രണയത്തിന്റെ പേരിലുള്ള ഇത്തരം നാശനഷ്‌ടങ്ങള്‍, സംഹാരങ്ങള്‍ ഒരു സമൂഹത്തില്‍ നിരന്തരം സംഭവിക്കുന്നത്‌ ആ സമൂഹത്തിന്റെ പൊതുവേ രോഗാതുരതമായ പ്രണയബന്ധങ്ങളെ ആണ്‌ അടയാളപ്പെടുത്തുന്നത്‌. പ്രണയിക്കുന്നവരെ ശരിയായി മനസ്സിലാക്കണമെങ്കില്‍ സമയം ആവശ്യമുണ്ട്‌.

തുടക്ക കാലം വര്‍ണ്ണാഭമായിരിക്കും. തനി നിറം വെളിപ്പെടുമ്പോള്‍ പൊരുത്തപ്പെടില്ല എന്നു തോന്നിയാല്‍ പിരിഞ്ഞു പോകാനുള്ള സാധ്യതകള്‍ ഉണ്ടായേ പറ്റൂ. സ്‌ത്രീപുരുഷ വ്യവഹാരങ്ങളില്‍ തുറവിയുള്ള വികസിച്ച ജനാധിപത്യമുള്ള ഒരു സമൂഹത്തില്‍ മാത്രമേ ഇത്‌ എളുപ്പത്തില്‍ സാധിക്കൂ. അത്തരത്തില്‍ തുറവിയുണ്ടാകണമെങ്കില്‍ ആണത്തം സംബന്ധിച്ച്‌ നിലനില്‍ക്കുന്ന വാര്‍പ്പു മാതൃകകളെ പൊളിച്ചു കളയണം. പെണ്‍കുട്ടികള്‍ പഴയ സ്‌ത്രൈണ സങ്കല്‌പങ്ങളില്‍ നിന്ന്‌ പുറത്തുകടക്കാന്‍ സഹായകമായ വിധം ലോകമെങ്ങും, കേരളത്തിലും ശക്തമായ ഫെമിനിസ്റ്റ്‌ വ്യവഹാരങ്ങള്‍ ദീര്‍ഘകാലമായി സജീവമാണ്‌.

പക്ഷേ നമ്മുടെ സര്‍വ്വകലാശാലകളില്‍ സ്‌ത്രീപഠന വകുപ്പുകളുടെ ഭാഗമായിപ്പോലും ഇന്നും ആണത്ത പഠനങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. ഈ വലിയ വിടവ്‌ നാം തുടര്‍ന്നു കൂടാ. സ്‌കൂള്‍ തലം മുതല്‍ തന്നെ തുടങ്ങണം കേരളത്തിന്റെ ആണത്ത പഠനങ്ങള്‍ എന്നാണ്‌, പ്രണയത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ഓരോ പെണ്‍കുട്ടിക്കും വേണ്ടി ഈ സന്ദര്‍ഭത്തില്‍ ഉറക്കെ പറയാനുള്ളത്‌.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.