അന്ധരുടേയും ബധിരരുടേയും മൂകരുടേയും നാട്ടില്‍ നിന്ന് ഒരു നോവല്‍!
രാജ്യത്തിലെ ജനത ജനാധിപത്യപരമായി അന്ധരും ബധിരരും മൂകരുമായിമാറുന്ന അവസ്ഥ അങ്ങേയറ്റം ഭീകരമാണ്
ടി.ഡി.രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവലിന് സന്തോഷ് പല്ലശ്ശന എഴുതിയ വായനാനുഭവം
രാജ്യത്തിലെ ജനത ജനാധിപത്യപരമായി അന്ധരും ബധിരരും മൂകരുമായിമാറുന്ന അവസ്ഥ അങ്ങേയറ്റം ഭീകരമാണ്. അങ്ങിനെയൊരവസ്ഥയിലൂടെയാണ് നമ്മുടെ രാജ്യവും കടന്നുപോകുന്നതെന്നു തോന്നുന്നു. ഈ അവസ്ഥയെ എങ്ങിനെ മറികടക്കാമെന്നുള്ള അന്വേഷണം ഓരോ ജനാധിപത്യബോധമുള്ള എഴുത്തുകാരന്റെയുമുള്ളില് നടക്കുന്നുണ്ടാകും. ഫാസിസത്തിനെതിരെ വലിയൊരു പ്രതിരോധം സൃഷ്ടിക്കുക എന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപകടകരമാണ്. അപൂര്‍വം ചില എഴുത്തുകാരെങ്കിലും അത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാറുണ്ട്. ടി. ഡി. രാമകൃഷ്ണന് എന്ന എഴുത്തുകാരന് തികച്ചും അപകടകരമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന നോവലിലൂടെ. ഫാത്തിമ നിലോഫര്‍ എന്ന കാശ്മിരി യുവതിയുടെ ജീവിതത്തിലൂടെ കടന്നുപോവുക എന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അങ്ങേയറ്റം അപകടകരമാണ് എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. സമാധാനത്തിനു വേണ്ടി (അമീന്), ജീവിക്കാന്‍ വേണ്ടി പലായനം ചെയ്യുകയും എല്‍.ഓ.സി.യ്ക്ക് ഏതാനും മീറ്ററകലെ വെച്ച് ഇന്ത്യന്‍ പട്ടാളക്കാരുടെ വെടിയേറ്റു മരിക്കേണ്ടി വരികയും ചെയ്ത, താഴ്വരയെ അഗാധമായി സ്നേഹിച്ച ഫാത്തിമ നിലോഫര്‍ എന്ന യുവതി, കാശ്മീരിന്റെ ഓരോ യുവതിയുടേയും പ്രതിനിധിയാണ്.
കപട ദേശീയതയുടെ വക്താക്കളെ ചൊടിപ്പിക്കുന്ന ഒരു രചനയാണ് ‘അന്ധര്‍ ബധിരര്‍ മൂകര്‍ ‘ എന്ന നോവല്‍. കാശ്മീരി ജനതയുടെ ജീവിതത്തിലെ ഒരു മിത്താണ് ലാല്ദെഡ് അഥവ മുസ്ലിംങ്ങള്‍ ആരിഫ താത്ത എന്നുവളിക്കുന്ന ദേവത. അവരെ സംബന്ധിച്ച ഒരു കഥ, തന്റെ മകന് യാസിനു പറഞ്ഞുകൊടുക്കുന്നതായി നോവലില്‍ കടന്നുവരുന്നുണ്ട്. അന്ധരും മൂകരും ബധിരരുമായ ഒരു ജനതയെ അടക്കി ഭരിക്കുകയും അവരെ പീഢിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികളെ രക്ഷിക്കാനാവാതെ ലോകത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരൊക്കെ നിസ്സഹായരാകുമ്പോള്‍ ആരിഫ താത്ത ആ രാജ്യത്തെ ജനതയെ നിസംഗതയില്‍ നിന്ന് മോചിപ്പിക്കുന്നതായ ഒരു സങ്കല്പ്പ കഥ ഫാത്തിമ നിലോഫര്‍ യാസിന് പറഞ്ഞുകൊടുക്കുന്നുണ്ട്. അള്ളാ പടച്ചോനേ… ഈ മഹാ കഷ്ടത്തില്‍ നിന്ന് ഈ കാശ്മീര്‍ താഴ്വരയേയും അതിലെ ജനതയേയും ഒന്നു മോചിപ്പിക്കണേ എന്നുള്ള ഒരു വിലാപം ഫാത്തിമ മനസ്സില്‍ എക്കാലവും കൊണ്ടുനടക്കുന്നുണ്ട്. ഏഴു പതിറ്റാണ്ടിലധികമായി നടക്കുന്ന ആസാദിക്കുവേണ്ടിയുള്ള പോരാട്ടം പരിപൂര്‍ണ്ണമായ പരാജയമായിമാറിയിരിക്കുന്നു. മതമെന്നാല്‍ രാഷ്ട്രീയംതന്നെയാണെന്ന് വിശ്വസിക്കുന്ന തീവ്രവാദികളുടെ കടന്നുകയറ്റവും, ഇന്ത്യയെന്നാല്‍ ഹിന്ദുവാണെന്ന് വിശ്വാസിക്കുന്ന ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ഡല്‍ഹി പിടിച്ചടക്കുകയും ചെയ്തതോടെ കാശ്മീരിന്റെ എല്ലാ പ്രതീക്ഷയും തകര്‍ന്നടിയുകയാണ്.
കാശ്മീര്‍ താഴ്വരയെ സംബന്ധിച്ച് അവരുടെ എല്ലാ പ്രതീക്ഷയുടേയും സമാധാനത്തിന്റേയും കൂമ്പടഞ്ഞുപോയ ഒരു കറുത്ത ദിവസമാണ് ആഗസ്റ്റ് 5, 2019. അന്നാണ് ആര്‍ട്ടിക്കിള്‍ 370 ഉം 34എ യും അനുസരിച്ച് കാശ്മിരിനുണ്ടായിരുന്ന പ്രത്യേക പദവി ഡല്‍ഹി പിടിച്ചടക്കിയ ഹിന്ദുത്വ ശക്തികള്‍ എടുത്തുകളയുന്നത്. ഇനി കാശ്മീരില്‍ ഭൂമിവാങ്ങാമെന്നും വെള്ളാരം കണ്ണുകളുള്ള കാശ്മീരി യുവതികളെ കല്യാണം കഴിക്കാമെന്നുമൊക്കെ ഹിന്ദുത്വ ശക്തികള്‍ ഇത്രകാലം അടക്കിപ്പിടിച്ച കാമനകളെ കൂടുതുറന്നുവിട്ടത് അന്നുമുതലാണ്. ഒരു ജനതയുടെ എല്ലാ അടിസ്ഥാന അവകാശങ്ങളേയും വിലങ്ങിട്ടുകൊണ്ട് ബലമായി ഒരു രാജ്യത്തേയും അതിലെ ജനതയേയും കീഴടക്കിയ ദിവസമായിരുന്നു ആഗസ്റ്റ് 5. ടൂറിസ്റ്റുകളെയൊക്കെ ഒഴിപ്പിക്കുകയും, പ്രതിരോധത്തിന്റെ ശബ്ദമുയര്‍ത്തുന്ന എല്ലാ പത്രസ്ഥാപനങ്ങളും ബലമായി അടച്ചുപൂട്ടുകയും സെല്‍ഫോണ്‍ ടവറുകളൊക്കെ ഓഫാക്കിക്കൊണ്ട് അവിടത്തെ ചെറിയ ഒച്ചകള്‍പോലും പുറംലോകമറിയരുത് എന്ന ഉദ്ദേശത്തോടെ ദിക്കുകളൊക്കെയും അക്ഷരാര്‍ത്ഥത്തില്‍ കൊട്ടിയടച്ച ദിവസം. ഇന്റര്‍നെറ്റില്ലാതെ ഒരു പത്തുമിനിറ്റുപോലും കഴിയാന്‍ സാധിക്കാത്ത ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനത ഈ അനീതി കണ്ടിട്ട് കുറ്റകരമായ നിസംഗത നടിച്ച കാലം! സത്യത്തില്‍ കശ്മീരികള്‍ ഇത് അര്ഹിക്കുന്നവരായിരുന്നൊ? അവരോട് ഇങ്ങിനെ പെരുമാറാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് എന്തര്‍ഹതയാണുള്ളത്? എഴുപതു വര്‍ഷത്തെ ആസാദിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തില്‍ മരിച്ചുവീണ യുവാക്കളുടെ ജീവന് ഒരു വിലയുമില്ലേ…. അവിടെ ഇന്ത്യന്‍ പട്ടാളക്കാര്‍ കിളച്ചുമറിച്ച കാശ്മീരി പെണ്‍കുട്ടികളുടെ വിലാപങ്ങള്‍ ഒരു ജനാധിപത്യ സര്‍ക്കാരിന് ഒരു വിഷയമേയല്ലാതെ പോയതെങ്ങിനെ…. എങ്ങിനെയാണ് ഇതര ഇന്ത്യന്‍ സംസ്ഥാന നിവാസികള്‍ക്ക് കാശ്മീര്‍ ജനതയോട് ഇത്രമാത്രം കുറ്റകരമായ നിസ്സംഗത പുലര്‍ത്താന്‍ കഴിഞ്ഞത്? ടി.ഡി. രാകൃഷ്ണന്റെ നോവല്‍ വായിച്ചു തീരുമ്പോള്‍ കാശ്മീരിനെയോര്ത്ത് ഒരിന്ത്യക്കാരനായതില്‍ നമ്മള് ലജ്ജിക്കും.
കൊച്ചിയിലെ ഒരു ഗലിയില്‍ വെച്ചു പരിചയപ്പെട്ട ഫാത്തിമ നിലോഫറിനൊപ്പം സഞ്ചരിക്കുക മാത്രമാണ് ടി.ഡി. രാമകൃഷ്ണന് എന്ന നോവലിസ്റ്റിന് ചെയ്യാനുണ്ടായിരുന്നത്. ആസാദിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയായ തന്റെ ഭര്‍ത്താവ് ഒമര്‍ ഖയാം വാനിയുടെ വഴിയായിരുന്നില്ല ഫാത്തിമയുടേത്. അമീന് ന്റെ (സമാധാനം) വഴിയായിരുന്നു അവള് തിരഞ്ഞെടുത്തത്. ആസാദിക്കു വേണ്ടിയുള്ള ഏഴു പതിറ്റാണ്ടിന്റെ പോരാട്ടത്തില്‍ കനത്ത നഷ്ടമേറ്റുവാങ്ങേണ്ടി വന്നത് കാശ്മീരിലെ സ്ത്രീകളാണ്. അതുകൊണ്ടുതന്നെ കാശ്മീരിലെ സ്ത്രീകള്‍ സമാധാനം ആഗ്രഹിക്കുന്നു. അവര്‍ രൂപം കൊടുത്ത സംഘടനയാണ് കാശ്മീരി വുമണ്‍ ഫോര്‍ പീസ് (KWP). യഥാര്‍ത്ഥത്തില്‍ കാശ്മീരില്‍ ഇതുപോലെ ഒരുപാട് സ്ത്രീകളുടെ സമാധാന കൂട്ടായ്മകളുണ്ടെന്ന് ഈ പുസ്തകത്തിന്റെ വായനയ്ക്കു ശേഷമുള്ള ഗവേഷണത്തില്‍ എനിക്കു ബോധ്യപ്പെട്ടിരുന്നു. താഴ്വരയില് സമാധാനമാഗ്രഹിക്കുന്നവരുടെ സ്വരം ആസാദിക്കുവേണ്ടിയുള്ള ഹിംസാത്മക പോരാട്ടങ്ങളിലും, ഭീകരവാദികളായ ജയ്ഷെ മുഹമ്മദിന്റെയും താലിബാന് അനുകൂലികളുടേയും ഐഎസ്സിന്റെയും മറ്റും കടന്നുകയറ്റത്തിലും അടിച്ചമര്‍ത്തപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
ഇന്ത്യന്‍ പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ഫാത്തിമയുടെ ഉമ്മയുടെ സാന്നിധ്യം ഈ നോവലിന്റെ രാഷ്ട്രീയ ചിത്രത്തെ വ്യക്തമാക്കുന്നുണ്ട്. ഫാത്തിമ നിലോഫറിന്റെ അച്ഛന് തന്റെ ഉമ്മയെ ബലാത്സംഗം ചെയ്ത് മുന്നു പട്ടാളക്കാരില്‍ ആരൊ ഒരാളാണ്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് വിത്തെറിയാനുള്ള മണ്ണുമാത്രമാണ് കാശ്മീരിലെ സ്ത്രീകള്‍. ഇന്നിതാ അവര്‍ക്ക് അവിടത്തെ പെണ്ണിനേയും മണ്ണിനേയും വിലയ്ക്കുവാങ്ങാമെന്നായിരിക്കുന്നു, ഇതില്‍ക്കൂടുതല്‍ എന്തുവേണം! നോവലിന്റെ അന്ത്യത്തില്‍ ഫാത്തിമ നിലോഫറും ഒരു പട്ടാളക്കാരനാല്‍ ബാലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. ആ നാടിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന പെണ്ണുങ്ങളൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാനഭംഗപ്പെടുത്തപ്പെടുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. KWPയുടെ നേതാവായ റുബീനയെ നഗ്നയാക്കി നടത്തിയാണ് പട്ടാളക്കാര്‍ തങ്ങളുടെ കലി തീര്‍ക്കുന്നത്. നോവലിലെ മാത്രം കാര്യമല്ല ഇത്, യാഥാര്‍ത്ഥ്യം ഇതിലുമെത്രയൊ ഭീകരമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഒരുപാട് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാലിപ്പോള്‍ കൊട്ടിയടയ്ക്കപ്പെട്ട കാശ്മീരില്‍ നിന്ന് നിലവിളികളൊന്നും കേള്‍ക്കുന്നില്ല. ഈ ആസ്വാദനക്കുറിപ്പ് എഴുതിത്തുടങ്ങിയപ്പോള്‍ താഴ്വരയില് വിവിധ വെടിവെപ്പുകളില്‍ സ്കൂള്‍ അദ്ധ്യാപകരരടക്കം ആറോളം ജീവനുകള്‍ പൊലിഞ്ഞു. മരിച്ചവരുടെയൊക്കെ മതമേതെന്ന് ചികഞ്ഞ് വീണ്ടും വിഭാഗിയതയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് നമ്മള്. 1990 ല്‍ താഴ്വരയില് നിന്ന് പലായനം ചെയ്യപ്പെട്ട കാശ്മീരി പണ്ഡിറ്റുകളും ഇതേ വര്‍ഗ്ഗീയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകളാണ് എന്നു മനസ്സിലാക്കുന്നതിനു പകരം വിദ്വേഷ രാഷ്ട്രീയത്തിന്റെ കനല് ഊതിക്കത്തിച്ചുകൊണ്ട് കാശ്മിരിനെ ഒരു തീക്കുണ്ഡമാക്കി നിലനിര്‍ത്തുകയാണ് ഭരണ നേതൃത്വം, അതില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ നാണയത്തിന്റെ രണ്ടു ഭാഗങ്ങള്‍ മാത്രമാണ്.
പട്ടാളക്കാരുടെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് കണ്ണിനു പരിക്കേറ്റ തന്റെ മകന് യാസിന് ചികിത്സയ്ക്കുകൂടി വേണ്ടിയാണ് ഫാത്തിമ ഉമ്മയുടെ നാടായ, എല്‍.ഓ.സി.ക്കടുത്ത് കുപ്വാരയിലേയ്ക്ക് പലായനം ചെയ്യുന്നത്. മുസാഫിര്‍ എന്ന ആസാദിയുടെ പ്രവര്‍ത്തകനൊപ്പം പ്രായമായ ഉമ്മയേയും മകള്‍ ഫാത്തിമയേയും യാസിനേയും കൂട്ടി നടത്തുന്ന പലായനത്തിന്റെ വിശദാംശങ്ങളിലൂടെയാണ് നോവല്‍ പോകുന്നത്. ആ യാത്രയില്‍ കാശ്മീരിലെ മതരാഷ്ട്രീയ പോരിന്റെ യഥാര്‍ത്ഥ ചിത്രം വായനക്കാരന്റെയുള്ളില്‍ തെളിഞ്ഞുവരുന്നു. ജയ്ഷയും ഐഎസും കപട ഹിന്ദു ദേശീയവാദത്തിന്റെ പ്രതിനിധികളുമൊക്കെ ചേര്‍ന്നു സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തില്‍ യഥാര്‍ത്ഥ കാശ്മീരി ജനതയുടെ പ്രതിനിധിയായ ഫാത്തിമ നിലോഫറിന്റെയും കുടുംബവും കടന്നുപോകുന്ന സഹനത്തിന്റെ കഥയാണ് ‘അന്ധര്‍ മൂകര്‍ ബധിരര്‍’ എന്ന നോവല്‍ പറയുന്നത്. അമീനിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാത്തിമയ്ക്കുപോലും ചില ഘട്ടങ്ങളില്‍ സ്വയരക്ഷയ്ക്കുവേണ്ടി ഐഎസിന്റെ താവളത്തില്‍ അകപ്പട്ടിരിക്കുന്ന സമയത്ത് തോക്ക് തട്ടിപ്പറിച്ചെടുത്ത് ഭീകരവാദികള്ക്കെതിരി ചൂണ്ടേണ്ടി വരുന്നു. എല്ലാ സമാധാന പോരാട്ടങ്ങളും തകര്‍ന്നടിയുന്ന ഒരു ചിത്രം ഈ നോവല്‍ വരച്ചുവെയ്ക്കുന്നുണ്ട്, തികച്ചും സിസ്സഹായമായ ഒരവസ്ഥ.
ടി.ഡി. രാമകൃഷ്ണന്റെ ഇതുവരെ എഴുതപ്പെട്ട നോവലുകളില്‍ നിന്ന് വേറിട്ട രണ്ടു നോവലുകളാണ് ‘അന്ധര്‍ ബധിരര്‍ മുകര്‍’ എന്ന നോവലും അവസാനമായി എഴുതിയ ‘പച്ച മഞ്ഞ ചുവപ്പ്’ എന്ന നോവലും. എഴുത്തില്‍ വൈവിദ്ധ്യങ്ങള്ക്കുവേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളായിട്ട് ഇതിനെ കാണാനാവില്ല. അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവല്‍ ഒരെഴുത്തുകാരന് ചെയ്യേണ്ട ധീരമായ ചരിത്ര ദൗത്യത്തിന്റെ പൂര്‍ത്തീകരണമാണ് എന്നു പറയേണ്ടിയിരിക്കുന്നു. കാശ്മീരിനുവേണ്ടി ഇത്തരം ഒറ്റപ്പെട്ട പ്രതിരോധങ്ങളെങ്കിലും കാണുന്നത് ചെറിയൊരു ആശ്വാസം നല്കുന്നു. കാശ്മീരിലെ അവസ്ഥയോടുള്ള പ്രതിഷേധമായി തന്റെ ഔദ്യോഗിക പദവിപോലും വലിച്ചെറിഞ്ഞ കണ്ണന് ഗോപിനാഥനെ പോലുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോലും ഈ നാട്ടിലെ ജനാധിപത്യ വാദികള്‍ തയ്യാറാകാതിരുന്ന വൈതാളികന്മാരുടെ നാടാണിത്. ആ നാട്ടില്‍ നിന്ന് അതി ശക്തമായ ഒരു നോവലുണ്ടായിരിക്കുന്നു എന്നത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും ഒരു ചെറു പുല്‍നാമ്പാണ്.
Comments are closed.