DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ സിനിമയുടെ ‘ബിഗ് ബി’ 79-ന്‍റെ നിറവില്‍

1968-ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ 1969-ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി

Amitabh Bachchan
Amitabh Bachchan

ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന, ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെയും തേജി ബച്ചന്റെയും പുത്രനായി 1942 ഒക്ടോബര്‍ 11-ന് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ചു.

1968-ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ 1969-ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും ഈ ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. 1971-ല്‍ സുനില്‍ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചന്‍ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി. 1971-ല്‍ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ഡോക്ടറുടെ വേഷം ബച്ചന് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്തു.

പരമ്പരാഗത നായകവേഷങ്ങളെ തിരസ്‌കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ജീര്‍ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1975-ല്‍ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വന്‍ജനപ്രീതി നേടി. അമര്‍ അക്ബര്‍ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ല്‍ അഗ്‌നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 2010-ല്‍ മേജര്‍ രവിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന മലയാളചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം അമിതാഭ് ബച്ചനായിരുന്നു.

അഭിനേത്രിയായ ജയ ഭാധുരിയാണ് ഭാര്യ. ചലച്ചിത്രതാരം അഭിഷേക്, ശ്വേത എന്നിവര്‍ മക്കളും, നടി ഐശ്വര്യ റായ് മരുമകളുമാണ്.

Comments are closed.