ചിന്താചരിത്രം: എഴുതാനിരിക്കുന്ന പുസ്തകത്തിനൊരാമുഖം
സജീവ്. പി. വി. എഡിറ്റുചെയ്ത ചിന്താചരിത്രം: ആധുനിക കേരളത്തിൻ്റെ ബൗദ്ധിക ചരിത്രങ്ങൾ എന്ന പുസ്തകത്തിന് ഒ.ബി.രൂപേഷ് (റിസേര്‍ച്ച് അസോസിയേറ്റ്(കണ്‍സള്‍ട്ടന്റ്) സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് സസെക്‌സ്, യു.കെ) എഴുതിയ വായനാനുഭവം
ഒരു പുസ്തകം എന്നെങ്കിലും എഴുതപ്പെട്ടേക്കാവുന്ന മറ്റൊരു പുസ്തകത്തിൻ്റെ ആമുഖമാകുമോ? സംഭവിച്ചാലും ഇല്ലെങ്കിലും അത്തരമൊരു ആലോചനയാണ് സജീവ്. പി. വി. എഡിറ്റുചെയ്ത ചിന്താചരിത്രം: ആധുനിക കേരളത്തിൻ്റെ ബൗദ്ധിക ചരിത്രങ്ങൾ എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ബാക്കിയായത്. പുസ്തകം പലദിശകളിൽ ചരിക്കുന്ന പന്ത്രണ്ട് മികച്ച പഠനങ്ങളുടെ സമാഹാരമായതുകൊണ്ടുതന്നെ ഓരോ പഠനത്തെക്കുറിച്ചും വിശദമായ വിമർശനാത്മക വിശകലനം ആവശ്യമാണ്.എന്നാൽ സ്ഥലപരിമിതിമൂലം ഇവിടെ അത് സാധ്യമല്ല. പകരം ചിന്താചരിത്രം എന്ന ആശയത്തെ മുൻനിർത്തി പുസ്തകത്തെക്കുറിച്ച് ആലോചിക്കുകയാണിവിടെ. ഉദയകുമാർ ഇതേ പുസ്തകത്തിലെ തൻ്റെ പഠനത്തിൽ ചിന്താചരിത്രം എന്ന ആശയത്തിൽ വ്യക്തത വരുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ എന്താണ് കേരളീയരുടെ ചിന്താചരിത്രങ്ങൾ? എങ്ങിനെയാണ് അത് എഴുതുക? തുടങ്ങിയ ചോദ്യങ്ങൾ പിന്നെയും പ്രസക്തമായി തുടരുന്നുണ്ട്. ഉദയകുമാർ ഒരിടത്ത് പുസ്തക ശീർഷകത്തെക്കുറിച്ച് പറയുന്ന “ശീർഷകങ്ങൾ ഉളളടക്കത്തിൻ്റെ സംഗ്രഹങ്ങളല്ല. ഒരുപക്ഷെ വാതിലുകളുടേയോ കടമ്പകളുടെയോ ഒക്കെ സ്വഭാവമായിരിക്കാം അവയ്ക്ക്“ എന്ന ഭാഗം ശ്രദ്ധേയമാണ്. അത് ഇനിയും സംഭവിക്കേണ്ടുന്ന, ചിന്താ ചരിത്രം എഴുതുക എന്ന, ഒരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പ്രസ്താവനയാണ്. പുസ്തകം വായിച്ചു കഴിയുമ്പോൾ ആ അഭിപ്രായം പൂർണ്ണമായും ശരിയാണെന്ന് നമുക്ക് തോന്നുകയും ചെയ്യും. മുഖവുരയിൽ എഡിറ്റർ ചിന്താചരിത്രത്തെക്കുറിച്ചുളള തൻ്റെ ആലോചന പങ്കുവെക്കുന്ന സന്ദർഭത്തിൽ നടപ്പുരീതികളിൽനിന്ന് കുതറി മാറാനുളള താല്പര്യം പ്രകടമാക്കുന്നത് ഇങ്ങനെയാണ് “പൊതുവേ ഇത്തരം ആലോചനകൾ നവോത്ഥാനം സാമൂഹിക പരിഷ്കരണം തുടങ്ങിയ പ്രമേയങ്ങളിൽ ചെന്നുനിൽക്കുകയോ, സാമൂഹിക പരിഷ്കർത്താക്കളുടെ ബൗദ്ധിക സംഭാവനകളെന്നനിലയിൽ സങ്കൽപ്പിച്ചുവരികയോ ആണ് പതിവ്“. പുതിയൊരു രീതിയെ എത്തിപ്പിടിക്കാനുളള താൽപ്പര്യമാണ് ഇങ്ങനെ ശീർഷകത്തിലും മുഖവുരയിലും കടന്നുവരുന്നത്. എന്നാൽ തുടർന്നുവരുന്ന പഠനങ്ങൾ അതിനായുളള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വലിയതോതിൽ ചിന്താചരിത്രം എന്ന ആശയം പൂർവാനുശീലനങ്ങളിൽ തന്നെ തുടരുകയാണ് ചെയ്യുന്നത് എന്നുകാണാം.
ഇതൊരു പോരായ്മയായി കാണുന്നതിനു പകരം, കേരളീയ ചിന്തകളെ എങ്ങിനെ ആലോചിക്കാം എന്ന വിഷമസന്ധിയെ പ്രകാശിപ്പിക്കുന്ന ഒന്നായി, അതിനായുളള ശ്രമങ്ങളായി, ഇതിലെ പഠനങ്ങളെ സമീപിക്കുന്നതാവും ഉചിതം. എന്താണ് ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത് എന്നു ചോദിച്ചാൽ കേരളീയചിന്താ ചരിത്രത്തെ ആലോചിക്കാനുളള ശ്രമങ്ങളുടെ സമാഹാരം എന്നതാകും ഉത്തരം. ചിന്താചരിത്രം എന്ന ആലോചനയുടെയും, രചനാ ശീലങ്ങളുടേയും കേരളീയചരിത്ര സന്ദർഭത്തിലാണ് ഈ പ്രതിസന്ധിയുടെ വേരുകൾ ഉളളത്. അവ ഒറ്റയടിക്കു പരിഹരിക്കാവുന്ന പ്രശ്നവുമല്ല. ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്ന എടുത്ത് പറയേണ്ടുന്ന രണ്ട് ശ്രമങ്ങൾ ഉദയകുമാറും, ദിനേശൻ വടക്കിനിയിലും ഇതേ പുസ്തകത്തിൽ നടത്തുന്നുണ്ട്. അതേസമയം ചിന്താചരിത്രത്തിൽ പുതിയൊരു സമീപനം വേണമെന്ന ആഗ്രഹം പുസ്തകത്തിൻ്റെ പുറത്തേക്ക് ഒരു കവാടം തുറന്നുവെക്കുന്നു. അതുകൊണ്ട് തന്നെ കേരളചിന്താചരിത്രത്തെ അടയാളപ്പെടുത്താനുളള ശ്രമങ്ങൾക്ക് ഈ പുസ്തകം വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഇനിയും വരാനിരിക്കുന്ന എഴുത്തുകാർക്കു മുന്നൊട്ടുപോകേണ്ടുന്ന ബോധ്യപ്പെടലുകൾക്ക് മികച്ച സംഭാവന നൽകുന്നതാണ് ഈ പുസ്തകം. അതുകൊണ്ടാണ് വരാനിരിക്കുന്ന പഠനത്തിൻ്റെ ആമുഖമായിരിക്കാം ഈ പുസ്തകം എന്ന് പറയാൻ തോന്നുന്നത്.
Comments are closed.