DCBOOKS
Malayalam News Literature Website

എം.എന്‍.വിജയന്റെ ചരമവാര്‍ഷികദിനം

കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദര്‍ശം അദ്ദേഹത്തിന്റെ കാലശേഷം സമര്‍ത്ഥവും സര്‍ഗ്ഗാത്മകവുമായി പിന്തുടര്‍ന്ന നിരൂപകനാണ് എം.എന്‍.വിജയന്‍

മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന എം.എന്‍. വിജയന്‍ 1930 ജൂണ്‍ 8ന് കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരത്ത് ജനിച്ചു. പതിനെട്ടരയാളം എല്‍.പി. സ്‌കൂളിലും കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലും എറണാകുളം മഹാരാജാസ് കോളജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയില്ല. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം എം.എ. 1952-ല്‍ മദിരാശി ന്യൂ കോളജില്‍ അദ്ധ്യാപകനായി. 1959-ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1985-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നും വിരമിച്ചു. ജോലിയില്‍ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങള്‍ നടത്തുകയും സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്തു.

കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദര്‍ശം അദ്ദേഹത്തിന്റെ കാലശേഷം സമര്‍ത്ഥവും സര്‍ഗ്ഗാത്മകവുമായി പിന്തുടര്‍ന്ന നിരൂപകനാണ് എം.എന്‍.വിജയന്‍. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എന്‍.വിജയന്‍ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിര്‍ണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു. മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു,അത്. എം.പി.ശങ്കുണ്ണിനായര്‍ കണ്ണീര്‍പാടത്തെക്കുറിച്ച് എഴുതിയ പഠനം മനഃശാസ്ത്രപരമായ സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും ആനല്‍ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മനഃശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമര്‍ശകന്‍ എം.എന്‍. വിജയനാണ്. മാര്‍ക്‌സിന്റെ സമൂഹ ചിന്തയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. കാളിദാസന്‍, കുമാരനാശാന്‍, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ബഷീര്‍ എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്. 2007 ഒക്ടോബര്‍ മൂന്നിന് അദ്ദേഹം അന്തരിച്ചു.

Comments are closed.