റിയാദ് അന്താരാഷ്ട്ര പുസ്തകമേള; പബ്ലിഷേഴ്‌സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 4, 5 തീയതികളില്‍
റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പബ്ലിഷേഴ്‌സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 4, 5 തീയതികളില്‍ നടക്കും. ഡി സി ബുക്‌സ് സിഇഒ രവി ഡിസി പബ്ലിഷേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കും. ആഗോള തലത്തില്‍ പ്രസാധകര്‍ക്കിടയില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായാണ് പ്രസാധകരുടെ അന്താരാഷ്ട്ര കോണ്‍ഫെറന്‍സ്. പകര്‍പ്പവകാശങ്ങളും വിവര്‍ത്തനവും അവയുടെ അവസരങ്ങളും കൈമാറുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ക്കു പുറമെ, പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഡയലോഗ് സെഷനുകളും ശില്‍പശാലകളും പ്രസാധക സമ്മേളനത്തില്‍ ഉള്‍പ്പെടുന്നു.
28 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 1ന് ആരംഭിക്കും. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് മാളില്‍ നടക്കുന്ന പുസ്തകമേള ഒക്ടോബര്‍ 10 വരെ ഉണ്ടായിരിക്കും. മേളയില്‍ മലയാള സാന്നിധ്യമാകാന്‍ ഇക്കുറി ഡി സി ബുക്‌സുമുണ്ട് എന്നതും ശ്രദ്ധേയമാണ്. പുതിയ പുസ്തകങ്ങള്‍, 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങള്‍, മാംഗോ- മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, ക്രൈംഫിക്ഷന്‍ നോവല്‍ മത്സരത്തിലെ പുസ്തകങ്ങള്‍ തുടങ്ങി നിരവധി ടൈറ്റിലുകള്‍ ഡി സി ബുക്‌സിന്റെ സ്റ്റാളിലൂടെ പ്രദര്‍ശനത്തിനെത്തും.
പുസ്തകമേള സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യമാണ്. സൗദി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ളലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്‍സലേഷന്‍ കമ്മീഷനാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
Comments are closed.