DCBOOKS
Malayalam News Literature Website

പറന്ന് പറന്ന് പറന്ന് , സാഹസികതയുടെ പുതിയ സഞ്ചാര ലോകം…!

സഞ്ചരിക്കുവാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജവാസനകളിലൊന്നാണ്

മനു ഡി ആന്റണി

സഞ്ചരിക്കുവാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജവാസനകളിലൊന്നാണ്. അതുകൊണ്ടുതന്നെയാണ് സഞ്ചാരത്തിന്റെ ചരിത്രത്തിന് ചരിത്രാതീതകാലത്തോളം പഴക്കമുണ്ട്. ജീവിതാവശ്യങ്ങൾക്കു വേണ്ടിയുള്ള അനിവാര്യമായ യാത്രകള്‍, പുതിയ സ്ഥലങ്ങളും സംസ്കാരങ്ങളും കാണാനുള്ള യാത്രകള്‍, അങ്ങനെയൊക്കെയാവാം സഞ്ചാരങ്ങളുടെ തുടക്കം.

എന്നാൽ ഇന്ന് വെറുതെ ഒരു യാത്ര എന്ന സങ്കല്പം മാറിയിരിക്കുന്നു. അൽപ്പം സാഹസികമായിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആ അനുഭവങ്ങൾ അറിയാനാണ് പലർക്കും താല്പര്യം.അതു കൊണ്ടു തന്നെ അഡ്വഞ്ചർ ടൂറിസം മേഖലയിൽ ഇന്നുള്ള സാധ്യത അനന്തമാണ്.സാഹസിക പ്രവൃത്തികളിലൂടെ മാനസികോല്ലാസം ആഗ്രഹിക്കുന്നവര്‍ നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മലകയറ്റം. ലോകത്തിലെ ഒട്ടുമിക്ക ടൂറിസ്റ്റ് രാജ്യങ്ങളിലും അഡ്വഞ്ചര്‍ ടൂറിസത്തിനായുള്ള സങ്കേതങ്ങളുണ്ട്. മലകയറ്റത്തിനു പുറമേ, സാഹസികമായ മത്സ്യബന്ധനം, മഞ്ഞുമേഖലകളിലെ സാഹസിക വിനോദങ്ങള്‍, കുതിരസവാരി, കയാക്കിങ് തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

പ്രകൃതിയോട് ഏറ്റുമുട്ടുന്ന തരം സാഹസികതകള്‍ക്കൊപ്പം മനുഷ്യനിര്‍മിതമായ സാഹസിക കേളികളും അഡ്വഞ്ചര്‍ ടൂറിസം രംഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ഇത്തരത്തിലുള്ള വിനോദസഞ്ചാരത്തിനു വേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്.

ഇന്ന് അഡ്വഞ്ചർ ടൂറിസത്തിനു ആവശ്യക്കാർ ഏറെയാണ്. ചിലവിന്റെ കാര്യത്തിൽ ഇത്തിരി അധികമാണെങ്കിൽ കൂടെ ആളുകൾക്ക് ഈ മേഖല പ്രിയമേറി വരുന്നു. ട്രക്കിംഗ്, കയാക്കിംഗ്, സിപ് ലെയിൻ, ഫ്ളൈയിംഗ് ഫോക്സ്, റോപ്പ് ക്ലൈന്പിംഗ്, റാപ്പലിംഗ്, ജൂമെറിംഗ്, ഹീബ് ജീബി, ബർമ ബ്രിഡ്ജ്, വുഡ് വാക്ക്, നെറ്റ് വാക്ക്, യു വാക്ക, ഹാങ്ങിംഗ് ബ്രിഡ്ജ്, നെറ്റ് ക്ലൈംബ്, ട്വിസ്റ്റ് വാക്ക്, ടയർ വാക്ക് എന്നിവയെല്ലാം അഡ്വഞ്ചർ ടൂറിസത്തിന്‍റെ ഭാഗമായി വരുന്നു.

ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന കയറിലൂടെ ഇരുന്നോ പറന്നോ പോകാം. സിപ് ലെയിൻ എന്നത് ഇരുന്ന് പോകുന്നതാണ്. ഫ്ളൈയിംഗ് ഫോക്സ് പറന്നു പോകുന്നതാണ്. ഇത്തരത്തിലുള്ള വൈവിധ്യങ്ങൾ ഇനിയുമുണ്ടേറെ.

സാഹസിക ടൂറിസത്തിൽ കേരളം ഇന്നൊരു മാതൃകയായി മാറിയിരിക്കുകയാണ്. സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം ആക്റ്റിവിറ്റികളെ ഉള്‍പ്പെടുത്തിയാണ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റഗുലേഷന്‍സ് തയ്യാറാക്കിയത്. ഇതിനു പുറമേ റെഗുലേഷന്‍സിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ സമ്പ്രദായവും ടൂറിസം വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട് . കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഈ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സാഹസിക ടൂറിസത്തിന്റെ സുഗമമായ നടത്തിപ്പിന് ഏറ്റവും അത്യാവശ്യ ഘടകമാണ് ഗുണമേന്മയും, സുരക്ഷിതത്വവും. പ്രകൃതിഭംഗി ഏറെയുള്ള കേരളത്തിൽ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളത്, പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വിനോദസഞ്ചാര മേഖലയ്ക്ക് മുൻ‌തൂക്കം നൽകി കൊണ്ടാണ് കേരള ടൂറിസം അഡ്വഞ്ചർ ടൂറിസത്തിനായുള്ള പദ്ധതികൾ ക്രമീകരിച്ചിരിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് വന്നത്തെന്നു വിനോദ സഞ്ചാരികൾക്ക് പലപ്പോഴും അതിശയാവാമാവാറുണ്ട് ഇവിടെത്തെ വിനോദ സഞ്ചാര മേഖല. ഇന്നാവട്ടെ സാഹസിക വിനോദ സഞ്ചാരികളുടെയും സ്വന്തം നാടാണ് കേരളം. കോവിഡിന്റെ തീവ്ര വ്യാപനം മൂലം ഇവിടെ ചെറിയ കോട്ടം തട്ടിയെങ്കിലും വീണ്ടും കുതിച്ചുയരാൻ ഉള്ള ശ്രമത്തിലാണ് കേരള ടൂറിസം.

വാഗമൺ മുതൽ വയനാട് വരെയുള്ള സാഹസിക സഞ്ചാരികൾക്കായുള്ള വിനോദ കേന്ദ്രങ്ങളടക്കം ടൂറിസ്റ്റുകളെ വളരെ അധികം ആകർഷിക്കുന്നതാണ്. ഇതോടെ സാഹസിക വിനോദ കേന്ദ്രത്തിന്റെ വിലാസം കടൽ കടന്നും പ്രചരിക്കുന്നു എന്നു വേണമെങ്കിൽ പറയാം. മഹാമാരിയുടെ ദുരിതം അവസാനിക്കുമ്പോൾ കടൽ കടന്നെത്തുന്നവരെ വരവേൽക്കാൻ കാത്തിരിക്കുകയാണ് മൂന്നാറും, തേക്കടിയും വയനാടുമെല്ലാം.പാരാഗ്ലൈഡിങ്ങ് അടക്കം നടത്താൻ കഴിയുന്ന കണ്ണൂർജില്ലയിലെ മുഴുപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ച് തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി സാഹസിക വിനോദ കേന്ദ്രങ്ങളാണ് സഞ്ചാരികളുടെ മനം കവരുവാനായി കാത്തു നിൽക്കുന്നത്.

കേരളത്തിൽ മൂന്നാർ തന്നെയാണ് അഡ്വഞ്ചർ ടൂറിസത്തിൽ മുന്നിട്ട് നിൽക്കുന്നത്. അതിന്റെ പ്രധാന കാരണം മൂന്നാറിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തന്നെയാവം. മൂന്നാറിലെ ലക്ഷ്മി മലനിരകൾ, കൊളുക്കുമല, മീശപ്പുലിമല, സൂര്യനെല്ലി ഇവിടെയൊക്കെയാണ് പ്രധാനമായും ട്രക്കിംങ്ങുകൾ നടക്കാറുള്ളത്.

സാഹസിക വിനോദ സഞ്ചാര പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു സ്ഥലം പാലക്കാട് ജില്ലയിലെ പോത്തുണ്ടി ഡാമിനോട് ചേർന്ന് ഈയിടെ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ആകാശത്തിലൂടെ സൈക്കിൾ ഓടിക്കാനും, സാഹസിക കാർ ഡ്രൈവിങ് ഉൾപ്പെടെയുള്ള അവസരങ്ങൾ അവിടെ ആവിഷ്‌കരിച്ചിരിക്കുകയാണ്.

മറ്റൊന്ന് സഞ്ചരികളെ ആകാശം തൊടാൻ വേണ്ടി മാടി വിളിക്കുന്ന വാഗമൺ ആണ്. പച്ചപ്പ് നിറഞ്ഞ വാഗമണ്ണിലേക്ക് വേനൽക്കാലമായാൽ സഞ്ചാരികളുടെ ഒഴുക്കാണ്. ആകാശത്തെ ചുംബിക്കുന്ന മലനിരകളാൽ നിറഞ്ഞ പ്രകൃതിയുടെ വരദാനം.സാഹസിക വിനോദ സഞ്ചാരികളുടെയും അഭ്യന്തര ടൂറിസ്ററുകളുടെയും ആകർഷ കേന്ദ്രങ്ങളിലൊന്നാണിത്.ലോക സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജോഗ്രഫിക് ട്രവാലർ ഉൾപ്പെടുത്തിയ പത്ത് പ്രദേശങ്ങളിൽ ഒന്നാണിത്.കോട്ടയം ഇടുക്കി ജില്ലകളിലായാണ് വാഗമൺ വ്യപിച്ചുകിടക്കുന്നത്.പശ്ചിമഘട്ട സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണ് ഈ ഭൂമേഖലയുളളത്.വേനൽക്കാലത്ത് പോലും തണുത്ത കാറ്റാണ് ഈ മലനെറുകയിൽ വീശിയടിക്കുന്നത്.മൊട്ടക്കുന്നുകളും ചോലവനങ്ങളും പൈൻമരക്കാടുകളുമെല്ലാമായി ഇടകലർന്നാണ് ഈ ഗിരിനിരയുള്ളത്. തങ്ങൾമല മുരുകൻമല കുരിശുമല എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുകയാണ് ഈ വിനോദ കേന്ദ്രം.ഒരു ഭാഗം അഗാഥമായ കൊക്കയാണ്.മറുഭാഗം വലിയ പാറക്കൂട്ടങ്ങളുമായി ഈ മലമ്പാത യാത്രികരെ വെല്ലുവിളിക്കുന്നു.ആറു കിലോമീറ്ററോളം ദുഷ്കരമായ പാതയാണ്.ഇത് പിന്നിട്ടുവേണം മലമുകളിലെത്താൻ.മലയുടെ നെറുകയിൽ വിശാലമായ താഴ് വാരത്തിലേക്ക് കാഴ്ചകൾ മിഴിതുറക്കുന്നു. സാഹസിക ടൂറിസത്തിന് വളരെ അധികം സാധ്യതകളാണ് വാഗമണിൽ ഉള്ളത്. ഗ്ളൈഡറുകൾ പറപ്പിക്കാൻ ഇതിലും നല്ല മറ്റൊരു സ്ഥലമില്ലെന്നു തന്നെ വേണം പറയാൻ.

സഞ്ചാരികൾക്ക് പ്രിയമേറിയതാണ് ബോട്ട് യാത്രകൾ.വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിനു സമീപമാണ് കർളാട് താടാകമുള്ളത്. പ്രകൃതി നിർമ്മിത ശുദ്ധജലാശയമാണിത്. ബോട്ടുയാത്രകൾ അടക്കം വിദേശികളെ ആകർഷിക്കാൻ പറ്റിയ ഇടമാണിവിടെ.500 മീറ്റർ ഉയരത്തിലുള്ള സിപ്ലൈനിൽ 250 മീറ്റർ കയറിലൂടെയുള്ള തടാകത്തിന് കുറുകെയുള്ള സഞ്ചാരമാണ് കൂടുതൽ ആകർഷണം. 250 മീറ്റർ ദൂരത്തിലാണ് തടാകത്തിന് കുറുകെയുള്ള റോപ്പ് വേ ഒരുക്കിയത്. സംസ്ഥാനത്ത് ഏറ്റവും നീളം കൂടിയതാണ്.തടാകത്തിലുള്ള സഞ്ചാരത്തിനായി തുഴച്ചിൽ ബോട്ടും, പെഡൽ ബോട്ടും എന്നിവ ഇവിടെയുണ്ട് . പ്രദേശത്തിന്റെ പച്ചപ്പ് നിലനിർത്തി ഹരിതഭംഗി വർദ്ധിപ്പിക്കാനായി സൗന്ദര്യവൽക്കരണവും നടക്കുന്നുണ്ട്. കുട്ടികളുടെ പാർക്കും ആകർഷകമായ പൂന്തോട്ടവുമെല്ലാം കർളാടിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.ജില്ലയിലെ മറ്റു വിനോദ കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി സാഹസിക സഞ്ചാരികളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങളാണ് ഈ തടാകകരയിൽ തയ്യാറാക്കിയിരിക്കുന്നത് . റോപ്പ് വേ, സിപ്ലൈൻ, കയാക്കിങ്, റൈഡിങ്ങ് ബോൾ, അമ്പെയ്ത്ത്, റോപ്പ് ക്ലയിമ്പിംഗ്, കനോയിങ് തുടങ്ങിയവയെല്ലാം സാഹസിക വിനോദ സഞ്ചാരികൾക്കായി ഇവിടെയുണ്ട്.

വയനാട് ജില്ലയെ കുറിച്ച് എഴുതാൻ തുടങ്ങിയാൽ ഒഴിവാക്കാൻ കഴിയാത്ത അനേകം സ്ഥലങ്ങൾ ഉണ്ട്… എങ്കിലും ഒന്നു രണ്ടെണ്ണം കൂടെ ഇവിടെ പറയാതിരിക്കാൻ വയ്യ. അതിലൊന്നാണ് ചിത്രകൂടൻ പക്ഷികളുടെ ഒളിത്താവളം.
തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകൾ താണ്ടി ക്ലേശങ്ങൾ നിറഞ്ഞ വനപാത പിന്നിട്ടാണ് ചിത്രകൂടൻ പക്ഷികളുടെ ഒളിത്താവളമുള്ളത്.നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും വവ്വാലുകളും ഈ ശിലാഗുഹയിൽ അഭയം തേടിയിരിക്കുന്നു. അടുക്കുകളായുള്ള പാറകൾക്കിടയിലൂടെ നുഴഞ്ഞിറങ്ങി വഴിപിരിഞ്ഞ് താണിറങ്ങിയാൽ മഴപ്പക്ഷികളുടെ ഗന്ധം വമിക്കുന്ന ഇരുൾ നിറഞ്ഞ ഗുഹയിലെത്താം. പക്ഷികൾക്ക് സ്വന്തമായുള്ള ഈ പാതാളം പകരം വെക്കാൻ മറ്റൊന്നുമില്ലാത്ത വയനാടിന്റെ മാത്രം വിസ്മയമാണ്.തിരുനെല്ലി അമ്പലത്തിൽനിന്ന് എട്ടുകിലോമീറ്ററോളം കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് പ്രകൃതി സ്നേഹികളായ സാഹസികർ ഇവിടെയെത്തുന്നത്. യാത്രകളിൽ വെല്ലുവിളിയായി ഗരുഡൻപാറയും ചെങ്കുത്തായ പുൽമേടുകളും വനഗഹ്വരതയുടെ തണുപ്പും ആവോളമുണ്ട്. ഏതു സമയവും മുന്നിൽ വന്നേക്കാവുന്ന വന്യമൃഗങ്ങളുടെ കണ്ണുവെട്ടിച്ച് ഇവിടെയെത്തി തിരിച്ച് പോവുകയെന്നതും ശ്രമകരമായ അനുഭവമാണ്.കൂട്ടമായെത്തുന്ന സഞ്ചാരികൾ ഇതിനു മുകളിൾ മണിക്കൂറുകളോളം കാഴ്ചകൾ ആസ്വദിക്കാറുണ്ട്.

സഞ്ചരികൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത മറ്റൊന്നാണ് വയനാട്ടിലെ ചെമ്പ്ര മലനിരകൾ.
കാഴ്ചകളുടെ വിരുന്നിൽ എന്നും നൂറു ഭാവങ്ങളാണ് ഈ ഹിമവാൻ കുറിച്ചിടുന്നത്.താഴ് വാരത്തിലുള്ള ഗ്രാമീണർക്കു പോലും ഒരു നൂറുവട്ടം കയറിയാലും കൊതിതീരാത്ത യാത്രാനുഭവമാണ് ഈ മലയോരം നൽകുന്നത്.
ചെമ്പ്രയ്ക്ക് എന്നും വിഭിന്ന ഭാവങ്ങളാണ്.ഓരോ സമയത്തും ഒന്നിനൊന്നു വ്യത്യാസം.അതുകൊണ്ട് തന്നെ ചെമ്പ്രയിലേക്കുള്ള വഴികൾ ഒരിക്കൽ പോലും സഞ്ചാരികളുടെ മനസ്സുമടിപ്പിക്കാറില്ല.ശിശിരമാസത്തിലെ വയനാടൻ മഞ്ഞ് മൂടുമ്പോഴാണ് കൂടുതൽ സൗന്ദര്യമെന്ന് പറയുന്നവരുമുണ്ട്.കൊടും വേനലിൽ വറ്റാതെ കിടക്കുന്ന ഹൃദയസരസ്സാണ് മറ്റു പലർക്കും ആകൃഷ്ടമായി തോന്നാറുള്ളത്.
എന്തൊക്കെയായാലും നൂറുകണക്കിന് സഞ്ചാരികളുടെ മനസ്സിൽ ഇടം തേടിയിരിക്കുകയാണ് ഈ സാഹസിക വിനോദ കേന്ദ്രം.

വൈവിധ്യം നിറഞ്ഞ പ്രകൃതിസമ്പത്തിനാൽ അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം.
ലോക ടൂറിസം മേഖലയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകാൻ കേരളത്തിന്റെ സാഹസിക വിനോദ സഞ്ചാര മേഖല ഇനിയും കുതിച്ചുയരട്ടെ..

Comments are closed.