DCBOOKS
Malayalam News Literature Website

വെളുത്ത ടാര്‍സനും കറുത്ത മനുഷ്യരും

മൗഗ്ലിയെ ചെന്നായ്ക്കള്‍ ആണ് വളര്‍ത്തിയത് എങ്കില്‍ ടാര്‍സനെ വളര്‍ത്തിയത് മംഗാനി എന്ന കുരങ്ങ് വര്‍ഗ്ഗമാണ്

ഡോ. വത്സലന്‍ വാതുശ്ശേരി

നിരവധി നോവലുകളിലൂടെയും അവയെ അവലംബിച്ച് നിര്‍മ്മിച്ച സിനിമകളിലൂടെയും ടാര്‍സന്‍ ലോകത്തിന് മുന്നില്‍ വെച്ചത് ലോകം ഭരിക്കാന്‍ പിറന്നവന്‍ വെള്ളക്കാരന്‍ തന്നെയാണെന്ന സന്ദേശമാണ്; അഥവാ വെള്ളക്കാരന്റെ പ്രത്യയശാസ്ത്രമാണ്. കറുത്തവന് എത്തിച്ചേരാന്‍ കഴിയാത്ത ഔന്നത്യം ടാര്‍സന് ചാര്‍ത്തിക്കൊടുത്തുകൊണ്ട്, വനരാജാവായി ടാര്‍സനെ അവരോധിച്ചുകൊണ്ട്, ആഫ്രിക്കയുടെ രാജപദവി വെള്ളക്കാരന് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയാണ് ടാര്‍സന്‍ രചനകള്‍ ചെയ്തുകൊണ്ടിരുന്നത്.

എഡ്ഗാര്‍ റൈസ് ബറോസ് എന്ന വിഖ്യാതനായ അമേരിക്കന്‍ എഴുത്തുകാരന്‍ 1912 ല്‍ സൃഷ്ടിച്ച കഥാപാത്രമാണ് ടാര്‍സന്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി ലോകസാഹിത്യത്തിലെയും ലോകസിനിമയിലെയും ഏറ്റവും ജനപ്രിയരായ കഥാപാത്രങ്ങളിലൊന്നായി ടാര്‍സന്‍ നിലനിന്നുപോരികയാണ്. ലോകത്തിലെ വിവിധ നാടുകളില്‍ സാഹിത്യത്തിലും സിനിമയിലും മറ്റുപല രൂപങ്ങളിലുമായി ടാര്‍സന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൂടെ ലോകജനതയുടെ ബോധാബോധതലങ്ങളില്‍ ആ കഥാപാത്രം സൃഷ്ടിച്ച സാംസ്‌കാരിക സ്വാധീനം അളക്കാനാവാത്ത വിധം വിപുലവും അഗാധവും ആണ്. പ്രത്യക്ഷത്തില്‍ ഒരു അധിനായകന്റെ വീരസാഹസിക കഥകള്‍ വിവരിക്കുന്ന വിനോദതാല്പര്യം മുന്നിട്ടുനില്‍ക്കുന്ന രചനയാണ് ടാര്‍സന്‍. ആ നിലയിലാവാം ടാര്‍സന്‍കൃതികള്‍ ലോകമെമ്പാടും വായിക്കപ്പെട്ടിട്ടുള്ളതും. എന്നാല്‍ എഡ്ഗാര്‍ റൈസ് ബറോസ് സൃഷ്ടിച്ച കേവലം ഒരു വിനോദകഥാപാത്രം മാത്രമാണോ pachakuthira dcbooksടാര്‍സന്‍? അല്ല എന്നാണ് ഉത്തരം. ഈ കഥാപാത്രം സൃഷ്ടിക്കപ്പെട്ട കാലഘട്ടം, കഥയുടെ പശ്ചാത്തലം, കഥാപാത്രത്തിന്റെ ജനിതകഗുണം, അയാളുടെ സവിശേഷമായ മികവുകളും സിദ്ധികളും ഇവയെല്ലാം ആ കഥാപാത്രനിര്‍മ്മിതിയുടെ ഗൂഢരാഷ്ട്രീയം വെളിപ്പെടുത്തുന്നുണ്ട്. വിനോദമൂല്യത്തിന്റെ ചുമലില്‍ കയറിയിരുന്നുകൊണ്ട് ചില രാഷ്ട്രീയ സാംസ്‌കാരിക ദൗത്യങ്ങളാണ്ടാര്‍സന്‍ നിര്‍വഹിച്ചുകൊണ്ടിരുന്നത്. ചരിത്രത്തില്‍ ടാര്‍സന്‍ നിലനിന്നതും ഇടപെട്ടതും അത്രയൊന്നും നിഷ്‌കളങ്കമായിട്ടല്ല എന്ന് ഇന്ന് നമ്മള്‍ മനസ്സിലാക്കുന്നുണ്ട്. വെള്ളക്കാരന്റെ സര്‍വ്വാധിപത്യം ലോകത്തിനു മുന്നില്‍ സ്ഥാപിച്ചെടുക്കാനുള്ള, ആ നിലയിലുള്ള ഒരു സന്ദേശംലോകമെങ്ങും എത്തിക്കാനുള്ള,ബോധപൂര്‍വ്വമായ സാസ്‌കാരികോദ്യമം എന്ന നിലയിലാണ് ടാര്‍സന്റെ നിര്‍മ്മിതിയെ ഇന്ന് തിരിച്ചറിയാനാവുന്നത്.

ആധുനിക സാഹിത്യത്തിലെ വനനായകന്മാരില്‍ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ ഇംഗ്ലീഷ് എഴുത്തുകാരനായ റുഡ്യാര്‍ഡ് കിപ്ലിംഗ് (1865-1936)സൃഷ്ടിച്ച മൗഗ്ലി ആണ്. ഇന്ത്യയില്‍ വളര്‍ന്ന് കിപ്ലിംഗ് ഇന്ത്യയുടെ ഗ്രാമീണസാംസ്‌കാരിക സാഹചര്യത്തില്‍ നിന്നുകൊണ്ട് സൃഷ്ടിച്ച വനജീവിതകഥയായിരുന്നു ജംഗിള്‍ബുക്ക്. വനത്തില്‍ നഷ്ടപ്പെട്ട കുട്ടിയെ ചെന്നായ്ക്കള്‍ വളര്‍ത്തുന്നതും കാടിന്റെഹൃദയമറിഞ്ഞ് ആ കുട്ടി വളരുന്നതും പിന്നീട് അവന്‍ കാട്ടിലെ ഹീറോ ആയി മാറുന്നതും ആണ് ജംഗിള്‍ ബുക്കിന്റെ പ്രധാന ഇതിവൃത്തം. 1894 ലാണ് കിപ്ലിങ് മൗഗ്ലിയെസൃഷ്ടിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രാഷ്ട്രീയലക്ഷ്യത്തേക്കാള്‍ വിനോദലക്ഷ്യം മുന്‍നിര്‍ത്തി രചിക്കപ്പെട്ട ഒരു നോവലായിരുന്നു അത്. മൗഗ്ലിയുടെ സ്വാധീനം കൊണ്ടാണ് എഡ്ഗാര്‍ റൈസ് ബറോസ് ടാര്‍സനെ സൃഷ്ടിച്ചെങ്കിലും മൗഗ്ലിയില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയവംശീയ താല്‍പര്യങ്ങള്‍ അതിന് പിന്നില്‍ ഉണ്ടായിരുന്നു എന്ന് കാണാം. മൗഗ്ലിയെ ചെന്നായ്ക്കള്‍ ആണ് വളര്‍ത്തിയത് എങ്കില്‍ ടാര്‍സനെ വളര്‍ത്തിയത് മംഗാനി എന്ന കുരങ്ങ് വര്‍ഗ്ഗമാണ്. ഇതിനപ്പുറം വലിയ സാദൃശ്യമൊന്നും മൗഗ്ലിയുടെയും ടാര്‍സന്റെയും വനജീവിതത്തിനില്ല. പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങളാണ് ടാര്‍സന്റെ നിര്‍മ്മിതിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് മൗഗ്ലിയില്‍ നിന്ന് ടാര്‍സനുള്ള പ്രധാനവ്യത്യാസം,

Text1912 ല്‍ ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ച ‘ടാര്‍സന്‍ ദ ഏപ് മാന്‍’ എന്ന നോവല്‍ രണ്ടുവര്‍ഷത്തിനു
ശേഷം ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യത്തെ ഗ്രന്ഥത്തിന് ലഭിച്ച സ്വീകാര്യത ടാര്‍സന്‍ നായകനായ കൃതികളുടെ ഒരു പ്രവാഹത്തിനുതന്നെ വഴിവച്ചു. റിട്ടേണ്‍സ് ഓഫ് ദ ടാര്‍സന്‍ (1913) ദ ബീസ്റ്റ്‌സ് ഓഫ് ടാര്‍സന്‍ (1914) ദ സണ്‍ ഓഫ് ടാര്‍സന്‍ (1914) ടാസന്‍ ആന്റ് ദ ജ
വല്‍സ് ഓഫ് ഒപാര്‍ (1916) ടാര്‍സന്‍ ദ ടെറിബിള്‍ (1921) ടാര്‍സണ്‍ ദ ലോഡ് ഓഫ് ജംഗിള്‍ (1928) തുടങ്ങിഎഴുപതോളം കൃതികള്‍ ഈ ഗണത്തില്‍ ബറോസ് രചിക്കുകയുണ്ടായി. അങ്ങനെ ജനപ്രിയ സാഹിത്യത്തിന്റെ ഒരു പര്യായപദമായി ടാര്‍സന്‍ ലോകമെങ്ങും സ്ഥാനം നേടി.
സാഹസികനായ ഈ വനനായകന്‍ എല്ലാ വിഭാഗത്തിലും പെട്ട വായനക്കാരെ ആകര്‍ഷിച്ചു കൊണ്ടാണ് പ്രചാരം നേടിയത്. ആ ആകര്‍ഷണത്തിന്റെ വിശാലമായ മറ്റൊരവസ്ഥയാണ് പിന്നീട് സിനിമകളില്‍ നമ്മള്‍ കാണുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  സെപ്റ്റംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.