രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദേശീയതയെ ആയുധമാക്കിയ ഒരു കാലത്തിന്റെ ദുരവസ്ഥകള്‍!
ദേശീയതയുടെ ആദ്യത്തെ ഇര എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമാണ്
വി ഷിനിലാലിന്റെ ‘124’ എന്ന പുസ്തകത്തിന് അജിത് നീലാഞ്ജനം എഴുതിയ വായനാനുഭവം
രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ദേശീയതയെ ആയുധമാക്കിയ ഒരു കാലത്താണ് നാം ഇന്ന് വന്നു നിൽക്കുന്നത് . ദേശീയത ഊതിപ്പെരുപ്പിച്ച് ഭരണ പരാജയങ്ങളെ പുകമറയ്ക്കുള്ളിൽ ഒളിപ്പിക്കാനാണ് ഭരണകർത്താക്കൾ ശ്രമിക്കുന്നത് . കേന്ദ്രസർക്കാരിനെതിരെ സംസാരിക്കുന്നവരെല്ലാം ദേശ ദ്രോഹികളാണെന്ന തരത്തിൽ അത് ഇന്ന് വളർന്നിരിക്കുന്നു . എന്റെ കുട്ടിക്കാലത്ത് ജനങ്ങളെ കടിച്ചൊരു നായുടെ പുറകെ ഭാരതി ചൂലും കൊണ്ടോടി എന്നൊരു പാരഡി ഞങ്ങളൊക്കെ പാടി നടന്നിരുന്നു . അന്ന് പാടിയ രാഗത്തിൽ ഇന്ന് അത് മൂളാൻ തന്നെ എനിക്ക് ഭയമാണ് .
ഇന്ന് അത്തരം ബാല്യ നിഷ്കളങ്കത പോലും ദേശദ്രോഹമാണ് . ദേശീയഗാനത്തെ ബഹുമാനിക്കാൻ സ്‌കൂളിൽ രാവിലെ അസ്സെംബ്ലി ഉണ്ടായിരുന്നു . എന്നാൽ വൈകിട്ട് ക്‌ളാസ്സുകൾ അവസാനിക്കുന്നതിനു മുന്നോടിയായി ആലപിച്ചിരുന്ന ദേശീയ ഗാനത്തിന് രാവിലത്തെ മര്യാദ കിട്ടിയില്ല . അങ്ങനെ ഒരു മര്യാദ കാട്ടണമെന്നു അധ്യാപകർ പോലും നിഷ്‌കർഷിച്ചിട്ടില്ല . അവരൊക്കെയും വീട്ടിലേക്കു ഓടാനുള്ള തിരക്കിലായിരിക്കും അപ്പോൾ . പിന്നെ ദേശീയ ഗാനം കേട്ടിരുന്നത് സിനിമാ തീയറ്ററിലായിരുന്നു . അത് സിനിമ കഴിഞ്ഞ ശേഷമായിരുന്നു എന്നാണു ഞാൻ ഓർക്കുന്നത് .ഒഴിഞ്ഞ കസേരകൾക്കു മുൻപിൽ ദേശീയ ഗാനം മുഴങ്ങുന്നതിന്റെ പേരിൽ അന്ന് പരാതികൾ ഉണ്ടായിരുന്നില്ല . അത് തീരും വരെ ആരും കാത്ത് നിന്നിരുന്നുമില്ല . അടുത്ത കാലത്ത് സിനിമ തുടങ്ങും മുൻപ് ദേശീയ ഗാനം നിർ ബന്ധമാക്കുകയുണ്ടായല്ലോ . എഴുന്നേറ്റു നിൽക്കുന്നവരുടെ നോട്ടം മുഴുവൻ ദേശദ്രോഹിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തിലാണ് .
എന്റെയൊക്കെ യൗവന കാലതങ്ങൾ വരെ വളരെ സമൂഹജീവിതത്തിൽ ദേശീയബോധത്തിന്റെ ഇടപെടൽ വളരെ ചുരുക്കമായിരുന്നു എന്നോർക്കുന്നു . പിന്നീടുള്ള കാലത്ത് എത്ര ത്വരിതമായി ദേശീയതയെ കല്ല് കെട്ടിപ്പൊക്കി അതിന്റെ അതിരുകൾ നിശ്ചയിച്ച് നമ്മളെ അതിനുള്ളിലാക്കി എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു .
ദേശീയതയുടെ ആദ്യത്തെ ഇര എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമാണ് . സ്വതന്ത്രമായ ആഖ്യാനങ്ങളിലൂടെ പുതിയ മാനങ്ങളിലേക്കുള്ള വാതിൽ തുറക്കുന്നത് അവരാണല്ലോ . മനുഷ്യന് അവന്റെ ശരാശരി സാമാന്യ ബുദ്ധിയ്ക്കും കാഴ്ചയ്ക്കും അപ്പുറമുള്ള ഒരു ലോകം തുറന്നു കൊടുക്കുന്നത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് അക്ഷരങ്ങളാണല്ലോ . അത്തരം ഒരു കാലത്ത് ഒരു എഴുത്തുകാരന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ യാഥാർഥ്യമെന്ന് ശങ്കിക്കും വിധമുള്ള ഭാവനാവിഷ്കാരമാണ് 124 എന്ന നോവൽ .
ഒരു ചെറുകഥയിൽ നിന്ന് വളർന്ന നോവലാണത് . ആ ചെറുകഥ വായിച്ചതാണെങ്കിലും ആവർത്തന വിരസത തോന്നാത്ത വിധമാണ് ഷിനി ആ കഥയെ പുതുക്കി പണിതിരിക്കുന്നത് .
സംഖ്യകൾ കൊണ്ടുള്ള ഒരു പസിളിലൂടെ കണ്ടൻ പൂച്ചയിൽ നിന്നും മണിയൻ എലിയെ രക്ഷിച്ചെടുക്കാനുള്ള എഴുത്തുകാരന്റെ മകൾ സൂര്യകാന്തിയുടെ ശ്രമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത് .
എലിയെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ പരാജിതയും ഖിന്നയുമായ ആ ബാലിക അവസാനം പറയുന്നുണ്ട് . പൂച്ചകൾ മാത്രം ജയിക്കുന്ന വിധത്തിൽ ചോദ്യങ്ങൾ ഉണ്ടാക്കിയാൽ ഒരു കുട്ടിക്കും എലിക്ക് വേണ്ടി ഒന്നും ചെയ്യാനാവില്ല . നമ്മുടെ നാട്ടിലെ സമകാലിക രാഷ്ട്രീയാവസ്ഥയുടെ നേരെ കുഞ്ഞു സൂര്യകാന്തി, അവളറിയാതെ വിരൽ ചൂണ്ടുന്നു
നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ സഹപാഠിയുടെ ടെക്സ്റ്റ് ബുക്കിലെ ദേശീയ ഗാനത്തിൽ എഴുത്തുകാരന്റെ കൈ തട്ടി മഷി പുരളുന്നത് സഹപാഠിയുടെ പുസ്തകം കേടാക്കിയതിനു അധ്യാപകന്റെ ശിക്ഷ കിട്ടാവുന്ന ഒരു തെറ്റ് മാത്രമായിരുന്നു ,അന്നത്തെ കാലത്ത്.
35 വര്ഷങ്ങള്ക്കു ശേഷം , ഇന്നത്തെ പരിതസ്ഥിതിയിൽ അതൊരു ദേശ ദ്രോഹകരമായ കർമ്മമായി മാറുന്നു . അന്ന് പതിനഞ്ചു പൈസയ്ക്ക് ഒത്തു തീർന്ന ഒരു തെറ്റ് കാലങ്ങൾക്കു ശഷം അക്കങ്ങൾ കൊണ്ട് പരിഹരിക്കാൻ പറ്റാത്ത ഒന്നാകുന്നു . അന്നത്തെ അതെ സഹപാഠികൾ ഒരു ബ്ളാങ്ക് ചെക്കാണ് എഴുത്തുകാരനോട് ആവശ്യപ്പെടുന്നത് .
ഒരു ബാല്യകാലാനുഭവത്തെ സമകാലിക രാഷ്‌ടീയവുമായി ചേർത്തെഴുതിയതിന്റെ പേരിൽ എഴുത്തുകാരന് നേരെ പ്രത്യക്ഷവും പപരോക്ഷവുമായ ഭീഷണികൾ ഉയരുന്നു .
രാത്രി നേരത്ത് ബുള്ളറ്റിൽ എഴുത്തുകാരന്റെ വീടിനു മുന്പിലെത്തിയ ചെറുപ്പക്കാർ ഒരുമിച്ച് പാടിയ ദേശീയ ഗാനത്തിന് വേറൊരു ഭാവമായിരുന്നു .
തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ ചെല്ലുന്ന എഴുത്തുകാരൻ കൊടും കുറ്റവാളിയായി വ്യാഖ്യാനിക്കപ്പെടുന്നു . രേഖപ്പെടുത്താതെയുള്ള അറസ്റ്റിൽ പെട്ടുപോയ എഴുത്തുകാരൻ ഒരു ക്രിയേറ്റഡ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു എന്ന രീതിയിലാണ് നോവൽ അവസാനിപ്പിക്കുന്നത് . കഥയുടെ തുടക്കത്തിൽ സൂര്യകാന്തിയെ വിഷമിപ്പിക്കുന്ന പൂച്ചയും എലിയും കളിയുടെ പരിസമാപ്തി തന്നെയാണ് അവസാന ഭാഗത്ത് വരുന്നത് . പഴയ ഇടിയൻ കുട്ടൻ പിള്ള പോലീസിൽ നിന്നുമൊക്കെ ഒരു പാട് മാറിയ സ്റ്റേഷൻ പരിസരമാണ് ഇതിലുള്ളത് . കുലീനമായ സാഹിത്യ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും എഴുത്തുകാരന്റെ തെറ്റുകളെ സൗഹൃദ ഭാവേന തിരുത്തി കൊടുക്കാനുമുള്ള ശ്രമങ്ങൾക്കൊപ്പം എഴുത്തുകാരൻ അതി ഭീകര കലാപകാരിയാണെന്നത് അടിവരയിട്ടു ഉറപ്പിക്കുന്നതുമൊക്കെ ഇടിയേക്കാൾ മാരകമായ ഭേദ്യങ്ങളാകുന്നുണ്ട് .
വളരെ ലളിതവും സുതാര്യവുമാണ് ഈ നോവലിന്റെ ആവിഷ്കാരം . വളരെ വേഗം സാമാന്യ ബുദ്ധിക്കു ഗ്രഹിക്കാനാവുന്ന ഭാഷ കൊണ്ടാണ് ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാവുന്ന ഈ നോവൽ ഷിനിലാൽ തയ്യാറാക്കിയിരിക്കുന്നത് . അത്യധികം പുതുമയുള്ള ഒരു ആഖ്യാന രീതിയും ഈ നോവലിന്റെ പ്രത്യേകതയാണ് . എഴുത്തുകാരനും കുടുംബാങ്ങങ്ങളും അയാളുടെ സുഹൃത്തുക്കളുമെല്ലാം അതെ പേരിൽ കഥയിൽ വരുന്നുണ്ട്.
ഷിനിയെയും റീനയെയും ഋഷിയെയും സൂര്യകാന്തിയെയും അസീമിനെയുമൊക്കെ അടുത്തറിയാവുന്നത് കൊണ്ടും കഥയിൽ കടന്നുവരുന്ന എഴുത്തുകാരന്റെ മുൻ രചനകളോടു പുലർത്തിയിട്ടുള്ള ആഭിമുഖ്യവും ഒക്കെ കൊണ്ട് തന്നെ ഞാൻ സമകാലികമായ ഒരു സംഘർഷാവസ്ഥയിലൂടെ കടന്നു പോകുകയാണ് എന്ന തോന്നൽ ഉണ്ടായി . വല്ലാതെ രക്ത സമ്മർദമുയര്ന്നും ദീർഘമായി നിശ്വസിച്ചുമൊക്കെയാണ് നോവൽ പൂർത്തിയാക്കാനായത് . വായനക്കാരനും അവന്റെ നട്ടെല്ലിൽ ഒരു തണുത്ത് ലോഹസ്പര്ശം ഏൽപ്പിക്കുന്നുണ്ട് ഈ നോവൽ .
ദേശീയതയെ സംബന്ധിച്ചുള്ള പരിശോധനകൾക്ക് കൂടി ഈയവസരത്തിൽ തയ്യാറാകണം. എന്താണ് ഇന്ത്യയുടെ ദേശീയതയുടെ അടിസ്ഥാനം എന്നു ചോദിച്ചാൽ അത് ബ്രിട്ടീഷ് വിരുദ്ധതയാണ് എന്നു നമുക്കറിയാം. ഒരേ സമയം സാമ്രാജ്യത്വ വിരുദ്ധവും ബഹുസ്വരവുമാണത്.
ഉദാഹരണമായി സാരേ ജഹാൻ സെ അച്ഛാ തമിഴ്‌നാട്ടിൽ വിലപ്പോകുന്ന ഒന്നല്ല . അവിടെ സുബ്രഹ്മണ്യ ഭാരതിയെ ഉദ്ധരിക്കണം. അന്നൊന്നും അത്തരം നിരാസങ്ങൾ ദേശവിരുദ്ധമായിരുന്നില്ല. മറിച്ചു ആ സമഗ്രമായ ഉൾകൊള്ളൽ ആയിരുന്നു നമ്മുടെ ദേശീയത.
ദേശീയ ഗാനം എഴുതിയ ടാഗോർ ഗീതാജ്ഞലിയിൽ ഇങ്ങനെ എഴുതുന്നു.
എവിടെ നിർഭയമാകുന്നു മാനസം അവിടെ നിൽക്കുന്നു ശീർഷം സമുന്നതം
ഓരോ മനുഷ്യനും സ്വാഭിമാനത്തോടെ തലയുയർത്തി ജീവിക്കാൻ വേണ്ടിയാണ് നാം സ്വാതന്ത്ര്യം നേടിയത്. അതിനു ഭയരഹിതമായ ജീവിതം അത്യാവശ്യമാണ്. ഇന്നു നിങ്ങൾക്കു ഭയരഹിതമായ ജീവിതം ഈ രാജ്യം തരുന്നുണ്ടോ എന്നൊരു ചോദ്യം ഈ നോവൽ ഉയർത്തുന്നുണ്ട്.
മറ്റൊന്ന് നോവലിന്റെ തലക്കെട്ടിനെ കുറിച്ചാണ്. എന്താണ് 124 എന്നു ചോദിച്ചാൽ അതു രാജ്യദ്രോഹക്കുറ്റമാണ്. അത് സമകാലിക ഇന്ത്യയിൽ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി സംസാരിച്ചവരെല്ലാം തന്നെ 124 ലംഖിച്ചവരാണ് . സ്റ്റാൻ സ്വാമി ഇന്നില്ല . വരവര റാവു ജയിലിലാണ്.
ഗാന്ധിയുടെ ജീവചരിത്രത്തിൽ 1922 മാർച്ച് 21 എന്ന ദിനം രാമചന്ദ്രഗുഹ ഇങ്ങനെ വരച്ചിടുന്നു.
‘ഗാന്ധി യെർവാടാ ജയിലിൽ എത്തി. ക്രമനമ്പർ 827 ആയിരുന്നു അദ്ദേഹത്തിന്റെ നമ്പർ. അദ്ദേഹത്തിന്റെ പേരിനു നേരേ അവർ ഇങ്ങനെ എഴുതി. കുറ്റം, വകുപ്പ് 124 എ യുടെ ലംഘനം.’
എന്തായിരുന്നു ഗാന്ധി ലംഘിച്ചത്. അത് ബ്രിട്ടീഷ് രാജിനെതിരെ ലേഖനം എഴുതി എന്ന കുറ്റമാണ്. വർഷം 100 കടന്നു പോയിരിക്കുന്നു. ഇപ്പോഴും സർക്കാരിനെതിരെ സംസാരിക്കുന്നവർ 124 എ എന്നെഴുതി ജയിലിലേക്ക് തന്നെ പോകുന്നു. അവിടെയാണ് 75 കൊല്ലത്തെ സ്വാതന്ത്ര്യം എന്നതുകൊണ്ട് നാം നേടിയതെന്ത് എന്നു ചിന്തിക്കാനുള്ളത്. ബ്രിട്ടീഷ് രാജിന്റെ തിരുശേഷിപ്പുകളെ അഭിമാനത്തോടെ ഉയർത്തിക്കാട്ടി ഭരണം നിർവഹിക്കുന്നവർ വാർത്തമാനകാലത്തെ നൂറ്റാണ്ടുകൾ പിന്നോട്ടു നടത്തുകയാണ്. രാഷ്ട്രം മൊത്തത്തിൽ ഒരു പോലീസ് സ്റ്റേഷനാണ് അതിന്റെ ഉമ്മറത്ത് കെട്ടിയിടപ്പെട്ട കാവൽക്കാരന്റെ പദവിയുണ്ടെങ്കിലും കുരയ്ക്കാൻ മാത്രം അനുവാദമുള്ള നായയാണ് ജനാധിപത്യം .
കാലത്തിന്റെ ഈ വഴിത്തിരിവിൽ സ്വതന്ത്ര ജീവിതം നഷ്ടമാകുന്നത്തിന്റെ ആകുലതയിൽ ഉഴലുന്ന സമൂഹത്തിന് ഷിനിലാൽ എന്ന എഴുത്തുകാരൻ നൽകുന്ന സാന്ത്വനമാണ് 124.
Comments are closed.