DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികള്‍ക്ക് പ്രിയം പ്രിന്റ് ബുക്കുകളോടോ, ഇ-ബുക്കുകളോടോ?

പുതിയ പുസ്തകം തുറക്കുമ്പോള്‍ ഇപ്പോഴും അറിയാതെ മണത്തുപോകുന്നവരാണ് പലരും. പുത്തന്‍ കടലാസിന്റെയും മഷിയുടെയും മണം ആസ്വദിച്ചു വായനയാരംഭിക്കുന്നതിന്റെ ആ ഗൃഹാതുരത മലയാളിക്ക് ഇന്നും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍. പുസ്തകപ്രേമികള്‍ക്ക് ഇന്നും പ്രിയം പ്രിന്റഡ് പുസ്തകങ്ങളോട് തന്നെയെന്നാണ് പ്യൂ റിസേര്‍ച്ച് സെന്റര്‍ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.

ഇ -ബുക്കുകള്‍/പ്രിന്റ് ബുക്കുകള്‍, പ്രിന്റഡ് ബുക്കുകളുടെ വായനക്കാര്‍/ഇ-ബുക്ക് വായനക്കാര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് പ്യൂ റിസേര്‍ച്ച് സെന്റര്‍ സര്‍വ്വേ നടത്തിയത്.

യു എസിലെ 37% ആളുകള്‍ക്കും പ്രിന്റ് ബുക്കുകളോടാണ് പ്രിയമെന്നും ശേഷിക്കുന്നതില്‍ 28% ആളുകള്‍ പ്രിന്റും ഡിജിറ്റല്‍ ബുക്കുകളും വായിക്കാനാഗ്രഹിക്കുന്നവരാണെന്നും 27% ആളുകള്‍ വായനാശീലമില്ലാത്തവും ഏഴ് ശതമാനം ആളുകള്‍ ഡിജിറ്റല്‍ ബുക്കുകള്‍ മാത്രം വായിക്കുന്നവരാണെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. കാനഡയിലും 56% ആളുകളും പ്രിന്റഡ് പുസ്തകങ്ങള്‍ മാത്രം വായിക്കുന്നവരാണ്. അവിടെ 14% ആളുകള്‍ ഇ-ബുക്കുകള്‍ വായിക്കുമ്പോള്‍ ഏഴ് ശതമാനം ആളുകള്‍ക്ക് ഓഡിയോ ബുക്കുകളോടാണ് ഇഷ്ടം.

കോളജ് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും പ്രിയം പ്രിന്റഡ് ബുക്കുകളോട് തന്നെ.  2011 മുതല്‍ 2019 വരെയുള്ള സര്‍വ്വേ ഫലങ്ങള്‍ പരിശോധിച്ചാല്‍ ഇ-ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നതൊഴിച്ചാല്‍ പുസ്തകപ്രേമികള്‍ക്ക് എക്കാലത്തും പ്രിന്റഡ് ബുക്കുകളോട് തന്നെയാണ് ഇഷ്ടം.

ലോകം ഡിജിറ്റല്‍ സാക്ഷരതയിലേയ്ക്ക് കുതിക്കുമ്പോഴും പുസ്തകങ്ങളും അക്ഷരങ്ങളും ഡിജിറ്റലായപ്പോഴും വായനയോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല, വായന മരിക്കുന്നില്ല. മൊബൈലിലും ഐപാഡിലുമൊക്കെ ഇന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ ലഭിക്കുമ്പോഴും പുസ്തകരൂപത്തിലുള്ളതു വായിക്കുമ്പോഴെ വായന പൂര്‍ത്തിയാകൂ എന്ന സ്ഥിതിയാണ് പുസ്തകപ്രേമികള്‍ക്ക്! ഇപ്പോഴും അച്ചടിച്ച പുസ്തകങ്ങളുടെ പ്രചാരത്തിന് ഇന്നും കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. മുന്‍പത്തേക്കാള്‍ ഉയര്‍ന്ന തോതില്‍ പുസ്തകങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അവ വിറ്റുപോകുന്നുമുണ്ട്.

വായനയുടെ മാധ്യമങ്ങള്‍ ചിലപ്പോഴൊക്കെ മാറിയേക്കാമെങ്കിലും മനുഷ്യന്റെ അറിയാനുള്ള ആഗ്രഹത്തിന് കുറവ് വരാത്തിടത്തോളം കാലം വായന നിലനില്‍ക്കുക തന്നെ ചെയ്യും.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഇ-ബുക്കുകളായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.