DCBOOKS
Malayalam News Literature Website

വിഖ്യാത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു

ജയന്ത് നർലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആൻഡ്‌ കോസ്മോളജി എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്

വിഖ്യാത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂനെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. ഇവിടെ ഡിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

ജ്യോതിശാസ്ത്രം, തമോഗർത്തം, തമോ ഊർജ്ജം എന്നിവയിൽ നിർണായക കണ്ടെത്തലുകൾ അദ്ദേഹത്തിന്റേതായുണ്ട്. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള സങ്കൽപത്തിൽ വ്യക്തത വരുത്തി നിരവധി ഗവേഷണങ്ങളും പ്രസിദ്ധീകരിച്ചു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമിയുടെ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം,ബിർള ശാസ്ത്രപുരസ്കാരം, ഭൗതികശാസ്ത്രങ്ങൾക്കുള്ള ഭട്നാഗർ പുരസ്കാരം,സി.എസ്.ഐ.ആർ മില്ലേനിയം മെഡൽ,പത്മശ്രീ ,ദി വേൾഡ് അക്കാദമി ഓഫ് സയൻസസ്(TWAS) പ്രൈസ് ഇൻ ഫിസിക്സ്,INSA വൈനു-ബാപ്പു മെഡൽ,ഇൻഫോസിസ് പ്രൈസ് ഇൻ ഫിസിക്കൽ സയൻസസ് എന്നീങ്ങനെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

‘ആഫ്‌റ്റർ ദി ഫസ്റ്റ് ത്രീ മിനുട്‌സ് – ദ സ്റ്റോറി ഓഫ് ഔവർ യൂണിവേഴ്‌സ്’ (ആദ്യത്തെ മൂന്നു നിമിഷങ്ങൾക്കു ശേഷം നമ്മുടെ പ്രപഞ്ചത്തിൻറെ കഥ), തിയററ്റിക്കൽ ആസ്ട്രോഫിസിക്‌സ്, ആൻ ഇൻവിറ്റേഷൻ ടു ആസ്ട്രോഫിസിക്‌സ് തുടങ്ങിയ കൃതികൾ പ്രസിദ്ധമാണ്. ജയന്ത് നർലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആൻഡ്‌ കോസ്മോളജി എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

Comments are closed.