വിശ്വേശ്വരയ്യ, ഇന്ത്യയുടെ എഞ്ചിനീയര്‍
അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്
മൈസൂര്‍ ദിവാനും ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയറും ഭാരത രത്ന നേതാവുമായ വിശ്വേശ്വരയ്യയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. സിവിൽ എഞ്ചിനീയർ, ഡാം നിർമ്മാതാവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്ര നിർമ്മാണം എന്നീ മേഖലകളിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. എം. വിശ്വേശരയ്യയുടെ ഓർമ്മയ്ക്കായാണ് സെപ്റ്റംബർ 15ന് എഞ്ചനീയേഴ്സ് ദിനം ആചരിച്ചു പോരുന്നത്.
ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു.
1861 സെപ്തംബര്‍ 15ന് സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോകറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംമ്പ്രദായം അദ്ദേഹം ആവിഷ്കരിച്ചു.
1912ൽ മൈസൂരിലെ ദിവാനായി എം.വിശ്വേശ്വരയ്യ നിയമിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. സാൻഡൽ ഓയിൽ ഫാക്ടറി, സോപ് ഫാക്ടറി, മെറ്റൽസ് ഫാക്ടറി, ക്രോം ടാന്നിംഗ് ഫാക്ടറി, ഭദ്രാവതി അയൺ ആന്റ് സ്റ്റീൽ വർക്ക്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.
Comments are closed.