`കടലിന്‍റെ ദാഹം’ ഇത്തിരി ഭാഷയിൽ ഒത്തിരി കാര്യങ്ങൾ!
`മരണ ദൂതൻ നിന്നെ കൊണ്ടു പോകാൻ വരുന്നത് നീ കാണുന്നില്ലെ? എന്നിട്ടും നിനക്ക് പേടിയില്ലെ?..
പി.കെ. പാറക്കടവിന്റെ ‘കടലിന്റെ ദാഹം’ എന്ന പുസ്തകത്തിന് അനൂപ് അനന്തൻ എഴുതിയ വായനാനുഭവം
ഒത്തിരി കാര്യങ്ങൾ പറയാൻ ഇത്തിരി ഭാഷ മതി എന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുകയാണ് പി.കെ. പാറക്കടവ് തന്‍റെ എഴുത്ത് ജീവിതത്തിലൂടെ. ഡിസി ബുക്സ് പുറത്തിറക്കിയ `കടലിന്‍റെ ദാഹം’ എന്ന പുതിയ സമാഹാരത്തിലും തൻറെ രചനാ ശൈലിയുടെ തനിമ പിന്തുടരുന്നു. ഈ കഥകളിൽ രാഷ്ട്രീയം, പ്രകൃതി, കാലികം, തത്വചിന്ത…അങ്ങനെ മനുഷ്യജീവിതമാകുന്ന പ്രപഞ്ചത്തിലാണ് ഒേരാ കഥയും വേരുറപ്പിക്കുന്നത്. കഥാപാത്രങ്ങളോ കഥാസന്ദർഭങ്ങളോ ഇല്ലാതെ, വായനക്കാരനെ ക്ഷണിച്ചിരുത്താനുള്ള വർണനകളില്ലാതെ, കഥാബീജത്തിലേക്ക് നേരിട്ട് കൊണ്ടുപോവുകയാണ് ഈ സമാഹാരത്തിലെ 66 കഥകളും. ഒരോ കഥയും വായനക്കാരനെ വെറുതെ വിടുന്നില്ല. കഥയുടെയും ചിന്തയുടെയും വെളിച്ചം സമ്മാനിച്ച് മറ്റൊരുതലത്തിലേക്ക് കൊണ്ടുപോകുന്നു. എളുപ്പം വായിച്ച് തീരുന്ന കഥകൾ ഓരോന്നും വിടാതെ പിൻതുടരുന്നവയാണ്.
പലവിധമായ അസ്വസ്ഥതകൾ സമ്മാനിച്ച് കഥ വായനക്കാരന്‍റെ ഉള്ളിൽ പുതിയ ലോകങ്ങൾ തീർക്കുന്നു. ജീവിതം എന്ന കഥയിങ്ങനെ: `ചെടിയിൽ തൂങ്ങിയാടി നിൽക്കുന്ന പഴുത്തിലയോട് പച്ചിലകൾ ചോദിച്ചു.
`മരണ ദൂതൻ നിന്നെ കൊണ്ടു പോകാൻ വരുന്നത് നീ കാണുന്നില്ലെ? എന്നിട്ടും നിനക്ക് പേടിയില്ലെ?..
പെട്ടെന്ന് ഒരാട് ഓടി വന്ന് പച്ചിലകൾ കടിച്ച് ഓടിപ്പോയി. പഴുത്തില ആരെയോ കാത്ത് ഇപ്പോഴും ചെടിയിൽ’.
നമ്മുടെ പഴഞ്ചൊല്ലിനെ തിരുത്തിക്കുന്ന ഒരു മാന്ത്രികതയുണ്ട് ഈ കഥയിൽ.
കാഴ്ച എന്ന കഥയിങ്ങനെ:
` ലോകം പൂട്ടിയ താക്കോലുമായി ഒരു രോഗാണു നടന്നുപോകുന്നു’ ഈ കൊറോണക്കാലത്തെ,
ലോക്ഡൗൺ അനുഭവത്തെ എത്ര സുന്ദരമായാണ് കഥാകാരൻ വരച്ച് വെക്കുന്നത്. പാറക്കടവിനെ സംബന്ധിച്ചെടുത്തോളം ഇത്തിരി ദീർഘമെന്ന് വിളിക്കാവുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്.
എല്ലാം ചിന്തയുടെ വലിയ ലോകം സമ്മാനിക്കുന്നവയാണ്.
വീക്ഷണം എന്ന കഥ-
`കാറ്റ് സ്നേഹത്തിന്റെ തലോടലാണെന്ന് മരത്തിലെ പച്ചിലയും, ക്രൂരതയാണെന്ന് വീണ പഴുത്തിലയും’.
ഇങ്ങനെ, ഒരോ കഥയും മനസിൽ തീർക്കുന്ന പെരുക്കങ്ങൾ ഏറെയാണെന്ന് ഈ സമാഹാരത്തിന്‍റെ വായന ബോധ്യപ്പെടുത്തികൊണ്ടേയിരിക്കുന്നു.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
കടപ്പാട്; മാധ്യമം ഓണ്‍ലൈന്‍
Comments are closed.