DCBOOKS
Malayalam News Literature Website

നമ്മളെങ്ങനെ ഒരു തോറ്റ സമൂഹമായി മാറി?

ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരം ലഭിച്ച കിംഗ് ജോണ്‍സിന്റെ ചട്ടമ്പിശാസ്ത്രം എന്ന പുസ്തകത്തിന് നിശാ ഗന്ധി എഴുതിയ വായനാനുഭവം    

പാർട്ടിക്ലാസുകളിൽ പങ്കെടുത്തില്ലെങ്കിലും, നമ്മളെങ്ങനെ തോറ്റുപോയി എന്ന് ലളിതമായി പറഞ്ഞു തരുന്നൊരു സിനിമയാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സന്ദേശം എന്ന ചലച്ചിത്രം, അതുപോലെ നമ്മളെങ്ങനെ ഒരു തോറ്റ സമൂഹമായി മാറി എന്നതിന്റെ ഉത്തരം, വളരെ ലളിതമായി വരച്ച് വെക്കുന്ന ഒരു മികച്ച പുസ്തകമാണ് കിംഗ് ജോൺസിന്റെ ചട്ടമ്പിശാസ്ത്രം.

Textഎറണാകുളത്തെ വാത്തുരുത്തി എന്ന സ്ഥലത്ത് നിന്ന് കുട്ടനാട്ടേക്ക് പറിച്ച് നടപ്പെടുന്ന അസീസ് എന്ന ഒരു കൂലിത്തൊഴിലാളിയിൽ നിന്ന് പഠാണി അസീസ് ഖാൻ സാഹിബ് എന്നതിലേക്കുള്ള അയാളുടെ പരിണാമത്തിന്റെ കഥ പറയുന്ന നോവലിന്റെ ആദ്യ ഭാഗത്ത് പരാമർശിക്കുന്ന സ്വാതന്ത്ര്യലബ്ധിക്ക് മുന്നേയുള്ള കുട്ടനാടൻ ജീവിതത്തിലൂടെ അന്നത്തെ സമൂഹത്തേയും സമൂഹ്യ ജീവിതത്തിന്റെ പല അടരുകളേയും വളരെ വിദഗ്ധമായി തുറന്ന് വെക്കുമ്പോൾ , നമ്മുടെ സാമൂഹിക അവസ്ഥയുടെ നേർചിത്രങ്ങളാണ് നമുക്ക് മുന്നിൽ വെളിപ്പെടുന്നത്.

തുടർന്ന് ആ നോവലിന്റെ രചയിതാവായ പിന്റോയുടെ കഥ എന്ന മട്ടിൽ അവതരിപ്പിക്കുന്ന രണ്ടാം ഭാഗത്തിലെത്തുമ്പോൾ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും സാമൂഹികമായി നമുക്ക് സംഭവിച്ച മുന്നേറ്റങ്ങൾ എത്രയോ തുച്ഛമാണ് എന്നും നമുക്ക് ബോധ്യമാകും. ബാഹുബലമുള്ളവന് മുന്നിൽ അടിമത്തം വരിക്കാൻ സ്വയംസജ്ജമായ പ്രാകൃത ജനസമൂഹത്തിന്റെ തുടർച്ച തന്നെയാണ് നമ്മളെന്ന ബോധത്തിൽ നിന്നാണ് 56 ഇഞ്ച് നെഞ്ചളവ് പോലും പ്രസക്തമായ മുദ്രാവാക്യം ആയി ഇന്ത്യയിൽ ഇന്നും ഉയർത്തപ്പെടുന്നത് എന്ന് ഈ പുസ്തകം പറയാതെ പറഞ്ഞു വെക്കുന്നു.

ഈ പുസ്തകത്തിലൂടെ ഒരു കഥ പറച്ചിലുകാരനെ മാത്രമല്ല കിംഗ് ജോൺസ് എന്ന കവിയേയും ചിത്രകാരനേയും സവിശേഷമായ വൈദഗ്ധ്യമുള്ള ഒരു നിരൂപകനേയും നമുക്ക് പരിചയപ്പെടാനാവും. കഥ പറഞ്ഞുവെക്കുക മാത്രമല്ല, അതിനെ ഒന്നാകെ എഴുത്തുകാരൻ തന്നെ വിശകലന വിധേയമാക്കുന്നു എന്നത് നോവൽ ഘടനക്ക് ഒരു പുതുമയുടെ പ്രസരിപ്പ് പകർന്നു തരുന്നുണ്ട്.

വളരെ പ്രശസ്തരായ വിധികർത്താക്കൾ ഇഴകീറി പരിശോധിച്ച് ഡി സി  നോവൽ പുരസ്കാരം നൽകി അംഗീകരിച്ച ഈ പുസ്തം തീർച്ചയായും മലയാള നോവൽ സാഹിത്യത്തിന്റെ ഭാവി ശോഭനം തന്നെയെന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. കൂടുതൽ വായനയും പഠനങ്ങളും ചട്ടമ്പിശാസ്ത്രത്തിന് ഉണ്ടാവടെ എന്ന് ആശംസിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.