‘തീണ്ടാരിച്ചെമ്പ്’ പ്രതിരോധം മാത്രമല്ല പ്രത്യാക്രമണം കൂടിയാണ്!
പുരുഷാധികാരവും ദാമ്പത്യവും സ്ത്രീയും പൊളിച്ചെഴുത്തിന് വിധേയമാക്കപ്പെടുന്ന കഥകൾ
മിഥുന്‍ കൃഷ്ണയുടെ ‘തീണ്ടാരിച്ചെമ്പ്’ എന്ന പുസ്തകത്തിന് സുനീഷ് ജോ എഴുതിയ വായനാനുഭവം
സാമൂഹ്യാധീശരൂപങ്ങൾ നിർമ്മിച്ച മനുഷ്യ സ്വത്വത്തിന്റെ ബദൽ സ്വത്വം നിർമ്മിച്ചെടുക്കുകയാണ് മിഥുൻ കൃഷ്‌ണയുടെ തീണ്ടാരിച്ചെമ്പ് കഥസമാഹാരം.
സമൂഹം സൃഷ്ടിച്ച പൊതുബോധത്തിനെതിരായ കലാപം ഇവിടെ കാണാം . പുരുഷാധികാരവും ദാമ്പത്യവും സ്ത്രീയും പൊളിച്ചെഴുത്തിന് വിധേയമാക്കപ്പെടുന്ന കഥകൾ .പെൺകുട്ടികൾ ആൺകുട്ടികളോട് സംസാരിക്കുന്നതു പോലും സംസ്കാര ലംഘനമായ നാട്ടിൽ ആണുങ്ങളോട് കൂസലില്ലാതെ വർത്തമാനം പറയാനും ഏതു സദസ്സിലും തന്റെ അഭിപ്രായം സധൈര്യം പ്രഖ്യാപിക്കാനും കരുത്തരായ ഒരു പിടി കഥാപാത്രങ്ങൾ തീണ്ടാരിമ്പിലെ കഥകളിൽ കാണാം. തീണ്ടാരിച്ചെമ്പ്, മാമസിത, നിന്റെനാമത്തെ പ്രതി, പുപ്പൂത്താൻ, ഉമ്മച്ചിത്തെയ്യം, പുള്ളിച്ചി തുടങ്ങി പതിനൊന്ന് കഥകളുടെ സമാഹാരമാണിത്.
സഹോദരന്റെ മരണം നിർവികാരം നേരിടുന്ന, കല്ല്യാണം കഴിഞ്ഞ് പിറ്റേന്നാൾ ഭർത്താവിനെ ഉപേക്ഷിക്കാൻ മടിയില്ലാത്ത, സ്വത്തു ഭാഗം വയ്ക്കുമ്പോൾ തന്റെ അവകാശം കരുത്തോടെ നേടിയെടുക്കുന്ന തീണ്ടാരിച്ചെമ്പിലെ ലാലിയിലൂടെ മിഥുൻ കൃഷ്ണ സാംസ്കാരികമായി സ്ത്രീകൾക്ക് കൽപ്പിച്ചു കൊടുക്കുന്ന സ്ത്രൈണതയെ പുനർനിർണ്ണയിക്കുകയാണ്. ആർത്തവ നാളിൽ പുറത്താക്കപ്പെടുന്ന സ്ത്രീ അനുഭവിക്കുന്ന ഒറ്റപ്പെടലും ഭയവും പെണ്ണായതിലുള്ള നിരാശയും മനോഹരമായി കഥ കൈകാര്യം ചെയ്യുന്നു. ചെറുപ്പം മുതലേ ആർത്തവം അശുദ്ധമാണെന്ന് കേട്ടു വളരുന്ന സ്ത്രീ സ്വയം അശുദ്ധയാണെന്ന് അംഗീകരിക്കാൻ തയ്യാറാകുമ്പോൾ ലാലി തനിക്ക് നേരിട്ട സംഘർഷങ്ങളിൽ നിന്ന് കരുത്താർജ്ജിച്ച് പ്രതിരോധത്തിനു മാത്രമല്ല പ്രത്യാക്രമണത്തിനും താൻ സന്നദ്ധയാണെന്ന് കാട്ടിത്തരും.
മൂന്നാം ലിംഗത്തിൽ ഉള്‍പ്പെട്ടു എന്ന കാരണത്താൽ മുഖ്യധാരയിൽ നിന്നു മാറ്റി നിർത്തപ്പെടേണ്ടവരാണോ നമ്മുടെ സഹോദരങ്ങൾ ,മക്കൾ ,സുഹൃത്തുകൾ ?അഭയാർത്ഥികൾക്കും ട്രാൻസ്ജെൻഡേഴ്സിനും നമ്മുടെ നോട്ടങ്ങൾക്കപ്പുറം കാഴ്ചാ സ്ഥാനങ്ങളുണ്ടെന്ന് കാട്ടിത്തരുന്നു മാമസിത. കാഴ്ചയുടെ ഭൂമി ശാസ്ത്രത്തെ വിമർശന വിധേയമാക്കുന്ന കഥയാണ് മാമസിത. മനുഷ്യരായി ജനിച്ചവർക്കെല്ലാം തുല്ല്യ നീതി ലഭിക്കുന്നുണ്ടോ ? സ്വന്തം നാട് വിട്ടെറിഞ്ഞ് വീട് വിട്ടെറിഞ്ഞ് പോകേണ്ടി വരുന്ന നാം ഓരോരുത്തരും അഭയാർത്ഥികളാണ് .അങ്ങനെയാകുമ്പോൾ ദേശീയതയുടെ പേരിൽ ജനതയെ അകറ്റി നിർത്തുന്നത് മനുഷ്യത്വപരമാണോ ?ആക്ഷേപങ്ങളുടെ നെരിപ്പോടിൽ എത്ര നാളത്തെ പുകച്ചിലാകാം ലൂയിസിന്റെ നെഞ്ച് പൊട്ടിത്തെറിച്ചെത്തിയ ആ വാഗ്സ്പോടനത്തിനു പിന്നിൽ ? തിരസ്കൃതനൊപ്പം ചേർന്ന് നിന്ന് പുതിയ കാഴ്ചയുടെ സാധ്യത വിവർത്തനം ചെയ്യുന്നു മാമസിത . –
രക്തബന്ധങ്ങൾക്കിടയിലെ പെഡോഫൈൽ എന്ന പാമ്പാണ് തോട്ട വായിക്കുമ്പോൾ മനസിലെത്തുക. ഇച്ചാപ്പി എന്ന കൗമാക്കാരന്റെ ജീവിതാനുഭവങ്ങൾ പൊള്ളിക്കും.
പുതിയ തലമുറയേയും പഴയ തലമുറയേയും സമാകാലിക പ്രശ്‌നത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ് പുള്ളിച്ചി. പാരിസ്ഥിതിക ജാഗ്രതയുടെ കെട്ടുറപ്പിൽ മുന്നോട്ടുപോകുന്ന കഥ ഏറെ പ്രിയപ്പെട്ടതാകുന്നു. ഉമ്മച്ചിത്തെയ്യത്തിലും ദാമ്പത്യത്തിൽ മുടിക്കുള്ള പ്രാധാന്യത്തിലും ജനികത ഭൂപടത്തിലും കുറുക്കത്തിക്കല്ലിലും ഇംപേടിയൻസ് ബക്കാട്ടിയിലും നമ്മൾ കടന്നുപോകുന്ന വഴിത്താരകൾ തെളിഞ്ഞുകത്തുന്നു.
Comments are closed.