DCBOOKS
Malayalam News Literature Website

ഹൃദ്യവും സുഗന്ധപൂരിതവുമായ ഉപമകളുടെ നനുത്ത മഴയുടെ പനിനീർ സ്പർശമേൽക്കണോ?

 

വി.എച്ച്.നിഷാദിന്റെ  ‘മലാലാ ടാക്കീസ്’ എന്ന പുസ്തകത്തിന് ജോണി എം എൽ എഴുതിയ വായനാനുഭവം 

ഹൃദ്യവും സുഗന്ധപൂരിതവുമായ ഉപമകളുടെ നനുത്ത മഴയുടെ പനിനീർ സ്പർശമേൽക്കണോ? എങ്കിൽ വി.എച്ച്.നിഷാദിന്റെ പുതിയ കഥാസമാഹാരമായ മലാലാ ടാക്കീസ് വായിക്കുക തന്നെ വേണം. ‘ഒറ്റരാത്രിയുടെ രാജകുമാരൻ’ മുതൽ ‘ബോബനും മോളിയും’ വരെ പന്ത്രണ്ടു കഥകൾ. പന്ത്രണ്ട് മനുഷ്യാനുഭവങ്ങൾ- വ്യത്യസ്തം, വിചിത്രം, ആഹ്ലാദകരമാം വിധം അപരിചിതം.

സമകാലിക കഥാകാരന്മാരിൽ നിഷാദ് രാജകുമാരൻ തന്നെ. കവിതകളിൽ നിന്നു ആധുനികത പടിയിറക്കിയ ഒരു വാക്കാണ് ‘പോലെ’. അസദൃശ്യവും അന്യാദൃശവുമായ അനുഭവങ്ങളെ ആധുനികമായി ആവിഷ്കരിക്കണമെങ്കിൽ ‘പോലെ’ എന്ന വാക്ക് ഉപേക്ഷിക്കണമായിരുന്നു. നിഷാദിന്റെ കഥകളിൽ പക്ഷേ ആ വാക്ക് ആലിൽ ഇലകളെന്നപോലെ ഇരവിൽ താരകളെന്ന പോലെ സമൃദ്ധം.

Text‘ബിരിയാണിപ്പോത്തിനെപ്പോലെ’ ഹസൻ എളേപ്പാ, ‘മൈലാഞ്ചിക്കറ പോലെ സന്ധ്യ’, ‘ബീഡിപ്പടക്കങ്ങൾ കെട്ടിയിട്ട പോലെ’ കിടക്കുന്ന ഉടലുകൾ, ‘കൊളുത്തുരിയ ലിഫ്റ്റ് പോലെ’ വീഴുന്ന ശരീരം, ‘പൂക്കുട പോലെ പാവാട’ അങ്ങനെ എത്രയെത്രയാണുദാഹരണങ്ങൾ. മിക്കവയും വായനക്കാരുടെ സമ്പർക്കാനുഭവങ്ങളിൽ തേൻ പോലെ പുരളും.

നിഷാദിന്റെ കഥകളിൽ കഥാകൃത്ത് എന്ന ഞാൻ കഥാപാത്രമാകാതിരിക്കാൻ സൂക്ഷിക്കുന്നുണ്ട്, ‘മുഷിഞ്ഞ കടലാസി’ലൊഴികെ. സ്ത്രീയെ ആഖ്യാതാവാക്കുമ്പോഴും പെൺമന: ശാസ്ത്രത്തിന്റെ പൊന്നടരുകളെ നിഷാദിന് വെളിപ്പെടുത്താനാകുന്നെന്ന് ഒറ്റ രാത്രിയുടെ രാജകുമാരനും മലാലാ ടാക്കീസും ജുവതിയും ഡാർക്ക് ഫാന്റസിയുമൊക്കെ തെളിയിക്കുന്നു.

പൊതുവേ കഥാകാരന്മാരുടെ ഗ്രാമ-നഗര ആവിഷ്കരണങ്ങളിൽ പശ്ചാത്തല വർണ്ണനയുടെ അതിപ്രസരമുണ്ടാകും. നിഷാദ് ഇക്കാര്യത്തിൽ ഒരു മിനിമലിസ്റ്റാണ്. ‘മുനീർക്കയിലെ ഒറ്റമുറിവീടുകളും’ ‘ബോബനും മോളിയും’ മികച്ച ഉദാഹരണങ്ങൾ. ആ ഒറ്റമുറിയെ വായനക്കാരനെക്കൊണ്ട് അനുഭവിപ്പിക്കാനുള്ള ജീനിയസ് നിഷാദ് കാട്ടുന്നു.

‘കിണർ ഒരു മനുഷ്യന്റെ ആഴമാണ്’ എന്ന കഥ എന്നെ എന്തു കൊണ്ടൊ ജി.ആർ.ഇന്ദുഗോപൻ എഴുതിയ സമാനമായ ഒരു കഥയെ ഓർമ്മിപ്പിച്ചു. ഡി സി ബുക്‌സിൻ്റെ നാല്‌പത്തിയേഴ് പുതിയ പ്രകാശിതങ്ങളിൽ ഒന്നാണ് മലാലാ ടാക്കീസ്. അപ്പേരുള്ള കഥ ഇക്കാലത്ത് ബിരിയാണിപോലെ, വാങ്ക് പോലെ പ്രസക്തം. അതീവഹൃദ്യം. അവശ്യമായും വായിക്കേണ്ടത്.

പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ

Comments are closed.