‘അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം’; ചരിത്ര സാക്ഷ്യങ്ങളുടെ പുതിയ ഭൂമിക കാട്ടിത്തരുന്ന ചരിത്ര രേഖകള്‍!
വിനിൽ പോളിൻ്റെ അടിമകേരളത്തിൻ്റെ അദൃശ്യ ചരിത്രം എന്ന പുസ്തകത്തിന് ആർ. അനിരുദ്ധൻ എഴുതിയ വായനാനുഭവം
അസാധാരണമായ ഈ ഗ്രന്ഥത്തിലെ വെളിപ്പെടുത്തലുകളും രേഖപ്പെടുത്തലുകളും ആദ്യം അവിശ്വസിനീയം എന്നു തോന്നുമെങ്കിലും ഡോ.വിനിൽ പോൾ നിരത്തുന്ന ചരിത്ര രേഖകൾ നമ്മളെ തീർച്ചയായും ചരിത്ര സാക്ഷ്യങ്ങളുടെ മറ്റൊരു ഭൂമികയിൽ കൊണ്ടെത്തിക്കും. കൊളോണിയൽ കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ സാർവത്രികമായിരുന്ന അടിമവ്യാപാരത്തെപ്പറ്റിയും അടിമകൾ അനുഭവിച്ച അവർണനീയമായ ദുരന്തങ്ങളെപ്പറ്റിയും ഈ ഗ്രന്ഥം സവിസ്തരം പ്രതിപാദിക്കുന്നു. അതോടൊപ്പം അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലുണ്ടായ ക്രിസ്തുമത പ്രവേശനത്തെപ്പറ്റിയും, എങ്ങനെയാണ് അടിസ്ഥാന ജനത ക്രിസ്തുമത സഭകൾക്കുള്ളിൽ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തപ്പെട്ടതെന്നും അന്വേഷിക്കുന്നു.
മലയരയർക്കും നായാടികൾക്കുമിടയിലുണ്ടായ ക്രിസ്തുമതത്തിൻ്റെ തള്ളിക്കയറ്റം ഒരു ചരിത്രാഖ്യായികയിലെന്ന പോലെ ഏറെ ഹൃദയസ്പർശിയായി തന്നെ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. കേരളത്തിലെ ദലിത് ക്രൈസ്തവരുടെ ചരിത്രത്തെയും രാഷ്ടീയത്തെയും വിശകലനം ചെയ്യുന്ന സവിശേഷമായൊരു അദ്ധ്യായം തന്നെ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കൊളോണിയൽ കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന ആഗോള അടിമവ്യാപാരത്തെ സംബന്ധിച്ച് ഗവേഷണം നടത്തി JNU – ൽ നിന്നും ഡോക്ട്രേറ്റ് നേടിയ വിനിൽ പോളിൻ്റെ ആദ്യ കൃതി എന്ന പ്രത്യേകതയും ഈ ഗ്രന്ഥത്തിനുണ്ട്. നമുടെ പരമ്പരാഗത ചരിത്ര ഗവേഷണ മാതൃകകളെയും രചനാശൈലികളെയും കീഴ്മേൽ മറിക്കുന്ന ഡോ.വിനിൽ പോളിൻ്റെ ചരിത്രരചനാ പാഠവം തികച്ചും അഭിനന്ദനാർഹമാണ്.
Comments are closed.