വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതേതരനായ നേതാവായിരുന്നു: കെ എം ജാഫര്‍
ജീവിതത്തിലുടനീളം മതേതര നിലപാടുകള്‍ വളരെ ശക്തമായി പിന്തുടര്ന്നു പോന്നിരുന്ന മതേതരനായ നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് കെ എം ജാഫര്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവായ ചക്കിപറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ നാലാം തലമുറക്കാരനാണ് കെ എം ജാഫര്‍. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മലബാര്‍ പോരാട്ടം ചരിത്രവും നാട്ടുചരിത്രവും ‘ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ കെ എം ജാഫര്‍.
ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കാര്‍ഷിക സമൂഹം നടത്തിയ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ പോരാട്ടത്തിന്റെ യഥാര്‍ത്ഥ ചരിത്രമാണ് പുസ്തകം പറയുന്നത്. ‘ഏറനാടന്‍ പുലി’ എന്നറിയപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവര്‍ത്തനങ്ങളെ രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുകയാണിവിടെ. അതോടൊപ്പംതന്നെ അദ്ദേഹത്തോടൊപ്പം സമരത്തിന് നേതൃത്വം വഹിച്ച ചക്കിപറമ്പന്‍ മൊയ്തീന് കുട്ടി ഹാജി, ആലി മുസ്ലിയാര്, ചെമ്പ്രശ്ശേരി തങ്ങള്‍, മോഴികുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന നേതാക്കളുടെ ത്യാഗനിര്‍ഭരമായ പങ്കിനെയും ഈ കൃതിയില്‍ അനാവരണം ചെയ്യുന്നു. ‘മലബാര്‍ പോരാട്ടം, ചരിത്രവും നാട്ടുചരിത്രവും’ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ജാഫര്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തിയിരുന്നു.
‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദു വിരുദ്ധനായി മുദ്രകുത്തിയിട്ടുണ്ടെങ്കിലും, വാസ്തവത്തില്‍ അദ്ദേഹം അങ്ങനെയല്ല. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രസ്ഥാനത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത നേതാക്കളില്‍ ഹിന്ദു നേതാക്കളും ഉള്‍പ്പെടുന്നു. അദ്ദേഹം ഹിന്ദു വിരുദ്ധനാണെന്ന് തെളിയിക്കാന്‍ തെളിവുകളൊന്നുമില്ല. കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് പോലീസ് M5 എന്ന പ്രത്യേക ടാസ്ക് ഫോഴ്സിനെ ഉപയോഗിച്ചിരുന്നു’. ജാഫര്‍ പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കുഞ്ഞമ്മദ് ഹാജിയുടെ പിതാവ് മൊയ്തീന്‍കുട്ടി ഹാജിയെ ബ്രിട്ടീഷുകാര്‍ വേട്ടയാടി. ഇതെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ അദ്ദേഹം ഒളിവില്‍ പാര്‍ക്കുകയും പിന്നീട് അദ്ദേഹത്തെ പിടികൂടി നാടുകടത്തി ആന്‍ഡമാന്‍ ദ്വീപുകളില്‍ തടവിലാക്കുകയും ചെയ്തു.
ഏകദേശം എട്ടു വര്‍ഷത്തോളം ഈരാറ്റുപേട്ടയില്‍ താമസിച്ച അദ്ദേഹം അവിടെവെച്ച് ഒരു മുസ്ലീം കുടുംബത്തിലെ സ്ത്രീയെ വിവാഹം കഴിച്ചു, അതില്‍ ദമ്പതികള്‍ക്ക് മുഹിയുദ്ദീന്‍കുട്ടി ഹാജി എന്നൊരു മകനുണ്ടായിരുന്നു. ചക്കിപറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജി പിന്നീട് മറ്റൊരു മുസ്ലീം സ്ത്രീയെ വിവാഹം കഴിച്ചുവെന്നും ഇവര്‍ക്കുണ്ടായ മകനായിരുന്നു കുഞ്ഞഹമ്മദ് ഹാജി- ജാഫര്‍ പറഞ്ഞു.
Comments are closed.