DCBOOKS
Malayalam News Literature Website

‘ചട്ടമ്പിസ്വാമികൾ’ കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ

ചട്ടമ്പിസ്വാമികൾ (1853 ആഗസ്റ്റ് 25-1924 മെയ് 5)

കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജന്മവാര്ഷികദിനമാണ് ഇന്ന്. 1853 ആഗസ്റ്റ് 25-ന് തിരുവനന്തപുരത്ത് കൊല്ലൂർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ നാമം. “കുഞ്ഞൻ’ എന്നായിരുന്നു വിളിപ്പേര്. ദരിദ്രകുടുംബാംഗമായിരുന്നതിനാൽ ഔപചാരികവിദ്യാഭ്യാസത്തിന് നിവൃത്തിയില്ലായിരുന്നു. അയൽവീട്ടിലെ കുട്ടികളുടെ സഹായത്തോടെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകൾ വശമാക്കി. പിന്നീട് കണക്ക്, അമരകോശം സിദ്ധരൂപം, ലഘുകാവ്യങ്ങൾ എന്നിവയും ഗുരുമുഖത്തുനിന്ന് അഭ്യസിച്ചു. 15 വയസ്സുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാന്റെ പാഠശാലയിൽ ചേർന്ന കുഞ്ഞനെ ആശാൻ അവിടത്തെ ചട്ടമ്പി (നേതാവ്) ആക്കി. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി’ എന്ന പേരിൽ അറിയാൻ തുടങ്ങി.

ചുമട്ടുകാരനായും കണക്കെഴുത്തുകാരനായും ആധാരമെഴുത്തുകാരനായും അദ്ദേഹം കുടുംബം പുലർത്താൻ പല ജോലികൾ ചെയ്തു. അദ്ദേഹത്തിന്റെ രൂപവും ഭാവവും ഭാഷണവുമെല്ലാം ഒരു സ്വാമിക്ക് ചേർന്നതായതിനാൽ ആളുകൾ ‘ചട്ടമ്പിസ്വാമി’ എന്ന് സംബോധന ചെയ്തുതുടങ്ങി. മനോന്മണീയം സുന്ദരംപിള്ളയുമായുള്ള സൗഹൃദത്തിലൂടെ പാശ്ചാത്യ തത്ത്വചിന്തയും ബൈബിളും മനസ്സിലാക്കി. ഇക്കാലത്ത് തമിഴ് കാവ്യങ്ങളും സംസ്കൃതവ്യാകരണവും പഠിച്ചു. സിദ്ധവൈദ്യത്തിലും അവഗാഹം നേടി. സുബ്ബജടാവല്ലഭവരുടെ ആശ്രമത്തിൽനിന്ന് സംഗീതോപകരണങ്ങളെക്കുറിച്ചും പ്രാഥമികജ്ഞാനം നേടി. പിന്നീട് മർമ്മവിദ്യ, യോഗവിദ്യ എന്നിവയും അറബിഭാഷയും പഠിച്ചു. തുടർന്ന് അദ്ദേഹം ഭാരതയാത്ര നടത്തി. തിരിച്ചെത്തിയ ചട്ടമ്പിസ്വാമിക്ക് തിരുവനന്തപുരത്തിനു സമീപത്തെ ഒരു ഗ്രാമത്തിൽ വെച്ച് ബ്രഹ്മജ്ഞാനം സിദ്ധിച്ചു എന്ന് പറയപ്പെടുന്നു.

ജാതിവ്യവസ്ഥയുടെ അർത്ഥശൂന്യതയെ അദ്ദേഹം പരസ്യമായി എതിർത്തു. ഗ്രന്ഥങ്ങളിലെ പക്ഷപാതങ്ങളെ അദ്ദേഹം തുറന്നുകാട്ടി. സംസ്കൃതത്തിൽ മാത്രം ലഭ്യമായിരുന്ന അറിവുകൾ സാധാരണക്കാരുടെ ഭാഷയിൽ അദ്ദേഹം പകർന്നുനൽകി, വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, ക്രിസ്തുമതനിരൂപണം, പ്രാചീന മലയാളം, വേദാന്തസംഗ്രഹം, വേദാന്തസാരം, ആദിഭാഷ, ക്രിസ്തുമതസാരം, കേരളത്തിലെ ദേശനാമങ്ങൾ, ദേവാർച്ച പദ്ധതിയുടെ ഉപോദ് ഘാതം, ജീവകാരുണ്യ നിരൂപണം, മലയാളത്തിലെ ചില സ്ഥലനാമങ്ങൾ, കേരളചരിത്രവും തച്ചുടയ കൈമളും, തമിഴകം, ദ്രാവിഡമാഹാത്മ്യം തുടങ്ങി ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്. ബോധേശ്വരൻ, പെരുന്നല്ലി കൃഷ്ണൻ വൈദ്യർ, വെളുത്തേരി കേശവൻ വൈദ്യർ, നീലകണ്ഠ തീർത്ഥപാദർ തുടങ്ങിയവർ  അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽപെട്ടവരാണ്. 1924 മെയ് 5 ന് അദ്ദേഹം സമാധിയടഞ്ഞു.

പി.കെ. പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റും കറന്റ് ബുക്‌സും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’ പ്രീബുക്കിങ്  തുടരുന്നു.  2999 രൂപ മുഖവിലയുള്ള പുസ്തകം പ്രീപബ്ലിക്കേഷന്‍ വിലയായ 1,999 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്1000+999 രണ്ടുതവണകളായും പണം അടയ്ക്കാം. ബുക്കിങ്ങിന്- ഡിസി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകള്‍  സന്ദര്ശിക്കൂ. (തിരുവനന്തപുരത്തെ പി കെ പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റിലും പണമടയ്ക്കാം). ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.