DCBOOKS
Malayalam News Literature Website

പരിസ്ഥിതിക്കഥകളും കാര്യങ്ങളും

അംബികാസുതന്‍ മാങ്ങാട്

വാസ്തവത്തില്‍ ഗംഗാശുദ്ധീകരണത്തിന് ഇരുപതിനായിരം കോടിയെന്നല്ല ഒരു കോടിയും മാറ്റിവെക്കേണ്ടതില്ല. മനുഷ്യന്‍ മാലിന്യമൊന്നും ഒഴുക്കാതിരുന്നാല്‍ മതി. ആദ്യ ലോക്ഡൗണ്‍ കാലത്ത് ഗംഗ തെളിഞ്ഞൊഴുകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചതാണല്ലോ. എല്ലാം വോട്ട് മറിക്കാനുള്ള, താല്‍ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടിയുള്ള കണ്‍കെട്ട് വിദ്യകളാണ്. പരിസ്ഥിതിസംരക്ഷണത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച പാരിസ്ഥിതികാഘാത നിര്‍ണയ നിയമ ഭേദഗതി (ഇ.ഐ.എ.) യുടെ കരട് വായിച്ചപ്പോള്‍ നമുക്ക് ഒന്നുകൂടി ബോധ്യപ്പെട്ടതാണ്. രാജ്യത്തിന്റെ സര്‍വ്വനാശത്തിനായുള്ള പുറപ്പാടാണ് ആ വിജ്ഞാപനം.

വര്‍ഷങ്ങള്‍ക്കു മുമ്പാണ്. എഴുത്തുകാരനായ പ്രിയസ്‌നേഹിതന്‍ കൂടിക്കണ്ട നേരത്ത് ഹൃദയപൂര്‍വ്വം എന്റെ കൈ പിടിച്ചു. ”മാഷേ, ഒന്ന് മാറ്റിപ്പിടിച്ചുകൂടേ?” പരിസ്ഥിതി കഥകള്‍ ആവര്‍ത്തിച്ചെഴുതുന്നത് കണ്ടുകൊണ്ടുള്ള ചോദ്യമാണ്. pachakuthiraഞാന്‍ തലകുലുക്കി. മാറ്റിപ്പിടിക്കണം. പക്ഷേ, പിന്നേയും പരിസ്ഥിതി ജാഗ്രതയുടെ കഥകള്‍ പിറന്നുകൊണ്ടേയിരുന്നു.
വാസ്തവത്തില്‍ എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങളാണ്, ബാധയൊഴിപ്പിച്ചു കളയുന്നപോലെ, സ്വാ
സ്ഥ്യം നേടാന്‍ വേണ്ടി ഞാനെഴുതുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിക്കഥകള്‍ തുടരുന്നത്. മാത്രമല്ല, മനുഷ്യനെ ഏറ്റവും ഭയങ്കരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വിഷയവും മറ്റെന്താണ്? ശ്വസിക്കാന്‍ പ്രാണവായുവും കുടിക്കാന്‍ പ്രാണജലവുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോള്‍, മനുഷ്യസൃഷ്ടമായ ആഗോളതാപനത്തിന്റെ വിപര്യയങ്ങളായി ചുഴലിക്കാറ്റുകളും പ്രളയങ്ങളും കാട്ടുതീയുമൊക്കെ ഒന്നിനു പിറകേ ഒന്നായി വന്ന് വിപത്‌സന്ദേശങ്ങള്‍ തുടരുമ്പോള്‍ എങ്ങനെ പരിസ്ഥിതിയെ എഴുതാതിരിക്കും?’കുന്നുകള്‍ പുഴകള്‍’, ‘ആനത്താര’ എന്നിവ എന്റെ പരിസ്ഥിതിക്കഥകളുടെ സമാഹാരങ്ങളാണ്. ഇവ ഒഴിച്ചുള്ള ഇരുപതോളം ചെറുകഥാ സമാഹാരങ്ങളില്‍ മൂന്നോ നാലോ വീതം പരിസ്ഥിതി കഥകളേ ഉള്ളൂ.

കുട്ടിക്കാലം മുതലേ ജൈവപ്ര കൃതി വല്ലാതെ വശീകരിച്ചതിന്റെ നിരവധി ഓർമ്മകൾ എന്നിലുണ്ട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ ‘ജീവിത പ്രശ്നങ്ങൾ ആണ് ആദ്യകഥ. ദാരിദ്ര്യമായിരുന്നു കഥയിലെ പ്രമേയം. എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ രണ്ടാമത്തെ കഥയിലാണ് ആദ്യമായി ജീവജാലം കടന്നുവരുന്നത്. സ്ഥൂലജീ വികളല്ല, വൈറസുകളും ബാക്ടീരിയകളുമടങ്ങിയ സൂക്ഷ്മജീവികൾ ബയോളജി മാഷ്, ചുറ്റും വിചിത്ര രൂപികളായ സൂക്ഷ്മജന്തുക്കൾ ധാരാളമുണ്ടെന്നു പറഞ്ഞതിനെ ഭാവനചേർത്ത് അന്നു രാത്രി തന്നെ കുത്തിയിരുന്ന് കഥയാക്കുകയായിരുന്നു. ഒരു മനുഷ്യന് അപ്രതീക്ഷിതമായി ദിവ്യദൃഷ്ടി സിദ്ധമാകുന്നു. നഗ്നനേത്രങ്ങൾകൊണ്ട് അയാൾ സ്വന്തം ശരീരത്തിലും ചുറ്റിലും ഇഴയുന്ന സൂക്ഷ്മജന്തുക്കളെക്കണ്ട് ഭയവിഹ്വലനായി, ഭ്രാന്തെടുത്ത് ആത്മഹത്യ ചെയ്യുന്നതാണ് കഥയിൽ.

കാസർകോട് ഗവ. കോളേജിൽ പഠിക്കുന്നകാലത്ത് ‘കഥാകൃത്ത്’ എന്ന പരിവേഷത്തോടെ കഴിയുമ്പോൾ എഴുതിയ കഥകളിലൊന്ന് കാമ്പസിൽ ചെറിയൊരു ഭൂകമ്പത്തിന് കാരണമായി. ‘ജനിതകശാസ്ത്രം പ്രൊഫസർ എംഗപ്പനായക്കിന്റെ രാത്രികൾ’ എന്നായിരുന്നു പ്രസ്തുത കഥയുടെ പേര്. ജനിതകശാസ്ത്രം പഠിപ്പിച്ചിരുന്ന പ്രൊഫസർ (ജന്തുശാസ്ത്രമായിരുന്നു ഡിഗ്രിക്ക് ഏതു എന്റെ വിഷയം) ഒരുദിവസം നിയോ ലാമാർക്കിയൻ തിയറി പഠിപ്പിക്കുമ്പോൾ കൗതുകമുള്ള ഒരു സംഭവം ക്ലാസ്സിൽ പറഞ്ഞത് അടക്കിപ്പിടിച്ച കൂട്ടച്ചിരിക്കു കാരണമായി. പക്ഷേ, ഞാൻ ചിരിച്ചില്ല. വീട്ടിലെത്തി, ഗിനി പന്നികളിൽ ജനിതകഗവേഷണം ചെയ്യുന്ന പ്രൊഫസറെ കഥാപാത്രമാക്കി ഒരു കഥയെഴുതി, ‘മലയാള നാട് വാരികയ്ക്ക് അയച്ചുകൊടു ത്തു. മാധവിക്കുട്ടിയുടെയും എം. കൃഷ്ണൻ നായരുടെയും ഒക്കെ പംക്തികൾകൊണ്ട് തിളങ്ങി നിൽക്കുന്ന വാരികയാണ്. കഥ പ്രസിദ്ധീകരിച്ചുവരികയും ചെയ്തു. പക്ഷേ, നടുന്ന ഇപ്പറഞ്ഞ രണ്ട് കഥകളിലും പരിസ്ഥിതി ബോധമുണ്ടെന്നു പറഞ്ഞുകൂട.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ആഗസ്റ്റ്  ലക്കം ലഭ്യമാണ്‌

 

Comments are closed.