ധ്യാനത്തിന്റെ വിത്തുകൾ അസീം താന്നിമൂടിന്റെ കവിതകളില്‍!
അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ‘ എന്ന കവിതാസമാഹരത്തിന് സുനിൽ സി. ഇ എഴുതിയ വായനാനുഭവം.
കവിതയെ ഇക്കോ പൊളിറ്റിക്കലാക്കാൻ പാരമ്പര്യത്തിൻ്റെ ഉറവകൾക്ക്
പുതിയൊരു വേഗവും ഊർജ്ജവും ആവശ്യമാണെന്ന ധാരണകൾക്കിപ്പോൾ മുഴുപ്പ് കൂടുതലാണ്. കാലത്തോട് തൊട്ടുരുമ്മിയും ഇടഞ്ഞും നിൽക്കുന്ന ചില ധ്യാനത്തിൻ്റെ വിത്തുകളെക്കൂടിയാണ് പുതിയ കവി അടക്കം ചെയ്തുവെക്കുന്നത്; വെക്കേണ്ടത്. പ്രകൃതിയില്‍ പ്രകടമാകുന്ന രാഷ്ട്രീയ സാധ്യതകളെ പുതിയൊരു വടിവിൽ ഉടച്ചുവാർക്കാനുള്ള പ്രേരണ അസീം താന്നിമൂടിന്റെ കവിതകളില്‍ വലിയ തോതില്‍ ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. അപ്പോൾ അനുവാചകനിൽ അലച്ചെത്താൻ വഴിയൊരുക്കുന്ന ചോദ്യങ്ങളെ ധ്യാനത്തിൻ്റെ വിത്തിനാൽ പരമ്പരാഗതമായ ശീലുകളാലാണ് അസീം നേരിടുന്നത്. പ്രകൃതിയിൽ സ്പന്ദിച്ചു തുടങ്ങിയ വിപരീത ഭാഷ്യങ്ങളെ കവിതകൊണ്ട് ചോര നനവ് പുരട്ടാൻ എല്ലാം ഒരു റിക്കറൻസിലേക്ക് കടക്കേണ്ടതുണ്ടെന്നാണ് അസീമിൻ്റെ പുതിയ പുസ്തകത്തിന്‍റെ ശീർഷകം പോലും സൂചിപ്പിക്കുന്നത്.
“മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ” എന്ന ശീർഷകം പ്രകൃതിയിലെ
കനിവിൻ്റെ മാധുര്യത്തെയാണ് തിരിച്ചു വിളിക്കുന്നത്. നമ്മുടെ ദേശീയ സ്വഭാവത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ആഴത്തിലുള്ള വൈരുദ്ധ്യങ്ങളെ കൂടി ആ ശീർഷകം സൂചിപ്പിക്കുന്നുണ്ട്. പുതിയ മനുഷ്യന് പ്രകൃതിയോടുള്ള പകയുടെ നാളങ്ങളെ അമർത്തിയടക്കാൻ വഴിയൊരുക്കുന്ന കുറെ പാരിസ്ഥിതിക വിചാരങ്ങളുടെ കാവ്യവേല കൂടിയാണ് ”മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ” എന്ന അസീം താന്നിമൂടിന്‍റെ കാവ്യ സമാഹാരം. ജൈവ ചൂഷണങ്ങളുടെയും ജല യുദ്ധങ്ങളുടെയും വിത്തു മോഷണങ്ങളുടെയും കാലത്തെ യാതനകളെ ഒരു കവിക്ക് എങ്ങനെയാണ് വിട്ടു കളയാനാവുക.പ്രകൃതിയുടെ ഹൃദയാന്തർ ഭാഗത്ത് വിവരണാതീതമായ ഒരു ശൂന്യത കുടികൊള്ളുന്നുണ്ടെന്ന് ശീർഷകം മാത്രമല്ല,പുസ്തകത്തിലെ ഭൂരിഭാഗം കവിതകളും സാക്ഷ്യപ്പെടുത്തുന്നു. കാറ്റിൻ് റെ ചിറകിൽ നൃത്തമാടുന്ന വിത്തുകൾ അപ്പോൾ മരങ്ങളെ തിരിച്ചുവിളിക്കുമെന്നു തന്നെയാണ് അസീം വിശ്വസിക്കുന്നത്. പ്രകൃതിയോടൊപ് പം സഞ്ചരിക്കുന്ന ആത്മഗതങ്ങളാണ് അസീമിൻ്റെ കവിതകൾ. കവിതയിൽ വിതിർത്തിട്ടിട്ടുള്ള ധ്യാനത്തിൻ്റെ ഭാവഗീതികളെമനസ്സിലാക്കാൻ കവിതയില്‍ പ്രകടമാകുന്ന മികവാര്‍ന്ന മുറുക്കങ്ങളിലൂടെയും കൈയ്യടക്കങ്ങളിലൂടെയും സസൂക്ഷ്മം സഞ്ചരിച്ചേ മതിയാകൂ…
വാക്കുകളുടെ കൊച്ചുദ്വീപ്
അസീമിൻ്റെ ഓരോ കവിതകളും ഓരോ ദ്വീപുകളാണ്. അതിൻ്റെ തീരത്തു കൂടിയുള്ള അലയലാണ് അതിൻ്റെ അടഞ്ഞ ഭാവിയിൽ നിന്നും നമ്മെ മോചിപ്പിച്ചു നിർത്തുന്നത്. ഓരോ വിത്തിൻ്റെ നടയ്ക്കലും ഒരു മരത്തിൻ്റെ പുതിയ തുടിപ്പുണ്ടെന്ന് പറയുമ്പോൾ തന്നെ അതിൽ ശോകസൗരഭത്തിൻ്റെ അംശം കൂടി വിളക്കപ്പെട്ടിട്ടുണ്ടെന്ന് അസീം തിരിച്ചറിയുന്നു. മനുഷ്യൻ്റെ എല്ലാ വഞ്ചന മുറ്റിയ നടപടികളെയും കവിതകൊണ്ട് നേരിടുകയാണ് അസീം. മനുഷ്യൻ മദിച്ചു നടക്കുന്ന ഭൂമി മറ്റു പലതിനും കൂടി അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കുന്ന ചില കവിതകളും ഈ പുസ്തകത്തിലുണ്ട്. പ്രകൃതിയിലെ നീണ്ടുനീണ്ടു പോയ ചോരയുടെ പാത താണ്ടാനും കവിതയുടെ കൊടി നാട്ടി പരിസ്ഥിതിയെ വീണ്ടെടുക്കാനും സഹായിക്കുന്ന ചില കവിതകൾ ഉദ്ധരിച്ചാൽ വാക്കുകളുടെ കൊച്ചു ദ്വീ പൊരുക്കുന്ന സന്ദേഹങ്ങൾ നമുക്ക് ബോദ്ധ്യമാകും.
കാടു വരയ്ക്കാൻ
എളുപ്പമാണ് …
കുറേ മരങ്ങളെ
നിരത്തി വരച്ച്
നിബിഢമാക്കി
നിവർത്തിവച്ചാൽ മതി…
(കാടുവരയ്ക്കൽ)
അണമുറിയാത്തൊരാഗ്രഹ-
മാണത്
പടർന്നേറാനുള്ള അതിൻ്റെ
ആശ
അതിജീവനത്തിൻ്റെ
ആവേശമാണ്.
(മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് )
ദുരൂഹ ജീവിതം മടുത്തൊരു ജല-
ത്തുടിപ്പു ചെന്നൊരു കിണറ്റിലൂറുന്നു.
(ജലമരം)
എക്കാലവും ഈടു നിൽക്കുമെന്ന വെറും മുൻവിധി -കളല്ല അസീമിൻ്റെ പ്രകൃതി ദർശനങ്ങൾ. ശരീരം മറന്ന് പ്രകൃതിയിൽ ലയിച്ചു ചേരാൻ കാത്തു നിൽക്കുന്ന ഒരു കവിയുടെ ധ്യാനശീലുകളാണ് ഉദ്ധരിച്ച ഓരോ കാവ്യ വരികളും. കാടുകൾ നാടുകടത്തപ്പെട്ടുവെന്നും വരാനിരിക്കുന്ന തലമുറയ്ക്ക് അതിൻ്റെ രേഖാചിത്രങ്ങളെ കാട്ടിക്കൊടുത്ത് കാടിൻ്റെ കൂട്ടക്കരച്ചിലിനെ നിറങ്ങളിൽ ചാലിക്കാനേ ഇനി നമുക്കാകുകയുള്ളുവെന്നും തന്നെയാണ് ” കാടുവരയ്ക്കലിൽ ” അസീം കുറിച്ചിടുന്നത്. ജലം ഒരു ദുരൂഹ ലായനിയാണെന്നും അതിൻ്റെ രഹസ്യാത്മകതയെ ഉടയ്ക്കലിൻ്റെ ഭാഗമാണ് കിണറ്റിലേക്കുള്ള ജലത്തുള്ളിയുടെ കുടിയേറ്റമെന്ന നിലയിലും “ജലമരം “എന്ന കവിതയെ വായിക്കാം.എല്ലാ മരങ്ങൾക്കും അതിജീവനത്തിൻ്റെ ആവേശമുണ്ടെന്ന രാഷ്ട്രീയ അവബോധമാണ് “വിത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ” എന്ന കവിതയുടെ ദർശനം. അസീമിൻ്റെ കവിതകളിലെ ഭരണവർഗം വാക്കുകളുടെ ഓരോരോ കൊച്ചു ദ്വീപുകളാണ്. കവിതയെ ചോര ചൊരിച്ചിലാക്കി മാറ്റിയ ഒരു കവി ഭാഷയിൽ ലയിപ്പിച്ച ധ്യാനത്തിൻ്റെ വിത്തുകളാണിതൊക്കെ.
മൈക്രോയിസം
ജപ്പാൻ സാഹിത്യത്തിലെ മൂന്നിൻ്റെ ഗണിതം മാത്രമല്ല മൈക്രോ കവിത. അത് ചെറിയ മീറ്ററിൽ ആവിഷ്കൃതമാകുന്ന എല്ലാത്തരം രചനകളെയും ആ ആവൃതിക്കുള്ളിൽ ഉൾക്കൊള്ളുന്നുണ്ട്. അസീമിൻ്റെ ഈ കൃതിയുടെ ഒരു പ്രധാന സവിശേഷത ഇതു മൈക്രോ രചനകൾ കൊണ്ടു സമ്പന്നമാണെന്നുള്ളതാണ്. ഹൃദയത്തെ തീയിൽ ചാടിക്കലാണ് ചെറിയ രചനകളുടെ അലിഖിത നിയമം. ഹൃദയത്തിൻ്റെ ആജ്ഞ അനുസരിക്കുന്ന ഒരാൾക്കേ ചെറിയ വരികൾ കൊണ്ട് വിസ്മയങ്ങൾ തീർക്കാനാവൂ. വികാരഭരിതമായ വാർത്താ ശകലങ്ങളെ ഭാരത്തോടെ കൈയാളുന്ന ഒരു കവിയുടെ വിരലുകൾ കവിത കടയുമ്പോൾ അതിൽ കാലത്തിൻ്റെ മുറിവുകൾ പെട്ടെന്ന് കുറ്റിയടിച്ചു വരുന്നതു കാണാം. മുറിവുകളെ പടിപടിയായി ക്ഷയിപ്പിച്ചെടുക്കാനുള്ള ഒരു ആൽക്കെമി അത്തരം കവിതകൾ സൂക്ഷിച്ചു വെയ്ക്കുന്നതും കാണാം.
ഏറെ നോവോടെ
ആ പൂവു കൊഴിഞ്ഞു പോയി.
അതിലേറെ ആഹ്ലാദത്തോടെ
വേരതെടുത്തോണ്ടു പോയി.
(ഏറെ)
എത്രമേൽ ദ്രവിച്ചത്
അത്രമേൽ പഴയത്
(നിഗൂഢം)
മാറി വരുന്ന വായനാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഒരാളെ സഹായിക്കുക മൈക്രോ ആഖ്യാനങ്ങളാണ്. ബൃഹദാഖ്യാനത്തിനു കുത്തനെ എതിർ നിൽക്കുന്ന
ഈ കവിതകൾ നമ്മുടെ ബോധത്തിൻ്റെ നടുപ്പകുതി -യിൽ മറവിയെ തട്ടിമറിച്ച് എപ്പോഴും ഓർമ്മയായി നിൽക്കും. മൈക്രോ രചനകൾ അങ്ങനെ നമ്മെ തിരുത്താനുള്ള മർദ്ദക ഭരണകൂടമായി ഒപ്പം നടക്കും. തിരുത്തലിൻ്റെ പ്രഭാപൂരം തങ്ങിനിൽക്കുന്ന അത്തരം കവിതകൾ പുതിയ പുതിയ അകംപൊരുളുകളാണ് നമുക്ക് സമ്മാനിക്കുന്നത്.
പൂവുകളുടെ കൊഴിഞ്ഞു വീഴൽ വേരുകളുടെ തീറ്റയാണെന്ന് അസീം എഴുതുമ്പോഴും എല്ലാ ദ്രവീകരണങ്ങളും പഴമയുടെ പ്രായത്തെ അനാവരണ പ്പെടുത്തലാണെന്നു പറയുമ്പോഴും ലഘു ആഖ്യാനത്തിനുള്ള വിസ്തൃത അർത്ഥലോകത്തെയാണ് നാം അടുത്തറിയുന്നത്. ‘മുറിവ് ‘ , ‘മനസ്സ്’ ,’ വൈഭവം ‘, ‘ലഹരി ‘ , തുടങ്ങി എത്രയോ മൈക്രോ രചനകളാണ് കാല വായനയെ എളുപ്പമാക്കുന്നവയായി ഈ കാവ്യപുസ്തകത്തിൽ ഇടം നേടുന്നത്.
അനുബന്ധം
എൻ്റെ ഫോൺ
അതു മൂന്നായ് ചിതറി
വിവിധ ഭാഗങ്ങളിലായി കിടക്കുന്നു
അതിലായിരുന്നല്ലോ ആ
നമ്പർ
ദൈവത്തിൻ്റെ സ്ഥിരം നമ്പർ
(ദൈവത്തിൻ്റെ ഫോൺ നമ്പർ)
തത്വശാസ്ത്രത്തിലെയും ദൈവശാസ്ത്രത്തിലെയും ഗോഡ് ടോക്കുകൾക്ക് (god – talks) വ്യാപ്തിയുണ്ടാകുന്നത് അത് ഇതര മാധ്യമങ്ങളിലേക്ക് അതിൻ്റെ കവാടം തുറന്നിടുന്നതുകൊണ്ടാണ്. ദൈവത്തിൻ്റെ വാസഗൃഹമായ ആകാശത്തെക്കുറിച്ചും പാദപീoമായ ഭൂമിയെക്കുറിച്ചും ശബ്ദ മണ്ഡലമായ പ്രകൃതിയെ കുറിച്ചും എഴുതുന്ന ഒരു കവി തൻ്റെ പുസ്തകം അവസാനിപ്പിക്കുന്നത് ദൈവത്തിൻ്റെ ഫോൺ നമ്പർ തിരഞ്ഞുകൊണ്ടാണ് . ഇതും കവിതയിലെ ധ്യാനത്തിൻ്റെ വിത്തുപാകലാണ്. വായനക്കാരൻ്റെ ആസ്വാദന
ഗ്രന്ഥികളിലേക്ക് കയറ്റി വിടുന്ന ഓർമയുടെ വിത്തുകളായി കൂടി ഈ കവിതകൾ സ്വീകരിക്കപ്പെട്ടിരുന്നെങ്കിൽ. ….!
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.