‘ട്രാന്‍സലേഷന്‍’ സീന ജോസഫ് എഴുതിയ കവിത
സീന ജോസഫ്
പകര്‍ത്തി എഴുതുമ്പോള്‍
എന്റെ ഹൃദയം
നിന്നെ തൊടുന്നു
എന്റെ
ആലോചനകള്‍
നിന്നെ
ആലിംഗനം ചെയ്യുന്നു
ആദ്യമായി
കാണുന്നുവെങ്കിലും
അനന്തകാലം
അറിഞ്ഞിരുന്ന പോലെ
കണ്ണുകള്‍ ഗൂഢം
തമ്മില്‍ കോര്‍ക്കുന്നു
പകര്‍ത്തി എഴുതുമ്പോള്‍
നിന്റെ വാക്കുകള്‍
കരഞ്ഞും ചിരിച്ചും
കലഹിച്ചും
എന്റെ മഷിത്തുമ്പിലൂടെ
ഒഴുകുന്നു
എന്നോ ജനിച്ച്
എവിടെയോ ജീവിച്ച്
ആരെയോപ്രണയിച്ച
നിന്നെ
എന്നിലേക്ക് ഞാന്‍
ചേര്‍ത്തുവയ്ക്കുന്നു
പകര്‍ത്തി എഴുതുമ്പോള്‍
നീ നടന്നലഞ്ഞ
നാളുകള്‍
ഞാന്‍
ജീവിച്ചുനോക്കുകയാണ്
നിന്റെ വഴിയിറമ്പിലെ
മണല്‍ത്തരികള്‍
എന്റെ
ഉള്ളംകാലില്‍
കിരുകിരുക്കുന്നു
നിന്റെ കാലിലുടക്കിയ
മുള്‍ച്ചെടികള്‍
എന്നെയും
നോവിക്കുന്നു
എന്റെ ഉള്ളില്‍
ഒളിഞ്ഞിരിക്കുന്ന നിന്നെ
വാക്കുകളുടെ നെഞ്ചില്‍
ജീവനൂതി
കുശവചാതുരിയില്‍
ഞാന്‍
മെനഞ്ഞെടുക്കാന്‍
ശ്രമിക്കുന്നു
പകര്‍ത്തി എഴുതുമ്പോള്‍
അടര്‍ന്നു വീണുകിടക്കുന്ന
എന്നെ
കാലങ്ങള്‍ക്കപ്പുറമുള്ള
കാണാ വിരലുകളാല്‍
നീ
വാരിയെടുക്കുകയാണ്,
ഇനിയുമിനിയും ജീവിക്കൂ
എന്ന് മന്ത്രിക്കുകയാണ്
നിന്റെ മായികപ്രഭാവത്തില്‍
ഞാന്‍
പുതുതാവുകയാണ്,
പുനരെഴുതപ്പെടുകയാണ്.
ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.