പാർശ്വവല്കരിക്കപ്പെട്ട മത്സ്യങ്ങൾക്ക് വേണ്ടി
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ബക്കര്‍ മേത്തലയുടെ ‘ചാള ബ്രാല്‍ ചെമ്മീന്‍ തുടങ്ങിയ ചില മത്സ്യങ്ങളെക്കുറിച്ച്’ എന്ന പുസ്തകത്തെക്കുറിച്ച് ഇളവൂര്‍ ശ്രീകുമാര്‍ എഴുതിയത്
സാഹിത്യത്തിന് അഭിജാത വിഷയങ്ങളോട് വിധേയത്വമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അഭിജാത വിഷയം എന്നൊന്നുണ്ടോ എന്നുള്ളതാണ് അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം. അങ്ങനെയൊന്ന് എഴുത്തിന്റെ ഭൂതകാല പൊതുബോധം ഉണ്ടാക്കിയിരുന്നുവെന്നതാണ് വാസ്തവം. എന്നാൽ പിൽക്കാലത്ത് ഈ പൊതുബോധം തച്ചുടയ്ക്കപ്പെടുകയും അഭിജാതരഹിതമെന്ന് ധരിച്ചിരുന്ന പാർശ്വവല്കൃത ജീവിതങ്ങൾ സാഹിത്യത്തിന്റെ മുഖ്യധാരയിൽ സജീവമാകുകയും ചെയ്തു. ഇതൊരു വലിയ കുതിപ്പായിരുന്നു. പ്രമേയ വൈവിധ്യത്തിന്റെ അതിർവരമ്പില്ലാത്ത ലോകമാണ് ഇന്ന് കലയുടേത്. പക്ഷേ ഇപ്പോഴും ജീവിതത്തിന്റെ പുറമ്പോക്കുകളിൽ കഴിയുന്നവരെക്കുറിച്ച് നാം വേണ്ടത് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിനിൽക്കുന്നുണ്ട്
ബക്കർ മേത്തലയുടെ ചാള ബ്രാൽ ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളെക്കുറിച്ച് എന്ന കവിതാ സമാഹാരം പേര് സൂചിപ്പിക്കുംപോലെ സാധാരണക്കാരന്റെ തീൻമേശയിലെ മത്സ്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. മത്സ്യങ്ങളുടെ അഭിജാതകുലത്തിൽ പെടുത്താത്ത ഇവയെ കവിതയുടെ സർഗ്ഗാത്മക പീഠങ്ങളിൽ പ്രതിഷ്ഠിക്കുന്നതിലൂടെ കവി തന്റെ നിലപാടു കൂടി വ്യക്തമാക്കുകയാണ്. കരിമീനേ, സംസ്ഥാന മത്സ്യമാകാൻ എന്തു യോഗ്യതയാണ് നിനക്കുള്ളത് എന്നും ശരിക്കും ഈ സ്ഥാനം എനിക്കായിരുന്നു കിട്ടേണ്ടത് എന്നുമുള്ള ചാളയുടെ ആവലാതിക്കൊപ്പമാണ് കവിയും സഞ്ചരിക്കുന്നത്. പണക്കാരുടെ തീൻമേശയിലും ഫൈവ്സ്റ്റാർ ഹോട്ടലുകളിലും മാത്രം പൊള്ളിയും പൊരിഞ്ഞും സായുജ്യമടയുന്ന കരിമീനല്ല കടലിന്റെ ആഴവും വ്യാപ്തിയുമറിഞ്ഞ ലോകസഞ്ചാരത്തിനു പ്രാപ്തനായ പാവങ്ങളുടെ ചട്ടിയിലും കലത്തിലും രസം പകരുന്ന ചാളയ്ക്കാണ് സംസ്ഥാന മത്സ്യമാകാൻ യോഗ്യതയെന്ന ചാളയുടെ നിലപാടുറപ്പിക്കുകയാണ് ഈ സമാഹാരത്തിലെ കവിതകൾ.
പ്രമേയത്തിലെ വൈവിധ്യം കൊണ്ടും ആവിഷ്ക്കാരത്തിന്റെ ലാളിത്യം കൊണ്ടും കാവ്യഭാഷയിലെ ആഡംബരമില്ലായ്മ കൊണ്ടും മികച്ച വായനാനുഭവം നൽകുന്ന കൃതിയാണ് ചാള ബ്രാൽ ചെമ്മിൻ തുടങ്ങിയ മത്സ്യങ്ങളെക്കുറിച്ച്. ഭാവഗീതംപോലെ മോഹനമായ ഗദ്യഭാഷയുടെ സൗമ്യസംഗീതം കവിതകളിലൂടനീളം വായനക്കാർ അനുഭവിക്കുന്നു. കാല്പനികതയുടെ ലോല ഭാവുകത്വത്തെ തച്ചുടയ്ക്കുന്ന ഒട്ടേറെ കവിതകളും സമാഹാരത്തിൽ കാണാം. അതേ സമയം കാല്പനിക ഭാവനയെ തലോടിയുണർത്തുന്ന കവിതകളുമുണ്ട്. ഏതെങ്കിലും ഒരഭിരുചിയുടെ ഡൈമെൻഷനിൽ നോക്കികാണുമ്പോഴാണ് എഴുത്തുകാരൻ ഒരേ സമയം പല ദിശകളിൽ സഞ്ചരിക്കുന്നത്. ബക്കർ മേത്തലയുടെ കവിതകൾ ഏകതാനത കണ്ടെത്താനാകാത്തവയാകുന്നത് അതുകൊണ്ടാണ്.
മീനിൽ നിന്നു നദിയിലേക്കും കടലിലേക്കും പ്രകൃതിയിലേക്കും ജീവിതത്തിലേക്കും മാറിമാറി ഓടിക്കൊണ്ടിരിക്കുന്ന കവിതകളാണ് ബക്കറിന്റേത്. സൂര്യാതപത്തി ൽ ചുംബനച്ചുടിൽ/ ഇതൾ വിരിയും ജലപുഷ്പഭംഗിയില്ല (ഇതുവഴി ഒരു പുഴ ഒഴുകിയിരുന്നു), ഭൂമിയുടെ ചൊടികളിൽ /ജലാധരങ്ങളാൽ ചുംബിക്കുമ്പോൾ/ മഴ ഒരു കാമുകനാണ്( മഴയുടെ നാനാർത്ഥങ്ങൾ), ഒരു മത്സ്യം മാത്രം /കരയുന്ന നക്ഷത്രം പോലെ/ ഫ്രെയിമിൽനിന്ന് വേർപെടാനാവാതെ/ ആകാശത്തിനും കടലിനും മധ്യേയായി/ പിടഞ്ഞു കൊണ്ടിരുന്നു (ചിത്രശാലയിലെ മത്സ്യങ്ങൾ), ജലാസക്തിയിൽ നിന്നും ഉഷ്ണതല്പത്തിലേക്ക്/ വിവർത്തനം ചെയ്യപ്പെടുന്ന മത്സ്യം/ കസവുനൂൽ കൊണ്ട് നെയ്യുന്നത്/ മരണക്കൊട്ട (പൂച്ചയും മീനും) എന്നിങ്ങനെയുള്ള വാങ്മയ ചിത്രങ്ങളിലെ പ്രയോഗങ്ങളിൽ പ്രകൃതിയിലെ ജീവതാളങ്ങളോട് ഐക്യപ്പെടുന്ന ഒരു മനസ്സുണ്ട്. ശാന്തമായ ഒരു തടാകം പോലെയാണ് പല കവിതകളെയും നാം പരിചയപ്പെട്ടു തുടങ്ങുന്നത്. പക്ഷേ കവിയുടെ ഉള്ളിലെ കലാപ സന്നദ്ധമായ മനസ്സ് അവയിലെപ്പോഴെങ്കിലും വെളിച്ചപ്പെടും. ഭൂമിയുടെ ഹൃദയത്തോട് ചെവി ചേർത്തുവയ്ക്കുമ്പോൾ കേൾക്കുന്ന ലാവയായ് പൊട്ടിയൊഴുകാൻ കൊതിക്കുന്ന അഗ്നിയുടെ ഉഷ്ണഭരിതമായ ഉത്കണ്ഠകൾ കവിയുടെ ഉള്ളിൽ നിന്നു തന്നെയാണ് വരുന്നത്.
മത്സ്യങ്ങളുടെ ബിനാലെ, മീൻ കാരാ നീ എന്തെക്കെയാണിപ്പറയുന്നത്? സങ്കീർത്തന പുസ്തകത്തിൽ എഴുതിച്ചേർക്കേണ്ടത്, ഇതുവഴി ഒരു പുഴ ഒഴുകിയിരുന്നു. കവിതമരം, അറിയില്ല, കവിസംഗമം എന്നിങ്ങനെ മനസ്സിൽ അശാന്തിയും മികച്ച കാവ്യാനുഭവവും നൽകുന്ന ഒട്ടേറെ കവിതകൾ കൊണ്ട് സമ്പന്നമാണ് ചാള ബ്രാൽ ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളെക്കുറിച്ച് എന്ന സമാഹാരം. കവിത ബക്കർ മേത്തലയ്ക്ക് നേരമ്പോക്കിനുള്ള ഉപാധിയല്ല. അത് ചിന്തയുടെയും അനുഭവങ്ങളുടെയും പ്രയോഗ മാധ്യമമാണ്. കവിത ഇവിടെ നിരാർദ്രമായ വാക്കുകളുടെ പടം പൊഴിച്ച് ഉൺമയുടെ സാന്ദ്രധ്വനികളായി മാറുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
കടപ്പാട്- പച്ചമലയാളം മാസിക
Comments are closed.