മുകിലന്റെ അക്രമണത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങളെയും ചരിത്ര രേഖകളെയും ആസ്പദമാക്കി രചിക്കപ്പെട്ട നോവല്‍!
ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‘ എന്ന നോവലിന് പ്രദീപ് കുമാര്‍ എഴുതിയ വായനാനുഭവം.
തിരുവിതാംകൂറിന്റെ ചരിത്രത്തെ ആസ്പദമാക്കി വളരെക്കുറച്ച് നോവലുകളേ വന്നിട്ടുള്ളൂ. അതിൽ പ്രമുഖം സി വി രാമൻപിള്ള രചിച്ച മാർത്താണ്ഡവർമ്മ, ധർമരാജ, രാമരാജ ബഹാദൂർ എന്ന നോവൽ ത്രയങ്ങളാണ്. സി വി യുടെ പ്രതിഭക്കുമുന്നിൽ പിടിച്ച് നിൽക്കാൻ സാധ്യമാകാത്തത് കൊണ്ടാണ് തെക്കൻ തിരുവിതാംകൂറിൽ നിന്നും നല്ല രചയിതാക്കൾ ഉണ്ടാകാത്തതെന്ന് എസ് വി വേണുഗോപൻനായർ നിരീക്ഷിച്ചിട്ടുണ്ട്.
തിരുവിതാകൂർ ചരിത്രത്തെ ആധാരമാക്കി വൈക്കം ചന്ദ്രശേഖരൻ നായരുടെ വേണാട്ടമ്മ, വൈക്കത്തിന്റെ തന്നെ സ്വാതിതിരുനാൾ, രമേശൻ നായരുടെ വലിയ ദിവാൻജി, തോപ്പിൽ രാമചന്ദ്രൻ നായർ മാർത്താണ്ഡ വർമയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച നോവൽ എന്നീ നോവലുകളാണ് മലയാളത്തിലുള്ളത്. ഇതിൽ തന്നെ വൈക്കം ചന്ദ്രശേഖരൻ നായർ വത്സല എം എ എന്ന തൂലികാ നാമത്തിൽ കുങ്കുമം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച സ്വാതിതിരുനാളാണ് കൂടുതൽ പ്രശസ്തമായത്.
മുകിലന്റെ വേണാട് അക്രമണത്തെക്കുറിച്ച് കാര്യമായ ചരിത്ര പഠനങ്ങളൊന്നും നടന്നിട്ടില്ല. എന്നാൽ മുകിലൻ പട തിരുവനന്തപുരം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ ഇടവാ കാപ്പിൽ പ്രദേശങ്ങളിൽപോലും പുരാവൃത്തത്തിന്റെ ഭാഗവുമാണ്. മുകിലന്റെ അക്രമണത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങളേയും ചരിത്ര രേഖകളെയും ആസ്പദമാക്കി ദീപു രചിച്ച നോവലാണ് മുകിലൻ .
ഔറഗസീബിന്റെ സേനാനായകനായ മുകിലൻ ആക്രമിച്ചു മുന്നേറിയ രാജ്യങ്ങളിൽനിന്നും കൈക്കലാക്കിയ അളവറ്റ സ്വത്തുക്കളുമായി വേണാട് ആക്രമിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. തീരദേശം കൈയടക്കാനാരംഭിച്ച ബ്രിട്ടീഷുകാരെ ഇന്ത്യയുടെ ദക്ഷിണമുനമ്പിൽ നിന്നോടിക്കുക എന്ന ഔറംഗസിബ് ഏൽപ്പിച്ച ദൗത്യവുമായാണ് മുകിലൻ വേണാട്ടെത്തിയത്.വേണാടിന്റെ ഭാഗത്തുനിന്ന് എതിർപ്പൊന്നുംനേരിടാതെ മൂന്നു വര്‍ഷം മുകിലൻ വേണാട് ഭരിച്ചു.
അന്നത്തെ വേണാട് ഭരണാധികാരിയായിരുന്ന ഉമയമ്മറാണി നെടുമങ്ങാട് കൊട്ടാരത്തിലേക്കൊതുങ്ങി.അധികാരം നഷ്ടപ്പെട്ട റാണി സഹായത്തിനായി കോട്ടയം (കണ്ണൂർ )കേരളവർമയെ വരുത്തുന്നു. അതി സമർഥമായി സംഘടിപ്പിച്ച ഒളിപ്പോരിലൂടെയും നേരിട്ടുള്ള യുദ്ധത്തിലൂടെയും മുകിലനെ വേണാട്ടിൽ നിന്ന് തുരത്തുകയും തിരുവട്ടാർ ക്ഷേത്രത്തിൽ വെച്ച് നടന്ന അന്തിമ പോരാട്ടത്തിൽ കടന്നൽ കൂട് ഇളകി കുത്തേറ്റ് മുകിലനും ബാക്കിയുള്ള സേനയും മരിക്കുകയായിരുന്നു.
മാർത്താണ്ഡ വർമയുടെ ഭരണ കാലത്ത് കൊച്ചി രാജ്യത്തിന്റെ അതിർത്തിയോളമുള്ള ചെറുകിട രാജ്യങ്ങളെല്ലാം പിടിച്ചെടുത്ത് തിരുവിതാംകൂറായി വികസിപ്പിച്ചു . വേണാടും മാർത്താണ്ഡവർമ പിടിച്ചെടുത്ത ചെറുകിട രാജ്യങ്ങളുമെല്ലാം വലിയ വരുമാനമില്ലാത്തവയായിരുന്നു.പക്ഷെ തിരുവിതാംകൂറിലെ നശിച്ചു കിടന്ന പദ്മനാഭസ്വാമിക്ഷേത്രം വലിയ ക്ഷേത്രമായി പുനർ നിർമ്മിക്കാനും വലിയ മൂന്ന് അണക്കെട്ടുകൾ നിര്‍മിക്കാനുമുള്ള വരുമാനം എവിടെനിന്നായിരുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്. മുകിലൻ വിവിധ രാജ്യങ്ങൾ ആക്രമിച്ച് കൊണ്ട് വന്ന അളവറ്റ ധനം വേണാട്ടിൽ പല സ്ഥലത്തായി ഒളിച്ചു വെച്ചിരുന്നത് കണ്ടെത്തത്തി ക്ഷേത്ര നിർമ്മാണത്തിനും അണക്കെട്ട് നിര്മാണത്തിനുപയോഗിച്ചത്തിന്റെ ബാക്കി പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളിൽ സൂക്ഷിച്ചു എന്നാണ് നോവലിൽ പറയുന്നത്. നോവൽ തികച്ചും ഭാവനാ സൃഷ്ടിയാണെന്നാണ് നോവലിസ്റ്റ് പറയുന്നത്. എന്റെ കുട്ടിക്കാലത്ത് മുകിലമ്പടയെക്കുറിച്ച് കേട്ട പല കഥകളും ഈ നോവലിലും കടന്നു വരുന്നുണ്ട്. തിരുവിതാംകൂറിൽ പല പടയോട്ടങ്ങളും നടന്നിട്ടുണ്ടെങ്കിലും പുരാവൃത്തങ്ങളിൽ സജീവമായി നിൽക്കുന്നത് മുകിലൻ പടയും എട്ടു വീട്ടിൽ പിള്ളമാരെയും മാർത്താണ്ഡ വർമയേയും കുറിച്ചുള്ള കഥകളുമാണ്. പഴശ്ശി രാജ സിനിമയിൽ ഒ എൻ വി എഴുതിയ ഗാനത്തിലും ഒരു വരി “അവരിവിടെ തേൻകടന്നൽ കൂടു തകർത്തു “എന്നായിരുന്നു.മുകിലനെ തോൽപ്പിച്ച കേരളം വർമ്മ, കേരളവർമ പഴശ്ശി രാജയുടെ അമ്മാവനായിരുന്നു എന്നതും ഗാനത്തിലെ വരികൾക്ക് കാരണമായേക്കാം. എന്നിരുന്നാലും കൊല്ലം ചവറ സ്വദേശിയായ കവിയെയും ഈ കഥകൾ എത്ര സ്വാധീനിച്ചിരുന്നെന്ന് വരികളിൽ നിന്ന് മനസിലാകും.
കുട്ടിക്കാലം മുതൽ മുകിലമ്പടയെക്കുറിച്ച് കഥകൾ കേട്ട് വളർന്ന ഒരാളെന്ന നിലയിൽ മുകിലമ്പടയെക്കുറിച്ചും കടന്നൽകൂട് ഇളക്കിവിട്ട് മുകിലൻ പടയെ ഓടിച്ച കഥകളേയും ആസ്പദമാക്കി ഒരുനോവൽ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ കേട്ട് മുത്തശ്ശി കഥകളിൽ തിരുവട്ടാർ ആദികേശവ ക്ഷേത്രം ആക്രമിച്ച് വടക്ക് വർക്കല കാപ്പിൽ ദേശം വരെയെത്തിയ മുകിലൻ പടയെ കാപ്പിൽ ക്ഷേത്രത്തിന് സമീപം വച്ച് കടന്നൽകൂട് ഇളക്കിവിട്ട് ഓടിച്ചതെന്നായിരുന്നു. പക്ഷേ ചരിത്രപരമായ ഒരു തെളിവും മുകിലമ്പടയെക്കുറിച്ച് കണ്ടെത്താനായില്ല.
മുകിലൻ എന്ന നോവലിലെ സിദ്ധാർഥൻ എന്ന നായകൻ ഒരു ചരിത്ര ഗവേഷകനാണ്. നോവലിലെ പ്രതിപാദന രീതിയും യുക്തി ഭദ്രമായ വ്യാഖ്യാനങ്ങളും കാണിക്കുന്നത്ചരിത്രവുമായി ഇതിവൃത്തംബന്ധപ്പെട്ടിരിക്കുന്നതായാണ്. ആകാംക്ഷാഭരിതനായി ഒറ്റയിരിപ്പിലിരുന്നാണ് ഈ നോവൽ ഞാൻ വായിച്ച് തീർത്തത്.
Comments are closed.