പഠന രീതി എങ്ങനെ പുതുക്കിപ്പണിയണം ; ഒരു വിദ്യാര്‍ത്ഥിനിയുടെ നിര്‍ദ്ദേശങ്ങള്‍
സി. എസ്. ചന്ദ്രിക
ഒന്നു മുതല്‍ ഉന്നത ബിരുദ തലം വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന നമ്മുടെ കുട്ടികള്‍ കോവിഡിന്റെ രണ്ടാം വര്‍ഷവും വീടുകളിലിരുന്നാണ് പഠിക്കുന്നത് . സമ്പൂര്‍ണ്ണ വാക്സിനേഷനോടു കൂടി ഇന്നല്ലെങ്കില്‍ നാളെ കോവിഡിനെ നേരിടാനാവുമെന്നും കുട്ടികള്‍ക്ക് മുന്‍പത്തേതു പോലെ വിദ്യാലയങ്ങളില്‍ പോയി പഠിക്കാനാവുമെന്നും നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നു. വീടുകളിലരുന്നാണ് പട്ട് പഠനമെങ്കിലും അക്കാദമിക വര്‍ഷം നഷ്ടപ്പെടുകയോ പരീക്ഷകള്‍ നടക്കാതിരിക്കുകയോ അതുമൂലം ഭാവി പ്രതിസന്ധിയിലാവുകയോ ചെയ്യുന്നില്ല എന്ന ആശ്വാസവും കേരളത്തിലുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ച അപ്രതീക്ഷിതമായ ആഘാതത്തില്‍ നിര്‍ബ്ബന്ധിതമായ ഓണ്‍ലൈന്‍ പഠനരീതി പരമാവധി കുറ്റമറ്റതാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ചില വിഷയങ്ങളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു.
കോവിഡ് മൂലമുണ്ടായിട്ടുള്ള വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി ഒരു താല്ക്കാലികമായ പ്രശ്നമാണ്. അതിനെ അതിജീവിച്ച് നാളെകളില്‍ സ്കൂളിലും കോളേജുകളിലമെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതുജീവന്‍ അവരുടെ ജീവിതബോധത്തിലും ബഹുവിധമായ പ്രൊഫഷണല്‍ സാധ്യതകളിലും ഉണ്ടാക്കിയെടുക്കാന്‍ സര്‍ക്കാരിന് കഴിയണം. ഒരു കുട്ടിയുടെ രക്ഷിതാവ് എന്ന നിലയില്‍ക്കൂടിയാണ് ഞാന്‍ ഇതെഴുതുന്നത്. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന എന്റെ മകള്‍ അവനി കുറച്ചു വര്‍ഷങ്ങളായി എന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നതായ ചില കാര്യങ്ങളുണ്ട്. ഞാന്‍ പഠിച്ച കാലത്തിലല്ല എന്റെ മകള്‍ വളരുന്നതും പഠിക്കുന്നതും. അവനിയെപ്പോലുള്ള കുട്ടികളുടെ ലോകം വളരെ വിശാലമാണ്. തുറന്ന ലോകവും വിരല്‍ത്തുമ്പിലുള്ള സാങ്കേതിക വിദ്യയും വിവരങ്ങളും ഉള്ള ഇന്നത്തെ കുട്ടികള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ആഗോള പൗരരാണ്.
സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടേയും വിദ്യാഭ്യാസ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരു പോലെയല്ല. കുട്ടികളുടെ സമഗ്രമായ വികസനത്തിനും അറിവിന്റേയും ശേഷികളുടേയും വൈവിദ്ധ്യവല്‍ക്കരണത്തിനും ആവശ്യമായ ഒരു സിലബസ് അല്ല നമുക്കുള്ളത് എന്ന അടിസ്ഥാനപരമായ പരിമിതി ഇന്നുണ്ട്. ഒന്നാം ക്ലാസ്സ് മുതല്‍ എല്ലാ കുട്ടികളേയും ഒരേ രീതിയില്‍ ഏകതാനമായി ക്ലാസ്സ് മുറികളില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥത്തില്‍ അവരുടെ ശേഷികളെ പ്രതിഭകളെ താല്പര്യങ്ങളെ പരിമിതപ്പെടുത്തുകയും ക്രമേണ ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ടാണ് സ്കൂള്‍ ജീവിതം കുട്ടികള്‍ക്ക് പൊതുവേ സമ്മര്‍ദ്ദം നിറഞ്ഞതാകുന്നതും സന്തോഷകരമല്ലാതാവുന്നതും.
വിദ്യാഭ്യാസ വ്യവസ്ഥയില്‍ തങ്ങള്‍ക്ക് സന്തോഷത്തിനായി എന്തുണ്ടായിരിക്കണം എന്നതിനെക്കുറിച്ച് അതിന്റെ പ്രാഥമിക ഉപയോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്കു തന്നെയാണ് ഏറ്റവും നന്നായി പറയാനാവുക. അവരുടെ കൂടി പങ്കാളിത്തത്തില്‍ അത്തരം അഭിപ്രായങ്ങളും തീരുമാനങ്ങളും രൂപപ്പെടണം. സന്തോഷത്തിനും കൂടുതല്‍ അറിവിനുമായി എന്തു വേണമായിരുന്നു എന്ന എന്റെ ചോദ്യത്തിന് അവനി എന്നോടു പറഞ്ഞ പ്രധാന ആവശ്യങ്ങളും അതിനുള്ള വിശദീകരണങ്ങളും ഇങ്ങനെയായിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാവരോടും പറയണം എന്ന നിര്‍ദേശം പരിഗണിച്ചാണ് ഈ ആശയങ്ങള്‍ ഇവിടെ പങ്കു വെയ്ക്കുന്നത്.
ഒന്ന്- സര്‍ഗകലാ പഠനം
ഒന്നാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ്സു വരെ ഫൈന്‍ ആര്‍ട്സ്, പെര്‍ഫോര്‍മന്‍സ് ആര്‍ട്സ്, കളിനറി ആര്‍ട്സ് എന്നിവ നിര്ബ്ബന്ധിതമായിരിക്കണം.
കുട്ടികളുടെ സര്‍ഗ്ഗാത്മകത (ക്രിയേറ്റിവിറ്റി) വികസിക്കുന്നതിന് ഇതാവശ്യമുണ്ട്. സര്‍ഗ്ഗാത്മകമായ പ്രശ്ന പരിഹാര (Creative problem solving) ശേഷിയും വ്യക്തിപരമായ സര്‍ഗ്ഗാത്മകതയും വികസിപ്പിക്കുന്നതിനാവശ്യമായ പഠനം ആവശ്യമാണ്. ഭാവിയില്‍ സര്‍ഗ്ഗാത്മക ജോലികളും സര്‍ഗ്ഗാത്മക സംരംഭങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യമുണ്ടാകും. ഈ തൊഴിലുകളില്‍ വിജയിക്കണമെങ്കില്‍ അടിസ്ഥാനപരമായ സര്‍ഗ്ഗാത്മകതാ പഠന പരിശീലനം കുട്ടികള്‍ക്ക് ലഭിച്ചിരിക്കണം. പ്രതിഫലം ഒന്നുമില്ലാത്തതു കൊണ്ട് കുട്ടികളിലെ ആന്തരികമായ സര്‍ഗ്ഗാത്കതയെ വികസിപ്പിക്കാന്‍ അവരുടെ ഭാഗത്തു നിന്നുള്ള ശ്രമം ഉണ്ടാവുകയില്ല. എല്ലാ ദിവസവും ക്ലാസ്സില്‍ കഷ്ടപ്പെട്ട് കണക്ക് പഠിച്ചെടുക്കുമ്പോള്‍ കിട്ടുന്ന മാര്‍ക്കു പോലെ സംഗീതവും ചിത്രകലയും നൃത്തവും പഠിച്ചെടുക്കുന്ന കുട്ടികള്‍ക്കും മാര്‍ക്കും അവാര്‍ഡുകളും ലഭിക്കണം. ഭൂരിപക്ഷം കുട്ടികള്‍ക്കും പ്രത്യേകമായി ഇഷ്ടമുള്ള സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയ ക്ലാസ്സുകള്‍ വീട്ടുകാരുടെ മുന്‍കയ്യിലും പണച്ചെലവിലും ലഭിക്കാവുന്ന സ്ഥിതി ഇവിടെയില്ല. അതുകൊണ്ട്, കണക്കിനും സോഷ്യല്‍ സയന്‍സിനും നല്കുന്ന ഗൗരവത്തോടെ തന്നെ സര്‍ഗ്ഗാത്മകതാ ക്ലാസ്സുകള്‍ സ്കൂളുകളില്‍ത്തന്നെ നല്‍കണം. ഇതിന്റെ ഭാഗമായി വര്‍ക്ക്ഷോപ്പുകളും എക്സ്ചേഞ്ച് പരിപാടികളും ഉണ്ടാകണം. സര്‍ഗ്ഗാത്മക അദ്ധ്യാപകരായി യോഗ്യതയുള്ളവരെ നിയമിക്കണം. സ്കൂളുകളില്‍ വായനശാലകള്‍ ഉള്ളതു പോലെ ഒഴിവു സമയങ്ങളില്‍ പരിശീലനം ചെയ്യാനുള്ള സൗണ്ട് സിസ്റ്റവും ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളുമുള്ള സ്റ്റുഡിയോകളും ക്ലബ്ബ് റൂമുകളും വേണം.
രണ്ട്- വ്യക്തിത്വ വികസന ക്ലാസ്സുകള്‍
പ്രകൃത്യാലുള്ള സാമൂഹ്യ ഇന്ദ്രിയങ്ങളെ (Social senses) മാത്രം ആശ്രയിക്കാതെ, നല്ല പരസ്പരാലോചനാ വിദഗ്ദര്‍ (negotiators), സംഭാഷണ ചതുരര്‍ (conversationalists), സംരംഭകര്‍ എന്നിവരെ വികസിപ്പിച്ചെടുക്കുന്ന തരംത്തിലുള്ള വ്യക്തിത്വ വികസന പരിശീലനം എല്ലാ കുട്ടികള്‍ക്കും ലഭിക്കണം. ആത്മസാക്ഷാല്‍ക്കാരം (Self-actualize) നേടുന്നതിനായി കുട്ടികള്‍ക്ക് ചെറിയ ക്ലാസ്സു മുതല്‍ പരിശീലന സഹായം ലഭിക്കണം. ആത്മവിശ്വാസമുള്ളവരായിരിക്കുക, വിനീതരായിക്കുക, വ്യത്യസ്ത തരം മനുഷ്യരുമായി ഇടപെടുന്നവരായിരിക്കുക, കഴിഞ്ഞ കാല ആഘാതങ്ങളെ നേരിടാന്‍ പ്രാപ്തരായിരിക്കുക എന്നിങ്ങനെ കുട്ടികള്‍ പൂര്‍ണ്ണവും ആനുപാതിക ഭംഗിയുള്ളതുമായ മുതിര്‍ന്ന മനുഷ്യരായി മാറുന്നത് അവര്‍ക്കും നാടിനും ഗുണകരമായി മാറും. പുരുഷത്വത്തെക്കുറിച്ചും സ്ത്രൈണതയെക്കുറിച്ചുമുള്ള തുറന്ന ചര്‍ച്ചകളിലൂടെ വിഷലിപ്തമായ പൗരുഷം, പിതൃമേധാവിത്വം, ഫെമിനിസം തുടങ്ങിയവ വിശകലനം ചെയ്യുകയും പുനര്‍നിര്‍മ്മിക്കുകയും വേണം.
മൂന്ന്-ലൈംഗിക വിദ്യാഭ്യാസം
കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തിലുള്ളതല്ല, ശരീരത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പ്രതിപാദിക്കുന്ന പാഠപുസ്തകത്തിലെ ചിത്രങ്ങള്‍. ചിലര്‍ വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് പഠിക്കുകയും ഭൂരിപക്ഷവും ജീവിതത്തില്‍ അപകടകരമായ സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കുന്നതു വരേയും ഒന്നും അറിയാതിരിക്കുകയും ചെയ്യുന്നു. ലൈംഗിക അക്രമങ്ങള്‍ കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും എന്താണ് ‘സമ്മതം’ (Consent) എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും നിയമവും എന്നത് കുട്ടികളെ പഠിപ്പിക്കണം.
ലൈംഗിക പകര്‍ച്ചവ്യാധികളും അവയുടെ ലക്ഷണങ്ങളും എന്തെന്ന് തിരിച്ചറിയാനും അതിനെ തടയാനും കുട്ടികളെ പഠിപ്പിക്കണം. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ എന്തെന്നും കുട്ടികളെ പഠിപ്പിക്കണം. ഇതൊരു സദാചാര വിഷയമല്ല, ശരീര ആരോഗ്യ പാഠമാണ്. വിവിധ ലിംഗഭേദങ്ങള്‍, ലിംഗ മാറ്റ ശസ്ത്രക്രിയ (sex correction surgery), ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്നങ്ങള്‍, രീതികള്‍ എന്നതെല്ലാം വലിയ പരിഗണനയില്‍ കുട്ടികളെ പഠിപ്പിക്കുകയും അതുവഴി കുട്ടികള്‍ നേരിടുന്ന അസ്വസ്ഥതകളേയും വേദനകളേയും ആരോഗ്യകരമായി നേരിടാന്‍ പ്രാപ്തരാക്കുകയും വേണം. സംസ്ഥാനത്തിനകത്തുള്ള മനുഷ്യാവകാശ സംരക്ഷണത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ സഹായകരമായ വിധം ട്രാന്‍സ് ലിംഗഭേദങ്ങളുടെ നേര്‍ക്കുള്ള വിഷലിപ്തത ഇല്ലാതാക്കാനും ട്രാന്‍സ് ലിംഗഭേദങ്ങളെ സ്വീകാര്യമാക്കാനും സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കണം.
നാല്- മാനസിക ആരോഗ്യ അവബോധം
കുട്ടികളുടെ മാനസിക ആരോഗ്യത്തെ എങ്ങനെ ശ്രദ്ധിക്കണമെന്നും വൈകാരികമായി അവര്‍ക്ക് തങ്ങള്‍ എങ്ങനെ ലഭ്യമായിരിക്കണമെന്നും രക്ഷിതാക്കളെ പഠിപ്പിക്കണം.
എല്ലാ സ്കൂളുകളിലും കൗണ്‍സിലിംഗ് നടത്തേണ്ടത് യോഗ്യതയുള്ള പ്രൊഫഷണലുകള്‍ ആയിരിക്കണം. കൗണ്‍സിലിംഗിന് മുന്‍ഗണന നല്‍കുകയും ക്ലാസ്സുകള്‍ക്കിടയിലുള്ള സമയത്തോ ആവശ്യം വരുന്ന സമയത്തോ കൗണ്‍സിലറുടെ അടുത്തു പോകാന്‍ കുട്ടികള്‍ക്ക് സുഖകരമായ അന്തരീക്ഷം സ്കൂളില്‍ ഉണ്ടാവണം
അടിസ്ഥാന സൈക്കോളജി (Basic psychology), പരിപൂര്‍ണ്ണ ശ്രദ്ധ(Mindfulness) എന്നീ വിഷയങ്ങള്‍ കുട്ടികളെ പഠപ്പിക്കണം. മാനസിക പ്രശ്നങ്ങള്‍ അസാധാരണമല്ലെന്നും നാണക്കേടു വിചാരിക്കാതെ അതിന് സഹായം വേണമെന്നും നല്‍കണമെന്നും കുട്ടികള്‍ക്ക് മനസ്സിലാക്കാനാവും. കുട്ടികളെ കരുതലോടെ കാണാനും മനസ്സിലാക്കാനും പഠിക്കുന്നതിനുവേണ്ടി അദ്ധ്യാപകര്‍ക്കും ഈ ക്ലാസ്സുകള്‍ നല്‍കണം.
മകള്‍ എഴുതി നല്കിയ ഈ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് നല്‍കണം എന്നും വിചാരിക്കുന്നു. ഏറെ ആശയങ്ങളുള്ള, ആഗ്രഹങ്ങളുള്ള കുട്ടികള്‍ പന്ത്രണ്ടു വര്‍ഷക്കാലം നീണ്ട സ്കൂള്‍ ജീവിതത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇപ്പോല്‍ മുന്നിലുള്ള ഉന്നത വിദ്യാഭ്യാസ രംഗം ഏതു വിധം മാറണം എന്നതും നാം ഏറെ ആലോചിക്കണം. മകളുടെ തുടര്‍ പഠനത്തിനായി ഫൈന്‍ ആര്‍ട്സും പെര്‍ഫോമന്‍സ് ആര്‍ട്സും സോഷ്യല്‍ സയന്‍സും സാഹിത്യവും സയന്‍സും ഉള്‍ക്കൊള്ളുന്ന ഇന്റഗ്രേറ്റഡ് ബിരുദ കോഴ്സുകള്‍ക്കായി കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളുടേയും വെബ്സൈറ്റുകള്‍ പരതിയിട്ടും ഒന്നും എനിക്ക് കണ്ടെത്താനായില്ല. നമ്മുടെ കുട്ടികളുടെ വിശകലന ബുദ്ധിക്കും ക്രിയേറ്റിവിറ്റിക്കും വളര്‍ന്നു വികസിക്കാനാവുന്ന വിധമുള്ള ഓണേഴ്സ് കോഴ്സുകള്‍, പുതു തലമുറ കോഴ്സുകള്‍ ഇനിയും വൈകാതെ നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനാവണം എന്ന് ആഗ്രഹിച്ചു പോവുകയാണ്.
ഇതിനിടയില്‍, ‘സ്ത്രീധനം’ വാങ്ങുകയില്ലെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് യൂണിവേഴ്സിറ്റികള്‍ ബോണ്ട് വാങ്ങണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഉദ്ദേശ്യ ശുദ്ധിയോടെ മുന്നോട്ടു വെച്ച ശക്തമായ നിര്‍ദ്ദേശം കണ്ടു. സ്ത്രീധനം വാങ്ങുകയില്ലെന്ന് ആണ്‍കുട്ടികളും കൊടുക്കുകയില്ലെന്ന് പെണ്‍കുട്ടികളും തീരുമാനിക്കുന്ന കേരളമായിരിക്കണം ഇത്. പക്ഷേ അതിനായി ആദ്യം മാറേണ്ടത് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയാണ്. ഒന്നാം ക്ലാസ്സുമുതല്‍ തന്നെ അഴിച്ചു പണിയേണ്ടതും ഉള്‍പ്പെടുത്തേണ്ടതുമായ എത്രയധികം കാര്യങ്ങള്‍ ഒരു കുട്ടിയുടെ മാത്രം ചിന്തയിലുണ്ട്! അടിസ്ഥാനപരമായ മാറ്റത്തിനു വേണ്ടി നമ്മുടെ ലക്ഷക്കണക്കിന് കുട്ടികളുടെ ചിന്തകള്‍ ഇനിയും പ്രകാശിതമാകട്ടെ, ശബ്ദായമാനമാകട്ടെ. മാറ്റം അനിവാര്യമാണ്.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
കടപ്പാട്- മാധ്യമം
Comments are closed.