DCBOOKS
Malayalam News Literature Website

ഇന്ന് ലോക കണ്ടല്‍ ദിനം; അറിയാം കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടനെ!

ഇന്ന് ലോക കണ്ടല്‍ ദിനം. പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന  പൊക്കുടൻ  എന്ന പരിസ്ഥിതി പ്രവർത്തകനെ ഓര്ക്കാതെ മലയാളിക്ക് ഈ ദിവസം കടന്നുപോകില്ല. കണ്ടലോളം ആഴത്തിൽ വേരൂന്നിയ പരിസ്ഥിതി സ്നേഹത്തിന്റെ പേരാണു പൊക്കുടൻ. പഴയങ്ങാടിയിലെ പാതാറിന്റെ കരയിൽ നാമ്പിട്ട ഈ കണ്ടൽസ്നേഹം കേരളമാകെ പടർന്നപ്പോൾ കാലം കല്ലേൻ പൊക്കുടനെ കണ്ടൽ പൊക്കുടനാക്കി.

കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്ന ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പൊക്കുടന്റെ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ‘കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം’ കൗതുകത്തിനുവേണ്ടി വായിക്കാവുന്നതോ, വായനയ്ക്കിടയില്‍ കേവലം ബൗദ്ധികോന്മേഷത്തിനുവേണ്ടി തര്‍ക്കിക്കാവുന്നതോ, വായനയ്ക്കുശേഷം ഓര്‍മ്മയുടെ ഏതെങ്കിലും കോണില്‍ അലസമായി ഉപേക്ഷിക്കാവുന്നതോ ആയ ഒരു പുസ്തകമല്ല. Pokkudan-Kandalkkadukalkkidayil Ente Jeevithamഉള്ളടക്കത്തിന്റെ വ്യത്യസ്തതകൊണ്ടും ആഖ്യാനത്തിന്റെ സവിശേഷഘടനകൊണ്ടും തന്റെ അനന്യത വളരെ അനായാസമായി ആരെയും ബോധ്യപ്പെടുത്തുന്ന ഒരു രചനയാണിത്. ലോകത്തെ നേര്‍ക്കുനേരെ സമീപിക്കാനും പ്രകൃതിയിലെ ചെറുതുകളെയെല്ലാം സ്‌നേഹിക്കാനും ആദരിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരാന്തരികചൈതന്യം ഈ കൃതിക്കുണ്ട്.

അഞ്ഞൂറു കണ്ടൽച്ചെടി നട്ടാണു പൊക്കുടൻ പരിസ്ഥിതിപ്രവർത്തനം തുടങ്ങിയത്. 1989ൽ പഴയങ്ങാടി– മുട്ടുകണ്ടി ബണ്ടിന്റെ കരയിലായിരുന്നു തുടക്കം.  കത്തുന്ന വെയിലിൽ അലഞ്ഞുനടന്നു കണ്ടൽ വിത്തുകൾ ശേഖരിക്കും. ബണ്ടിനരികിൽ കൊണ്ടുവന്നു നടും.പിന്നെയുള്ള ദിവസങ്ങളിൽ പലവട്ടം ഇതുവഴി നടക്കും. മുന്നു നാലു വർഷം കൊണ്ടു ഈ ചെടികൾ വളർന്നുതുടങ്ങി. ചെടികളുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലുമെത്തി.. കണ്ടൽ വളരുന്നതിനൊപ്പം പൊക്കുടന്റെ പേരും വളർന്നു. കേരളത്തിലങ്ങോളം കണ്ടൽ സംരക്ഷണത്തെക്കുറിച്ചു ക്ലാസെടുക്കാൻ പൊക്കുടൻ പോയി. പൊവുന്നിടത്തെല്ലാം ഒരു സഞ്ചിനിറയെ കണ്ടൽത്തൈകളും കൊണ്ടുപോയി.

കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു പൊക്കുടൻ നട്ടത്. കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടിവന്നു. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസെടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ അദ്ദേഹം ഓടിയെത്തി. കുട്ടികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു പൊക്കുടനാണ്.കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

‘കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം’ ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.