‘കാവൽക്കാരൻ’; പി.കെ.പാറക്കടവ് എഴുതിയ കഥ
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പി കെ പാറക്കാടവിന്റെ ‘തിരഞ്ഞെടുത്ത കഥകൾ’ എന്ന സമാഹാരത്തിൽ നിന്ന് ഒരു കഥ
ദൈവമേ,
നിൻ്റെ പുസ്തകം എത്ര സൂക്ഷ്മതയോടെ
യാണ് ഞാൻ കൈകാര്യം ചെയ്തത്.
പൊടി തട്ടാതിരിക്കാൻ പട്ടിൽ പൊതിഞ്ഞ്
ഞാനത് സൂക്ഷിച്ചു.
വെയിലിൽ നിന്നും മഴയിൽ നിന്നും
ഞാനതിനെ കാത്തു;
മനുഷ്യരിൽ നിന്നും.
ഒരു വെളിച്ചവും കടക്കാതിരിക്കാൻ എൻ്റെ തലയും ഭദ്രമായി കെട്ടിവെച്ചു.
എന്നിട്ടും
എന്നിട്ടും
ഞാൻ നരകത്തിൻ്റെ ഇന്ധനമെന്നോ?
ഞാനത് വായിച്ചില്ലെന്നേയുള്ളൂ.
ഭാഷയ്ക്കപ്പുറം ഭാഷ നിര്‍മ്മിക്കുന്നതാണ് പി. കെ. പാറക്കടവിന്റെ കല. ഭാഷയുടെ നിയമത്തിനോ നീതിക്കോ കോട്ടം വരുത്താതെ വേറൊരു ലോകത്തിന്റെ ഭാഷയാണ് തന്റെ തിരഞ്ഞെടുത്ത കഥാസമാഹാരത്തിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ അവതരണത്തില്‍കൂടി അപരൂപമായതിനെ രൂപംകൊണ്ട് വ്യക്തമാക്കുകയും ചെയ്യുന്നു. തന്റെ കഥകളിലുടനീളം ധ്വനികൊണ്ട് ക്രമാതീതമായ ഒരു ലോകം സൃഷ്ടിക്കുകയാണ് പാറക്കടവ്. പ്രതീകങ്ങളെ അണിനിരത്തിയും ചേര്‍ത്തുവെച്ചും വിഗ്രഹഭഞ്ജകനെപ്പോലെ അവ തല്ലിയുടച്ചും കഥാകൃത്ത് വസ്തുക്കളെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മറിച്ച് കഥ പറഞ്ഞിട്ടേയില്ല. മനസ്സിനെ ഭാഷയുടെ താളത്തിനൊത്ത് നടത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇവിടെ നാം കാണുന്ന മികവുകള്‍. കണ്ണിന്റെ കാഴ്ചപ്പാടില്‍നിന്നും പ്രകാശവര്ഷങ്ങളോളംപോന്ന ദൂരത്തേക്കാണ് ഈ കൊച്ചുകഥകള് ഊളിയിട്ടുവരുന്നത്. അവിടെ മനസ്സും ഭാഷയും ഒരുമിച്ചു ലയിക്കുന്നു. – പുനത്തില്‍ കുഞ്ഞബ്ദുള്ള
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ. പാറക്കടവിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.