ഇന്നും മായാതെ നിൽക്കുന്ന കർക്കടക മാസത്തിലെ ഗൃഹാതുരത നിറഞ്ഞ ഓർമ്മകൾ
ശബ്ന ശശിധരൻ
കർക്കിടക മാസം, തോരാതെ മഴ പെയ്യുന്ന പെരുമഴക്കാലം..വറുതിയുടെ മാസം. കര്‍ക്കിടകം മലയാളിക്ക് കള്ളക്കര്‍ക്കിടകവും പഞ്ഞക്കര്‍ക്കിടവുമൊക്കെയാണ്.കര്‍ക്കിടക മാസവും ഞാനും തമ്മില്‍ എന്താ ബന്ധം എന്ന് ചോദിച്ചാല്‍…എനിക്ക് ഒന്നും പറയാനില്ല …….
പക്ഷെ എന്റെ മനസ്സില്‍ ചില ബാല്യകാല ഓര്‍മ്മകള്‍ ഉണ്ട്……ഗൃഹാദുരത നിറഞ്ഞ ചില ഓര്‍മ്മകള്‍..അത് ഒന്ന് മാത്രമാണ് എന്നെ ഈ ഒരു എഴുത്തിനു പ്രേരിപ്പിച്ചത്.
കർക്കിടക മാസം എന്നു പറയുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് അമ്മയെ തന്നെയാണ്… ഒരാഴ്ച മുൻപേ വീട് വൃത്തിയാക്കാൻ വേണ്ടി വെപ്രാളം കാണിക്കുന്ന അമ്മ…വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിച്ചേരൽ ആണ് കർക്കിടക മാസം എന്നാണ് പറയാറ് .
മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം . കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ട് കഷ്ടിച്ചു ജീവിച്ചു പോന്ന മാസം .കഷ്ടപ്പാടുകള്‍ക്ക് അറുവരുത്താന്‍ അവര്‍ പ്രാര്‍ഥനകളില്‍ മുഴുകി.പഴമയുടെ ഓര്‍മ്മയില്‍ മലയാളികള്‍ ഇന്നും കര്‍കടകത്തെ രാമായണ മാസമായി ആചരിക്കുന്നു.വിശ്വാസത്തിന്റെ പരിവേഷം നല്കി തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് രചിച്ച അധ്യാത്മ രാമായണം കിളിപ്പാട്ട് ഒരു മാസം വായിക്കുന്നു.
മലബാറിലെ ചിലയിടങ്ങളില്‍ കര്ക്കിടകത്തിന് സ്വാഗതമോതുന്നത് കാര്‍ഷിക മൂര്‍ത്തിയായ കലിയനെ വരവേറ്റുകൊണ്ടാണ്. കലിയാ കലിയാ കൂ..കൂ.. എന്ന വിളി കേള്‍ക്കുന്ന ഗ്രാമങ്ങള്‍ എവിടെയൊക്കെയോ ഇന്നും അവശേഷിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ.കലിയന് കൊടുക്കല്‍ എന്നത് തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കലിനോട് സാമ്യം ഉള്ളതാണ്. ഇന്നത്തെ തലമുറ, ഈ രസകരമായ ചടങ്ങുകൾ കണ്ടിട്ടുണ്ടോ എന്നത് സംശയമാണ്..
എന്റെ ബാല്യകാല ഓർമ്മകളിൽ മായാതെ നിൽക്കുന്ന ഇത്തരം ചില രംഗങ്ങൾ ഇവിടെ പങ്കു വെക്കുവാൻ ആഗ്രഹിക്കുന്നു..അന്ന് ഞങ്ങൾ കുട്ടികൾക്ക് കലിയനു കൊടുക്കൽ ഒരു ആഘോഷമാണ്…. ഒരുക്കുന്നതും ഞങ്ങൾ തന്നെ. സഹായത്തിനു അമ്മയുടെയും അച്ഛമ്മയുടെയും കരങ്ങൾ.അങ്ങനെ കലിയനു വേണ്ടി ഒരുക്കാൻ തുടങ്ങും.
കലിയന് പ്രിയപ്പെട്ട ചിലതുണ്ട്. ചക്കയും മാങ്ങയുമാണ് അക്കൂട്ടത്തിലെ മുന്‍പന്തിക്കാര്‍. ഒപ്പം പ്ലാവില കൊണ്ട് പശുവും മൂരിയും, വാഴക്കണ കൊണ്ട് ആലയും മുകവും കലപ്പയും ഏണിയും കോണിയുമെല്ലാം ഉണ്ടാക്കി കലിയന് സമര്‍പ്പിക്കുന്നു. കാര്‍ഷികവൃത്തിയുടെ പ്രതീകങ്ങളാണ് ഇവയെല്ലാം. ഈന്തും, ചക്കപ്പുഴുക്കും, കിഴങ്ങും, കടലയും തേങ്ങാപ്പൂളും എന്നുവേണ്ട കലിയന് ഇഷ്ടമുള്ളതെല്ലാം ഒരുക്കി സന്ധ്യയോടെ സമര്‍പ്പിക്കുന്നു. പ്ലാവിന്റെ ചോട്ടിലാണ് സമര്‍പ്പണം. ഏണി പ്ളാവില്‍ ചാരി വെയ്ക്കും. ഓലച്ചൂട്ട് കത്തിച്ച് പന്തമാക്കും. പിന്നെ ആര്‍പ്പ് വിളി തുടങ്ങും. കലിയാ കലിയാ കൂയ്… മാങ്ങേം ചക്കേം തന്നേച്ച് പോ.. എന്ന് പറഞ്ഞു കൊണ്ട് വീടിനു ചുറ്റും ഞങ്ങൾ കുട്ടികൾ എല്ലാം ചേർന്ന് ഒരു നടത്തമാണ്…
” കലിയാ കൂയ്… മാങ്ങേം ചക്കേം തന്നേച്ച് പോ.. ” എന്നു ഗ്രാമങ്ങള്‍ തോറും മുഴങ്ങിയിരുന്നു ഒരു കാലത്ത്. മലയാളിക്ക് പലതും നഷ്ടമായ കൂട്ടത്തില്‍ അന്യം നിന്നുപോയ ഒരു ഗൃഹാതുരത കൂടിയാണ് കര്‍ക്കിടകത്തിലെ കലിയനും…
Comments are closed.