അര്‍ത്ഥശാസ്ത്രം മതേതര ഗ്രന്ഥമോ?
ഡോ. ടി.എസ്. ശ്യാംകുമാര്‍
തികച്ചും ബ്രാഹ്മണ ആണ്‍കോയ്മാവ്യവഹാരത്തിലധിഷ്ഠിതവും ശ്രേണീകൃതമായ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ളതുമായ സാമൂഹ്യക്രമത്തെ സൃഷ്ടിക്കാന്‍ നിയമങ്ങള്‍ രൂപപ്പെടുത്തിയ അര്‍ത്ഥശാസ്ത്രം സമ്പൂര്‍ണ്ണമായി മാനവികതാവിരുദ്ധവും കീഴാളവിരുദ്ധവുമായ ഒരു പുസ്തകമാണ്. ഇത്തരമൊരു ഗ്രന്ഥത്തെ മതേതരപാഠമായി ഉറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കാനും അട്ടിമറിയ്ക്കാനുമാണ് ശ്രമിക്കുന്നത്.
അര്‍ത്ഥശാസ്ത്രം ഒരു മതേതരഗ്രന്ഥമാണെന്ന ആശയത്തിന് ഇപ്പോള്‍ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. പുരോഗമന ആശയത്തിന്റെ വക്താക്കളായ ചിലരുടെ നേതൃത്വത്തിലാണ് അര്‍ഥശാസ്ത്രം എന്ന ഗ്രന്ഥത്തെ മതേതരപാഠമായി ഉറപ്പിച്ചെടുക്കാനുള്ള ശ്രമം ശക്തമായി നടന്നുകൊണ്ടിരിക്കുന്നത്. കൗടില്യ വിരചിതമെന്ന് കരുതപ്പെടുന്ന അര്‍ത്ഥശാസ്ത്രം ഇടതുപക്ഷപുരോഗമന ബുദ്ധിജീവികള്‍ പ്രചരിപ്പിക്കുന്നത് പോലെ ഒരു സെക്കുലര്‍ ടെസ്റ്റാണോ എന്ന വസ്തുത തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
അടിസ്ഥാനപരമായി തന്നെ അര്‍ത്ഥശാസ്ത്രം ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യഘടനയെയും അത്തരം സാമൂഹ്യഘടനയെ നീതികരിക്കുന്ന രാഷ്ട്രസംവിധാനവുമാണ് ഭാവന ചെയ്യുന്നത്. അര്‍ത്ഥശാസ്ത്രത്തില്‍ വിനയാധികാരികത്തില്‍ ത്രയീസ്ഥാപന എന്ന മുന്നാമദ്ധ്യായത്തില്‍ വ്യക്തമാക്കുന്നത്, ”ത്രയിയില്‍
ഉപദേശിക്കുന്ന ഈ ധര്‍മം നാലു വര്‍ണങ്ങള്‍ക്കും നാലാശ്രമങ്ങള്‍ക്കും സ്വധര്‍മസ്ഥാപനം ചെയ്യുന്നതിനാല്‍ ഉപകരിക്കുന്നു. (ഏഷ ത്രയിധര്‍മശ്ചതുര്‍ണാം വര്‍ണാനാമാശ്രമാണാം ച സ്വധര്‍മസ്ഥാപനാദൗപകാരികഃ, ത്രയീസ്ഥാപന, പ്രകരണം.1, അദ്ധ്യായം.2, വിനയാധികാരികം) എന്നാണ്. ‘ത്രയി’ എന്നത്‌കൊണ്ട് ഋഗ്വേദം, യജുര്‍വേദം, സാമവേദം മുതലായ വേ
ദത്രയികളെയാണ് അര്‍ത്ഥമാക്കുന്നത്. അര്‍ത്ഥശാസ്ത്രമനുസരിച്ച് അഥര്‍വ്വവേദത്തിനും ഇതിഹാസങ്ങള്‍ക്കും വേദപദവി തന്നെയാണുള്ളത്. പക്ഷേ, പ്രധാന സ്ഥാനം ഋക്ക്, യജുസ്, സാമം മുതലായ മൂന്ന് വേദങ്ങള്‍ക്കാണ്. ത്രയിയില്‍ ഉപദേശിക്കുന്ന ‘ധര്‍മം’ നാലു വര്‍ണങ്ങള്‍ക്കും നാലാശ്രമങ്ങള്‍ക്കും സ്വധര്‍മസ്ഥാപനം ചെയ്യുന്നതിന് ഉപകരിക്കുന്നു
എന്ന് പറയുന്നതിലൂടെ ചാതുര്‍വര്‍ണ്യജാതിബദ്ധമായ സാമൂഹ്യക്രമം പരിപാലിക്കുന്ന രാഷ്ട്രമീംമാസയാണ് അര്‍ത്ഥശാസ്ത്രം മുന്നോട്ട് വയ്ക്കുന്നതെന്ന് വ്യക്തം. ‘സ്വധര്‍മ്മം’ എന്നത് ‘വര്‍ണ്ണധര്‍മ്മ’ മാണെന്ന് മനു അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവണ്ണം സ്പഷ്ടമാക്കുന്നുണ്ട്.
വരം സ്വധര്‍മ്മോ വിഗുണഃ ന-
പാരക്യ സ്വനുഷ്ഠിതഃ
പരധര്‍മ്മേണ ജീവന്‍ ജീവന്‍-
ഹി സദ്യഃ പതതി ജാതിതഃ
(മനുസ്മൃതി. 10.97)
ഗുണഹീനമായാലും സ്വധര്‍മ്മമനുഷ്ഠിക്കുന്നതാണ് നല്ലത്. അല്ലാതെ എത്ര നന്നായി അനുഷ്ഠിച്ചാലും പരധര്‍മ്മം ഗുണകരമായിരിക്കുകയില്ല. എന്തെന്നാല്‍ അന്യജാതിയുടെ വൃത്തികളനുസരിച്ച് ജിവിക്കുന്നവര്‍ അപ്പോഴേ ജാതിഭ്രഷ്ഠരായിത്തീരുന്നുവെന്ന് മനു പ്രസ്താവിക്കുന്നു. ‘സ്വധര്‍മം’ എന്നത് വര്‍ണധര്‍മം അഥവാ ജാതിധര്‍മമാണെന്നാണ് ഇതില്‍ നിന്നും തെളിയുന്നത്.
ബ്രാഹ്മണന്റെ സ്വധര്‍മ്മം അധ്യയനം, അധ്യാപനം, യജനം, യാജനം, ദാനം പ്രതിഗ്രഹം; ക്ഷത്രിയന്റേത് അധ്യയനം, യജനം, ദാനം, ശാസ്ത്രാജീവം, പ്രാണിപാലനം എന്നിവ; വൈശ്യന്റേത് അധ്യയനം,യജനം, ദാനം, കൃഷി, പാശുപാലും, വാണിജ്യം എന്നിവ; ശൂദ്രന്റെത് ദ്വിജാതികളുടെ ശൂശ്രൂഷ, വാര്‍ത്ത, ശില്പികര്‍മം, കുശീലവകര്‍മ്മം എന്നിവകളുമാണെന്ന് അര്‍ത്ഥശാസ്ത്രം രേഖപ്പെടുത്തുന്നു (സ്വധര്‍മോ ബ്രാഹ്മണസ്യാധ്യയനമധ്യാപനം യജനം യാജനം ദാനം പ്രതിഗ്രഹശ്ചേതി. ക്ഷത്രിയസ്യാധ്യയനം യജനം ദാനം ശാസ്ത്രജീവോ ഭൂതരക്ഷണം ച. വൈശ്യസ്യാധ്യയനം യജനം ദാനം കൃഷിപാശുപാല്യേ വണിജ്യാച. ശൂദ്രസ്യ ദ്വിജാതിശുശ്രൂഷാ, വാര്‍ത്താ കാരുകുശീലവ കര്‍മ ച, പ്രകരണം1, അദ്ധ്യായം:2, ത്രയീസ്ഥാപനാ.) സമൂഹ
ത്തെ നാലു തട്ടുകളായി തിരിച്ചുകൊണ്ടുള്ള ശ്രേണീകൃതവും അസമത്വപൂര്‍ണ്ണവുമായ വ്യവസ്ഥയാണ് അര്‍ത്ഥശാസ്ത്രം നിയമരൂപേണ അവതരിപ്പിക്കുന്നത്. ഈ വ്യവസ്ഥായകട്ടെ ജാതി വ്യവസ്ഥയെ സനാതനമായി നിലനിര്‍ത്താനുതകുന്ന ഒന്നാണെന്ന് സ്പഷ്ടവുമാണ്.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.