സി.കേശവന്റെ ആത്മകഥ ‘ജീവിതസമര’ത്തിലൂടെയുള്ള ഒരു അനുഭവപര്യടനം!
2018 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ രാധാകൃഷ്ണന് തൊടുപുഴ എഴുതിയ ലേഖനത്തില്‍ നിന്നും ഒരു ഭാഗം , പുനഃപ്രസിദ്ധീകരണം
സി. കേശവന് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത തിരുവിതാംകൂര്‍, കൊച്ചിയും മലബാറുമായി ചേര്‍ന്ന് കേരളമായി. കേരളം രൂപത്തിലും ഭാവത്തിലും മാറി. പക്ഷേ, ആന്തരികമായി എന്തെന്തു മാറ്റങ്ങള്‍, സമാന സാമൂഹികാവസ്ഥകള്‍ നിലനിന്നിരുന്ന പഴയ ആ മൂന്നു രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഐക്യകേരളത്തില്‍ ഉണ്ടായി എന്നു ചോദിച്ചാല്‍, പ്രതീക്ഷാനിര്‍ഭരമായി ഒന്നുംതന്നെ സംഭവിച്ചിട്ടില്ല എന്നു പറയേണ്ടിവരും. അയിത്തം പുറമേ മാറി. അകമേ ഇന്നും നിലനില്ക്കുന്നു.: സി. കേശവന്റെ ആത്മകഥ – ജീവിതസമരത്തിലൂടെ ഒരനുഭവപര്യടനം.
രാധാകൃഷ്ണന് തൊടുപുഴ എഴുതിയ ലേഖനത്തില്‍ നിന്ന്
12.04.1953-ലാണ് സി. കേശവന്റെ ആത്മകഥയായ ‘ജീവിതസമരത്തിന്റെ‘ ആദ്യഭാഗം പ്രസിദ്ധീകരിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പാതിമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പാതിവരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തിന്റെ ഭൂമിക. കേരളീയ നവോത്ഥാനത്തോടൊപ്പം നടക്കാനും അതിന്റെ ഭാഗധേയങ്ങളില്‍ തന്റേതായ പങ്കുവഹിക്കാനും കഴിഞ്ഞ, സംവേദനക്ഷമമായ മനസ്സുള്ള ഒരു വിപ്ലവകാരിക്ക്, തന്റെ പിറവിക്കു തൊട്ടുമുമ്പുള്ള ഒരു കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്റെ ജനനത്തിനുംമുമ്പ് നിലവിലുണ്ടായിരുന്ന സാമുദായികജീവിതത്തെപ്പറ്റിയും ഭരണാധികാരികളെപ്പറ്റിയും ഒക്കെയും പരാമര്‍ശങ്ങള്‍ ഈ കൃതിയില്‍ കടന്നുവരുന്നുണ്ട്. അതു തികച്ചും സ്വാഭാവികവുമാണ്. കാരണം, ഇന്നലത്തേതിന്റെ തുടര്‍ച്ച മാത്രമാണ് ഇന്ന്. സമൂഹം വളരെ പതുക്കെ മാത്രമേ മാറുന്നുള്ളൂ. തന്റെ ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യം എന്ന നിലയിലാണ് അദ്ദേഹം ആത്മകഥയെഴുതിയത്. അതിശയോക്തിയോ വളച്ചുകെട്ടലുകളോ ഇല്ലാത്ത സത്യസന്ധമായ തുറന്നെഴുത്ത്. ‘ഓര്‍മ്മയില്‍നിന്നും യാതൊന്നും ഒളിക്കണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ലായെന്നും ഒളിച്ചുകളി ഒരിക്കലും ഞാന്‍ ഇഷ്ടപ്പെട്ടിട്ടില്ലായെന്നും’ ഒന്നാം അദ്ധ്യായത്തിലെ ആദ്യഖണ്ഡികയില്‍ത്തന്നെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത് അക്ഷരംപ്രതി ശരിയാണെന്ന് പിന്നീടുള്ള ആഖ്യാനം തെളിയിക്കുകയും ചെയ്യുന്നു.
സി. കേശവന്റെ സ്മരണകള്‍ അദ്ദേഹം ജനിക്കുകയും വളരുകയും ചെയ്ത ‘മയ്യനാട്ടി’ല്‍നിന്നും ആരംഭിക്കുന്നു. കൊല്ലം നഗരത്തില്‍നിന്നും അധികം ദൂരമില്ലാത്തൊരു ഗ്രാമമാണ് മയ്യനാട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ മയ്യനാടും കൊല്ലവും പരവൂരും വര്‍ക്കലയും എല്ലാം കേശവന്റെ ഓര്‍മ്മകളിലൂടെ പുനര്‍ജനിക്കുന്നുണ്ട്. അന്നത്തെ മയ്യനാടിലെ ഗ്രാമീണ ജീവിതത്തെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും അദ്ദേഹം എഴുതുന്നു: ”ഇന്നത്തെപ്പോലെ വീടുകളും ജനപ്പെരുപ്പവുമൊന്നും അന്ന് ഉണ്ടായിരുന്നില്ല. പുറംവേലികൊണ്ട് കെട്ടിയടച്ച കൊച്ചുപറമ്പുകളുടെ ഉടമകളായിരുന്നു സര്‍വ്വരും. സകല ജാതിക്കാരുമുണ്ടായിരുന്നു മയ്യനാട്ട്. പക്ഷേ, ഈഴവരായിരുന്നു ജനസംഖ്യയില്‍ മുന്നിട്ടു നിന്നിരുന്നത്. അവരുടെ കുലവൃത്തി പ്രധാനമായും നെയ്ത്തായിരുന്നു. ജന്മിസമ്പ്രദായം മയ്യനാടിനെ തീണ്ടിയിരുന്നില്ല. ഒരൊറ്റ ജന്മി ഉണ്ടായിരുന്നത്, ഉമയനല്ലൂര്‍ തേവരായിരുന്നു. ആയിരപ്പറനിലവും പത്തിരുന്നൂറു മുറി പുരയിടവും ഇപ്പോഴും ശേഷിക്കുന്നുണ്ട്. കെട്ടിടങ്ങള്‍ ഉണ്ടായിരുന്നത് കുറ്റിക്കാട്ടു പള്ളിക്കും, പണ്ട് പോര്‍ട്ടുഗീസുകാരുടെ കാലത്തുണ്ടായ പുല്ലിച്ചിറപ്പള്ളിക്കുമാണെന്നു തോന്നുന്നു. അരിയോടിട്ട ഒന്നു രണ്ടു ക്ഷേത്രങ്ങളും കാണാമായിരുന്നു. തെക്ക് ജന്മംകുളം നടയ്ക്കും കരുനാപൊങ്കാവിനും (ഗുരുനാഗപ്പന്‍കാവ്), വടക്ക് ഉമയനല്ലൂര്‍ ക്ഷേത്രത്തിനും, പൊന്നരയാലിനും ചുറ്റുമായി നായന്മാര് പാര്‍ത്തിരുന്നു. കാക്കോടുമൂല അന്നും കത്തോലിക്കരുടെ സങ്കേതംതന്നെ. കുറെ, എല്‍.എം.എസ്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. മലയാളം പള്ളിക്കൂടവും പോസ്റ്റോഫീസും ഒഴിച്ച് ഇന്നത്തെ പൊതുസ്ഥാപനങ്ങളൊന്നും അന്നില്ല. എന്റെ വീട് വെള്ള മണലിനു തൊട്ടടുത്തായിരുന്നു. വെണ്മയേറിയ ആ മണല്‍പ്പരപ്പില്‍ ചന്ദ്രരശ്മി തട്ടിയാലുള്ള ശോഭ വര്‍ണ്ണിക്കാന്‍ വിഷമമാണ്… എല്ലാ കുടുംബത്തിനും അല്പമെങ്കിലും കൃഷി ഉണ്ടായിരുന്നു. കൃഷിക്കാലങ്ങളില്‍ കൃഷിയും അല്ലാത്ത കാലങ്ങളില്‍ നെയ്ത്തും. ഇങ്ങനെ കൃഷിയും കുടില്‍വ്യവസായവും എല്ലാ വീട്ടുകാര്‍ക്കുമുള്ള ഒരു ഗ്രാമവ്യവസ്ഥയായിരുന്നു അന്നത്തേത്. ആയില്യം തിരുനാളിന്റെയും സര് ടി. മാധവരായരുടെയും കാലത്ത് 1042-ല്‍, ആണെന്നു തോന്നുന്നു, സര്‍ക്കാര്‍വക കുടിപ്പള്ളിക്കൂടങ്ങള്‍ പൊടിച്ചുതുടങ്ങി. പക്ഷേ, ജാതിശല്യങ്ങളുടെ കലശലിനിടയ്ക്ക് അതുപോലുള്ള സ്കൂളുകള്‍ ഈഴവാദികള്ക്ക് മേന്മയൊന്നും വരുത്തിയില്ല. മയ്യനാട്ടുകാര്ക്കും വേണമെങ്കില്‍ പോയി പഠിക്കാവുന്ന ഒരു പ്രവൃത്തി പള്ളിക്കൂടം ഉണ്ടായിരുന്നു. അത് അങ്ങുദൂരെ ഇരവിപുരത്തായിരുന്നു… അപ്പോഴാണ് ഈഴവര്‍ പഠിച്ചേ മതിയാവൂ എങ്കില്‍ അവര്‍ സ്കൂളുകള്‍ ഉണ്ടാക്കിക്കൊള്ളട്ടെ, ഗ്രാന്റ് കൊടുക്കാം എന്ന് ദിവാന് ശങ്കരസുബ്ബയ്യര്‍ വിധിച്ചത്. സര്‍ക്കാര്‍ സ്കൂളുകള്‍ അയിത്തമാകാതിരിക്കാന്‍ ബുദ്ധിമാനായ ആ ചാണക്യന് കണ്ട ഒരു കുറുക്കുവഴി. ഈഴവാദികളുടെ വിദ്യാഭ്യാസപ്രശ്നത്തിന് ഇതില്‍പ്പരം എന്തു പരിഹാരം എന്നദ്ദേഹം വീമ്പിളക്കി. മദ്രാസ് പത്രങ്ങള്‍പോലും കോലാഹലം കൂട്ടി. പക്ഷേ, സംസ്ഥാനമൊട്ടുക്ക് മുളച്ച ഈഴവ പ്രൈമറികള്‍ രണ്ടേ രണ്ടു മാത്രമായിരുന്നു. ഒന്ന് കൊല്ലം പരവൂരിലും മറ്റേത് മയ്യനാട്ടും.”
തുടര്‍ന്ന്, 1070-ല്‍ സി.വി.കുഞ്ഞുരാമന്റെയും മറ്റും ഉത്സാഹത്തില്‍ ഉണ്ടായ മൂന്നു ക്ലാസ്സുകള്‍ മാത്രമുള്ള സ്കൂളിനെപ്പറ്റി സി. കേശവന് വിവരിക്കുന്നുണ്ട്. ഈഴവരുടെയും മറ്റും കല്യാണപ്പണത്തില്‍നിന്നും ശേഖരിച്ചതായിരുന്നു മൂലധനം. കല്യാണക്കാര് തങ്ങളുടെ സാമ്പത്തികശേഷിയനുസരിച്ചാണ് തുക നല്‍കിയിരുന്നത്. പത്ത്, പതിനഞ്ച്, ഇരുപത് രൂപയൊക്കെയാണ് ഒരു കല്യാണവീട്ടില്‍നിന്നും ലഭിക്കുക. ഈഴവസ്കൂളായി പിറവിയെടുത്തുവെങ്കിലും, പല ജാതിക്കാരും മതക്കാരും ആദ്യംമുതല്‍തന്നെ അവിടെ കുട്ടികളെ ചേര്‍ത്തു. ജാതി-മത-ഭേദങ്ങളുടെ ആസുരപ്രഭാവം മയ്യനാട്ട് ഒരിക്കലും ഉണ്ടായിരുന്നില്ലായെന്ന് കേശവന് സാക്ഷ്യപ്പെടുത്തുന്നു. ആദ്യം ഒരു ഹാളും വരാന്തയും മാത്രമുണ്ടായിരുന്ന ഒരു കൊച്ചു പള്ളിക്കൂടമായിരുന്നു അത്… കുറെക്കാലം കഴിഞ്ഞപ്പോള്‍ ഏതോ സാമൂഹ്യദ്രോഹികള്‍ ആ സ്കൂള്‍ തീയിട്ട് നശിപ്പിച്ചു. സ്കൂളിന്റെ സ്ഥാപകനായിരുന്ന സി.വി.തന്നെയായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്. മാസശമ്പളം ആറ് രൂപ, അതായത് നാല്പത്തിരണ്ട് പണം.
സ്കൂളില്‍ പ്രവേശനം ലഭിച്ച കേശവന്റെ വേഷം എന്തെന്നറിയേണ്ടേ? ‘ഒരു കൊച്ചുതോര്ത്തുമുണ്ട്; അത്രമാത്രം.’ തനിക്ക് തന്നെപ്പറ്റി വലിയ ലജ്ജ തോന്നിയെന്ന് കേശവന് രേഖപ്പെടുത്തുന്നുണ്ട്.
അന്ന് അച്ചടിച്ച ബാലപാഠങ്ങളൊന്നുമില്ല. പനയോല വാര്‍ന്ന്, വങ്ങിക്കെട്ടി അതില്‍ നാരായംകൊണ്ട് ഓരോ ഏടായി പാഠം എഴുതുകയാണ് രീതി. സ്ലേറ്റ് അന്ന് പ്രചാരത്തില്‍ വന്നിരുന്നില്ല. അങ്ങനെയിരിക്കെ ഏതോ സമ്പന്ന ഗൃഹത്തിലെ ഒരു കുട്ടി സ്ലേറ്റുമായി വന്നത് ഒരു മഹാത്ഭുതമായി പരിണമിച്ചു. ഒരു സ്ലേറ്റ് സമ്പാദിക്കുകയെന്നത് കേശവന്റെ ഏറ്റവും വലിയ സ്വപ്നമായി. ഒടുവില്‍ വളരെ കഷ്ടപ്പെട്ടാകണം കേശവന് അച്ഛന് ശാസ്താംകോട്ടയില്‍നിന്നും ഒരു സ്ലേറ്റ് സംഘടിപ്പിച്ചുകൊടുത്തു.
മേല്‍മുണ്ട് വഴക്ക്
മുണ്ടും റവുക്കയും തോര്‍ത്തുമായിരുന്നു അക്കാലത്ത് തരുണികളുടെ വേഷം. പക്ഷേ, ആ വേഷം കീഴ്ജാതിക്കാര്‍ക്ക് പാടില്ലായിരുന്നു. മുട്ടിനു കീഴേ വരാത്ത മുണ്ടേ ഉടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. മുട്ടിനു കീഴെ നില്ക്കുന്ന മുണ്ടിന് ‘അച്ചിപ്പുടവ’ എന്നാണു പേര്. അത് അച്ചികള്‍ക്ക് (നായര്‍സ്ത്രീ) മാത്രം അവകാശപ്പെട്ടതാണ്: മേല്‍മുണ്ട് മറ്റ് സ്ത്രീകള്‍ (കീഴാളര്‍) ധരിക്കാന്‍ പാടില്ല. മാറുമറയാതെ കിടക്കണം! ഒരു ഈഴത്തി മുട്ടിനു കീഴെ നില്ക്കുന്ന മുണ്ട് ഉടുത്തുപോകുന്നതു കണ്ട്, അരിശംമൂത്ത നായന്മാര്, അവളുടെ മുണ്ടഴിച്ചതും അതിന്റെപേരില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഒരു വലിയ ലഹള നടത്തിയതും ചരിത്രം.
കേശവന് എഴുതുന്നു: ”മേല്‍മുണ്ട് വഴക്ക് എന്തു ഭയങ്കരമായിരുന്നെന്നോ! നാഗമയ്യയുടെ സ്റ്റേറ്റ് മാന്വല്‍ ഒന്നു വായിച്ചു നോക്കണം. ആയില്യം തിരുനാളാണ് മഹാരാജാവ്. സര് ടി. മാധവറാവു, ദിവാന്. ഉത്തിഷ്ഠമാനന്മാരായ ഈ വ്യക്തികളുടെ ഭരണകാലത്താണ് വഴക്ക്. ശീലവഴക്ക്, മുല-മാറാപ്പ് വഴക്ക്, ചാന്നാര്‍ ലഹള എന്നിങ്ങനെ പല പേരുകളിലും ഈ സ്വാതന്ത്ര്യസമരം അറിയപ്പെടുന്നുണ്ട്. തെക്ക് ചാന്നാന്മാരുടെ ഇടയിലാണ് ലഹള ആരംഭിച്ചത്. ഏതാണ്ട് കൊല്ലംവരെ ലഹളയെത്തി. മിഷനറി-സായിപ്പന്മാരുടെ പിന്തുണ, ആരുടെ തുണയുമില്ലാതിരുന്ന പാവപ്പെട്ട സമുദായങ്ങള്‍ക്കു കിട്ടി. മതം മാറിയ ചാന്നാട്ടികളുടെ വേഷം മിഷനറിമാര്‍ പരിഷ്കരിച്ചു. നായര്സ്ത്രീകളെപ്പോലെ മാറുമറപ്പും മേല്‍മുണ്ടുമായി. അതു നായന്മാര്ക്കു രസിച്ചില്ല. അടിയായി, ലഹളയായി, സ്ത്രീകളുടെ തുണി ഉരിയലായി.
ഗവണ്മെന്റ് കീഴ്നടപ്പിന്റെ പേരില്‍, മേല്‍ജാതിക്കാരുടെ വശംചേര്‍ന്ന്, ഏഴജാതികളുടെ മേല്‍ മുണ്ടഴിപ്പിക്കാന് കൂട്ടുനിന്നു. മാധവരായര്‍ ദിവാന്റെ കല്പന പുറപ്പെട്ടു: ”മുല മറച്ചു നടക്കാന്‍ അവകാശമുള്ള പെണ്ണുങ്ങളെ മറ്റുള്ള പെണ്ണുങ്ങള് അനുകരിക്കരുത്; അതു ചട്ടവിരോധമാണ്; ശിക്ഷിക്കുമെന്ന്; ലഹളകള്‍ നടത്തുമെന്ന്; ന്യായം നടത്തുമെന്ന്. പക്ഷേ, നിയമലംഘനം പിന്നെയും നടന്നു… അന്ന് തിരുവിതാംകൂര്‍, മദ്രാസ് ഗവണ്മെന്റിന്റെ കീഴിലായിരുന്നു… ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കര്‍ശനമായ സമാധാനം ചോദിക്കലുണ്ടായി. രായരുടെ സാധൂകരണം വായിക്കേണ്ട ഒരു രേഖയാണ്. അതിന് മദ്രാസ് ഗവര്‍ണ്ണര്‍ ചാര്‍ലസ് ട്രവലിയര് രോഷാകുലനായി അയച്ച മറുപടിയും വായിക്കേണ്ടതാണ്. ബ്രിട്ടീഷ് സാമ്രാജ്യം ഭരിക്കുന്നതൊരു സ്ത്രീയാണെന്നും അവര്‍ അവരുടെ സഹോദരിമാരുടെ സ്ത്രീത്വത്തെ അവഹേളിക്കുന്നത് ആരായാലും അതു ക്ഷമിക്കുകയില്ലെന്നും തിരുവിതാംകൂര്‍ രാജാവ് അവര്‍കള്‍ ഓര്‍മ്മിക്കണമെന്നുമായിരുന്നു അതിന്റെ ചുരുക്കം. വേണ്ടിവന്നാല്‍ ബയണറ്റ് മുനകൊണ്ടുതന്നെ ഈ പരിഷ്കാരം നടപ്പില്‍വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജാവും കുഴഞ്ഞു, മന്ത്രിയും കുഴഞ്ഞു. ഏതു വേഷവും ആര്‍ക്കും ധരിക്കാം എന്നു രാജകല്പനയുണ്ടായി. ലഹളയുമൊടുങ്ങി. സി. കേശവന്റെ ജനനത്തിനും പത്തിരുപതു കൊല്ലം മുമ്പായിരുന്നു ഈ സംഭവം.
…രാജാധികാരത്തെ ജനങ്ങളുടെമേല്‍ പ്രയോഗിച്ചിരുന്നത് അധികാരികളായിരുന്നു. അധികാരികളുടെ നിഷ്ഠുര അധികാരപ്രയോഗത്തെപ്പറ്റി ഒരുപാട് കഥകളുണ്ട്. എന്നാല്‍ ഓരോ ജാതിയും, അത് അയിത്ത ജാതിക്കാരായ ഈഴവന് ആയിരുന്നാല്‍പോലും, അതിന്റേതായ ഒരു ഉപരിഘടനയെ പ്രതിഷ്ഠിച്ചിരുന്നു. അതിലൊന്നായിരുന്നു ഈഴവസമുദായത്തിലെ ചാന്നാന്മാര്. സമുദായശ്രേണിയുടെ മുകള്‍ത്തട്ടില്‍ അഞ്ചു ചാന്നാന്മാരുണ്ടായിരുന്നു. അവര്‍ സ്ഥാനമാനികളാണ്, പ്രഭുക്കന്മാരാണ്. അവരുടെ വരുതിയില്‍ സമുദായകാര്യങ്ങള്‍ നടന്നുകൊള്ളണം. ഒരു നീക്കുപോക്കും അതിനില്ല. മയ്യനാട് ഒരു പതിക്രമമാണ്. ഒരു പതിക്രമത്തെ പിടാകകളായി തിരിച്ച്, ഓരോ പിടാകയുടെയും വിചാരണാധികാരം, ഈ ചാന്നാന്മാരില് ഓരോരുത്തര്‍ക്കായി നീക്കിവച്ചു. നായന് ചാന്നാര്‍ക്ക് ഉമയനല്ലൂര്‍ പിടാക, മൂത്ത ചാന്നാര്‍ക്ക് ജന്മകുളം പിടാക എന്നിങ്ങനെ. പിടാകയിലെ ഒരു സമുദായ കാര്യവും, ആ ചാന്നാന്മാരുടെ സാന്നിദ്ധ്യത്തിലും ആഭിമുഖ്യത്തിലുമല്ലാതെ നടക്കാന്‍ പാടില്ല. പിടാകപ്പണം ആ ചാന്നാര്ക്കുള്ളതാണ്. അടിയന്തിരാദികള്ക്ക് വെറ്റില ആദ്യം കെട്ടിവയ്ക്കേണ്ടതും അദ്ദേഹത്തിന്റെ മുന്നില്‍തന്നെ. മറ്റു ചാന്നാന്മാര്‍ക്ക് പിന്നീടേ പാടുള്ളൂ. എന്നാല്‍ പൊതു കാര്യങ്ങളില്‍ എല്ലാ ചാന്നാന്മാരും തുല്യരാണ്.
മയ്യനാട്ടെ ശാസ്താംകോവിലാണ് ചാന്നാന്മാരുടെ ആലോചനാമണ്ഡപം. അഞ്ചു ചാന്നാന്മാരും ‘ഫുള്‍ബഞ്ച്’ കൂടി വിധി കല്പിക്കുന്ന ന്യായാസനമാണവിടം. നിയമനിര്‍മ്മാണസഭയും അതുതന്നെ. വല്ല കാരണവശാലും അവിടെ യോഗം ചേരാന്‍ കഴിയാതെവന്നാല്‍ ഏതെങ്കിലും ചാന്നാരുടെ വസതിയാവും തിരഞ്ഞെടുക്കുക. അന്നവിടെ വലിയ ഡിന്നറും ഉണ്ടാകും. ക്രാസും പിടിയും വച്ച് കല്യാണപ്പന്തല്‍ നിര്‍മ്മിക്കുന്നതിനും വെള്ള പിടിപ്പിച്ചും ആലത്തുകള്‍ തൂക്കിയും പന്തല്വിതാനിക്കുന്നതിനും ആലവട്ട കുട പിടിപ്പിച്ചും ആനപ്പുറത്തു കയറിയും നടമാറ്റു വിരിപ്പിച്ചും പഞ്ചവാദ്യങ്ങള്‍ മുഴക്കിയും പന്തലില്‍ വരുന്നതിനും ഒക്കെയുള്ള അവകാശം ഈ ചാന്നാന്മാര്ക്കേയുള്ളൂ. ചാന്നാട്ടികള്ക്കേ മുടി കൊണ്ടകെട്ടാന് പാടുള്ളൂ. അര്ഹതയില്ലാത്തവന് പന്തിയില്‍ ഇരുന്നാല്‍ അവനെ അവിടെനിന്നും പിടിച്ചെഴുന്നേല്പിക്കും.
ഈ ചാന്നാന്മാരുടെ പിറകിലെ ശ്രേണിയില്‍ അവരുടെ അവാന്തര വിഭാഗങ്ങളും, ‘ആയണ്ടാതുങ്ങള്’ എന്നു പറയുന്ന പാവം ജനങ്ങളും, എല്ലാറ്റിനും പിറകില്‍, കണ്ടന്, വടുകന്‍ എന്നിങ്ങനെയുള്ള പേരുകളില്‍ ചാന്നാന്മാര് ഒരുകാലത്ത് അടിമകളായി വാങ്ങിയിരുന്നവരുടെ സന്തതികളായ ‘മനുഷ്യപ്പുഴുക്കളും’ ഉണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്നതായിരുന്നു ഈഴവ സമുദായം. പെട്രീഷ്യന്‍സ്, പ്ലീബിയന്‍സ്, സെര്‍ഫ്സ് എന്നും വേര്‍തിരിഞ്ഞു നിന്നിരുന്ന റോമന്‍ സമുദായ വ്യവസ്ഥയുടെ ഒരു തനിപ്പകര്‍പ്പ്. വടുകന്മാര്‍ എന്നു വ്യവഹരിക്കപ്പെടുന്നവര്‍, തിരുവിതാംകൂറിനെ പലവട്ടം ആക്രമിച്ചിട്ടുള്ള ‘വടുകപ്പട’യില്‍നിന്നും തടവുകാരായി പിടിക്കപ്പെട്ട്, അടിമകളായി വില്ക്കപ്പെട്ടവരുടെ സന്തതികളായിരിക്കാം. ചെത്ത് ഇവരുടെ തൊഴിലായിരുന്നു. ‘കത്തിച്ചോവന്മാര്’ എന്നും ഇവരെ വിളിച്ചുവന്നു.
പുല്പ്പാകെട്ട്, പിടിമൊന്ത, നടമാറ്റ്, പകല്‍വിളക്ക്, പന്തക്കുഴ മുതലായ പ്രത്യേക ചിഹ്നങ്ങളും, അവകാശങ്ങളും തിരുമുല്ക്കാഴ്ചവച്ച്, ഇവര്‍ നാടുവാഴികളില്‍നിന്നും നേടിയതായിരുന്നു ചാന്നായ്മയും തണ്ടായ്മയും. കൂടാതെ പണിക്കര്‍ സ്ഥാനവും, ഈഴവര്‍ നാടുവാഴികളില്‍നിന്നും ഏറ്റിരുന്നു. പരവൂര്‍ പത്ത് ചാന്നാന്മാരും, രണ്ടു പണിക്കന്മാരുമാണിപ്പോഴുള്ളതെന്ന് സി. കേശവന് അനുസ്മരിക്കുന്നു. ചാന്നാന്മാര്ക്കും പണിക്കര്‍മാര്‍ക്കും മാത്രമേ, സ്വന്തം ക്ഷേത്രവും കളരിയും പണ്ട് ഉണ്ടായിരുന്നുള്ളൂ.
അകത്തയുടി പണിക്കരും അമ്പനാട്ട് പണിക്കന്മാരും ചരിത്രത്തില്‍ കൊണ്ടവരാണ്. ഏനാത്ത് അകത്തയുടി പണിക്കര്‍, തമ്പുരാന്റെയും (ഇളയടത്ത്) പടനായ പണിക്കര്‍, കായങ്കുളം രാജാവിന്റെയും സേനാനികളായിരുന്നുവത്രേ. ഈ അകത്തയുടി പണിക്കര്‍ കുളിക്കാനിറങ്ങിയാല്‍, ആശാരി കുളക്കടവുമുതല് മാറ്റു വിരിക്കണം. പണിക്കര്‍ ഒരു പന്തീരാണ്ട് കൂടുമ്പോള്‍, ആനപ്പുറത്തേറി ഒന്ന് ഊരുചുറ്റും. അപ്പോള്‍ നായര്‍ സ്ത്രീകള്‍ കുളിച്ചു മുലക്കച്ചകെട്ടി, വിളക്കും നിറനാഴിയും വച്ച് കുരവയിടണം. പണിക്കരുടെ വീട്ടിലെ കല്യാണത്തിന് കറിക്കരിഞ്ഞു കൊടുക്കേണ്ടത് നായന്മാരാണ്. ഈ പണിക്കരാണ് മണ്ണടിക്ഷേത്രത്തിലേക്ക് കലശം ആനപ്പുറത്തു കൊടുത്തയയ്ക്കേണ്ടത്. വണിപ്പുഴ മഠത്തിലും കുളക്കട മഠത്തിലും, വിവാഹാദികള്‍ ഉണ്ടാകുമ്പോള്‍, അകത്തടിപ്പണിക്കര്ക്ക് അവിടെനിന്നും വെറ്റില-പുകയില കൊടുത്തയയ്ക്കണം.
വടക്കേ മലബാറിലെ ചെറായി പണിക്കന്മാര് തീയരാണ്. പണ്ടൊരു, സാമൂതിരിയായിരുന്നു അവര്‍ക്ക് ആ സ്ഥാനപ്പേര് നല്‍കിയത്. ആയുധാഭ്യാസത്തില്‍ അസാധാരണ വൈദഗ്ദ്ധ്യം നേടിയവര്‍ക്കു മാത്രമേ ആ സ്ഥാനം നല്കിയിരുന്നുള്ളൂ. ഈഴവര്‍ക്കുള്ള ഏറ്റവും വലിയ സ്ഥാനമാണ് ചാന്നാന്‍ പദവിയെന്നും, അതിനു പിന്നില്‍ പണിക്കര്‍ വരുന്നുവെന്നും അമ്പലപ്പുഴ, കായങ്കുളം, ദേശിങ്ങനാട്ട് എന്നീ പുരാതന നാടുവാഴികള്‍ ഇത്തരം പദവികള്‍ നല്‍കിയിരുന്നുവെന്നും, ഇടപ്പള്ളി രാജാവ് ഇപ്പോഴും (1909) നല്‍കുന്നുവെന്നും ജീവിതസമരത്തില്‍ കേശവന് വിശദീകരിക്കുന്നുണ്ട്.
ഈ ചാന്നാര്‍ ദുശാസന്മാരുടെ ഭരണത്തിലാണ് മയ്യനാട്ടെ ഈഴവസമുദായവും ശാസ്താംകോവിലും വളരെക്കാലം ഇരുന്നതെന്ന് കേശവന് എഴുതുന്നു. ഈ ക്ഷേത്രം പുരാതനമായ ഒന്നാണ്. പഴയകാലത്ത് ശ്രീകോവിലും തിരുമുറ്റവും നാലമ്പലവും മണ്ഡപവും ഒക്കെ ഉണ്ടായിരുന്നു. ക്ഷേത്രവളപ്പില്‍ കിഴക്കേയറ്റത്ത് ഒരു ഭഗവതിക്ഷേത്രം ഉണ്ടായിരുന്നിടത്താണ്, മയ്യനാട്ട് ഇംഗ്ലിഷ് മിഡില്‍ സ്കൂള്‍ ആദ്യം നിന്നിരുന്നത്. ക്ഷേത്രം ഒരുകാലത്ത് അഞ്ചു നമ്പൂതിരിമാരുടെ വകയായിരുന്നുവെന്നും അവര്‍ ക്ഷേത്രഭരണം മയ്യനാട്ടെ അഞ്ച് ചാന്നാന്മാരെ ഏതു കാരണവശാലോ ഏല്പിച്ചിട്ട് സ്ഥലം വിട്ടു എന്നുമാണ് ഐതിഹ്യം. ചക്കനാമഠം, ചൂരനാമഠം, പെരുമഠം, കൂനമഠം, പുളിക്കമഠം എന്നീ മഠപ്പേരുകള് ക്ഷേത്രത്തിനു ചുറ്റുമുള്ള പറമ്പുകള്‍ക്ക് ഇന്നുമുണ്ട്.
കേശവന് തുടരുന്നു: ”മേല്ജാതികള് ഈഴവനെ കുതിരകയറിയെങ്കില്, ഈഴവചാന്നാന്മാര്-ഒരു ചാന്നാരായ ഞാന്‍ ലജ്ജയോടും സങ്കടത്തോടുംകൂടി സമ്മതിക്കുന്നു-പാവപ്പെട്ട ഈഴവനെത്തന്നെ കുതിരകയറി. ആഢ്യത്വത്തിന്റെ പേരില്‍, ഇടത്വാപള്ളിയില്പോയി എന്ന ‘മഹാപരാധ’ത്തിന്, പിഴ മൂളിച്ച ഈ ചാന്നാന്മാരുടെ നിഷ്ഠുര ശാസന അല്ലെങ്കില്‍ ‘റ്റിറണി’ (Tyranny) മയ്യനാട്ടെ ഒട്ടുവളരെ പാവപ്പെട്ട ഈഴവ കുടുംബങ്ങളെ, ക്രിസ്തുമതത്തില്‍, പള്ളിയില്‍ അഭയംതേടിപ്പിച്ചു.
ഒരു പ്രത്യേകസംഭവം അദ്ദേഹം വിശദീകരിക്കുന്നുണ്ട്: ”ഒരു പാവപ്പെട്ട ഈഴവന് അല്പമൊരു മോടിയില്‍ ഒരു വിവാഹം ഘോഷിക്കാന്‍ ഒരുമ്പെട്ടു. ചാന്നാന്മാരുടെ മുന്നില്‍ വെറ്റില കെട്ടിവച്ചു. അവര്‍ക്കു ‘മൂപ്പിക്കാനും’ കൊടുത്തു. ഉഴിയങ്ങളെല്ലാം ചെയ്തു പ്രസാദിപ്പിച്ചപ്പോള്‍ ചാന്നാന്മാര് വരുതിമൂളി. കല്യാണച്ചടങ്ങുകള്‍ മുറപ്രകാരം നടന്നുകൊണ്ടിരുന്നു. സന്ധ്യകഴിഞ്ഞ് മൂപ്പന്മാര് പിരിഞ്ഞു; ആ കല്യാണക്കാരന് ഭാഗ്യഹീനന്റെ ചെലവില്‍ത്തന്നെ ഒന്ന് നല്ലപോലെ മൂപ്പിച്ചിട്ടു മടങ്ങിവരാന്‍. മടങ്ങി വന്നു, കുറെയേറെക്കഴിഞ്ഞ്, ഈ ‘ഴാമന മഴങ്ങള്‍’ ഐവരും. പക്ഷേ, എന്തുപറയട്ടേ, അവര്‍ വരുംമുമ്പ് സദ്യയ്ക്ക് ഇലവച്ചുപോയി. ആ ധിക്കാരം സമ്മതിച്ചു കൊടുക്കുന്നവരല്ലാ ചാന്നാന്മാര്. പിന്നെ നടന്നു, അവിടെ അഞ്ച് കിരാതന്മാരുടെ ഘോരനൃത്തം, അട്ടഹാസങ്ങള്‍! ഇലയും ചോറും കറിയുമൊക്കെ വിളമ്പിയിരുന്നതും, വിളമ്പാന്‍ സംഭരിച്ചിരുന്നതും, അവര്‍ ചവുട്ടിത്തേച്ച് നാനാവിധമാക്കി. കണ്ണില്‍ കണ്ടവരെയും കൈയില്‍ കിട്ടിയവരെയും എല്ലാം അറഞ്ഞ് വെളുപ്പിച്ചു. ആരുടെ സാന്ത്വനവും ഫലിച്ചില്ല. ആരുടെ ശബ്ദവും അവര്‍ക്കെതിരായി ഉയര്‍ന്നില്ല. ഒടുവില്‍ ആ പടക്കളം ശൂന്യമായി, ഈ അഞ്ച് രൗദ്രമൂര്ത്തികളെ മാത്രം ശേഷിപ്പിച്ചുകൊണ്ട്.
ഈ കൊടിയപാതകം, മയ്യനാട്ടെ പാവപ്പെട്ട ഈഴവജനസാമാന്യത്തിന്റെ കണ്ണുതുറപ്പിച്ചു. മതപരിവര്ത്തനസംരംഭത്തില് ഏര്‍പ്പെട്ടിരുന്ന ഒരു സായ്പ് അന്ന് കൊല്ലത്തുണ്ടായിരുന്നു. മയ്യനാട്ടെ പാവപ്പെട്ട കുറെ കുടുംബക്കാര്, ഈഴവര്‍ക്കു നല്ലത് ക്രിസ്തുമതംതന്നെയാണെന്നു കണ്ട്, സായിപ്പിനെ ശരണംപ്രാപിച്ച് മാമോദീസാ മുങ്ങി.
”കഴിഞ്ഞകാലത്ത് കേരളത്തില്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരില്‍ ബഹുഭൂരിപക്ഷംപേരും ഈഴവരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈഴവസമുദായത്തില്‍, ആഭ്യന്തരമായി നിലനിന്ന അസമത്വങ്ങളും അനീതികളും അവരെ അതിനു പ്രേരിപ്പിച്ചിരിക്കാനാണ് സാധ്യത,”-കേശവന് പറയുന്നു.
Comments are closed.