കേവലം ജനസംഖ്യാനിയന്ത്രണം മാത്രമല്ല ജനസംഖ്യാ ദിനാചാരണത്തിന്റെ ലക്ഷ്യം!
അജി മാത്യൂ കോളൂത്ര
1800 ൽ നൂറ് കോടി, 1927- ൽ ഇരുന്നൂറ് കോടി, 1960 ൽ മുന്നൂറ് കോടി, പിന്നീട് ഓരോ വനവാസകാലഘട്ടത്തിലുംനാനൂറ് അഞ്ഞൂറ് അറുന്നൂറ് എന്നിങ്ങനെ കൂടി കൂടി നിലവിൽ ഏഴുനൂറ്റി തൊണ്ണൂറു കോടി.
ഇതേതെങ്കിലും ബഹുരാഷ്ട്ര കമ്പനിയുടെ ലാഭനഷ്ടങ്ങളേകുറിക്കുന്ന അക്കങ്ങളല്ല. ഈ പ്രപഞ്ചമാകെ സ്വന്തം കൈപിടിയിലാണ് എന്ന് അഭിമാനിക്കുന്ന മനുഷ്യന് ഇനിയും കൈപിടിയിലൊതുങ്ങാത്ത ജനസംഖ്യയുടെ വിവരണമാണ്.
ഏറക്കുറെ മൂന്ന് ലക്ഷത്തോളം വർഷങ്ങളായി ഹോമോസാപ്പിയൻസ് ഭൂമിയിലുണ്ടന്ന് ശാസ്ത്രം വിശ്വസിക്കുന്നു. പ്രകൃതിയോട് മല്ലിട്ടും, ബലഹീനതകളെ തരണംചെയ്യാൻ സഹായിക്കുന്ന ആയുധങ്ങളും സാങ്കേതിക വിദ്യയും ആർജിച്ചും മനുഷ്യർ പ്രതിസന്ധികളെ അതിജീവിച്ചു. പറയത്തക്ക ജനന നിയന്ത്രണ മാർഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പ്രകൃതിയുടെ നിൽപ്പുതന്നെ അപകടത്തിലാകുന്നവിധം ഒരിക്കലും മനുഷ്യരുടെ എണ്ണം വർധിച്ചില്ല. മഹാവ്യാധികൾക്കും പ്രകൃതിക്ഷോഭങ്ങൾക് അടിപ്പെട്ടും, സ്വയംകൃതവും അല്ലാത്തതുമായ അപകടങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായും മനുഷ്യ വംശം എണ്ണത്തിൽ പരിധിവിടാതെ നിലനിന്നു.
എന്നാൽ എന്നുമത് അങ്ങനെയായിരുന്നില്ല. രണ്ട് ലക്ഷത്തി തൊണൂറ്റൊൻപതിനായിരത്തി എണ്ണൂറു വർഷങ്ങൾക്ക് ശേഷം CE 1800 ൽ ആദ്യമായി ജനസഞ്ചയം നൂറ് കോടിയെന്ന മാന്ത്രിക സംഖ്യയെ പുണർന്നു. ശാസ്ത്രസാങ്കേതിക മേഖലയിലും വൈദ്യശാസ്ത്ര രംഗത്തും നാം സ്വന്തമാക്കിയ നേട്ടങ്ങളുടെ ഉത്പന്നമായിരുന്നു ആ സംഖ്യ. അത് അഭിമാനർഹമായ ഒന്നാണെന്നു പറയാതെവയ്യ. പക്ഷെ പിന്നീട് വെറും 123 വർഷങ്ങൾക്കൊണ്ട് അത് ഇരട്ടിയായി, അതിന് ശേഷം മൂന്ന് പതിറ്റാണ്ടു മാത്രമാണ് വേണ്ടുമൊരു നൂറ് കോടി കൂടി ആ എണ്ണത്തോട് ചേർക്കാൻ നമുക്കാവശ്യമായി വന്നത്. പിന്നീട് ഓരോ ഒന്നര പതിറ്റാണ്ടിലും അതാവർത്തിച്ചു. ജനപ്പെരുപ്പം അഭിമാനം മാത്രമല്ല ആശങ്കകൂടി വളർത്തുന്ന ഒന്നാണെന്നു പലർക്കും തോന്നിതുടങ്ങിയത് ആ കാലത്തിലാണ്. ആ ആശങ്കകളും അവയ്ക്കുള്ള പരിഹാരങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ജനസംഖ്യാ ദിനം ആചരിക്കണമെന്ന ആശയം ഉയർന്നുവന്നത് അങ്ങനെയാണ്. തുടർന്ന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം 1989 ജൂലൈ 11 ന് ആദ്യ ജനസംഖ്യാ ദിനം ആചരിച്ചു. 1987ജൂലൈ 11 നാണ് നാം 500 കോടിയെന്ന എണ്ണം തികഞ്ഞത് എന്നത് പരിഗണിച്ചാണ് ജൂലൈ പതിനൊന്ന് ജനസംഖ്യാ ദിനമായി തിരഞ്ഞെടുത്തത്.
കേവലം ജനസംഖ്യാനിയന്ത്രണം മാത്രമല്ല ജനസംഖ്യാ ദിനാചാരണത്തിന്റെ ലക്ഷ്യം. ലിംഗസമത്വം, വിഭവങ്ങളുടെ ശരിയായ വിനിയോഗം, ഗർഭകാല പരിചരണം, മാതൃ ശിശു സംരക്ഷണം, പോഷകാഹാരം ഉറപ്പാക്കൽ, ചൂഷണം തടയൽ, പരിസ്ഥിതിസംരക്ഷണം എന്നിങ്ങനെ സാമാന്യ ജീവിതത്തെ ബാധിക്കുന്ന ഏറക്കുറെ എല്ലാ വിഷയങ്ങളും ഈ ദിനാചരണതിന്റെ പരിഗണനാ പരിധിയിൽ വരുന്നു. കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ ജനസംഖ്യാ വിസ്ഫോടനം തടയുന്നതിനൊപ്പം ജനിച്ചു വീഴുന്ന ഓരോ മനുഷ്യർക്കും വർഗ, വർണ വ്യത്യാസങ്ങളില്ലാതെ അന്തസായി ജീവിക്കുവാൻ അവസരമുണ്ടക്കണമെന്നാണ് ഈ ദിനാചാരണത്തിലൂടെ UN മുന്നോട്ട് വയ്ക്കുന്ന ആശയം. അതിനുള്ള ഒരു ചുവട് മാത്രമാണ് ജനനനിയന്ത്രണം.
ജനപ്പെരുപ്പം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലോക ജനസംഖ്യയുടെ അൻപത് ശതമാനത്തിലധികം വരുന്ന ദരിദ്രവിഭാഗങ്ങളെയാണ്. ഇപ്പോൾ തന്നെ ആവശ്യത്തിന് ഭക്ഷണവും, പോഷക സമൃദ്ധമായ ആഹാരവും ലഭിക്കാതെ ദുരിതങ്ങൾ അനുഭവിക്കുന്ന ഈ വിഭാഗത്തിന്, വർധിച്ചു വരുന്ന ജനസംഖ്യമൂലം കൂടുതൽ പട്ടിണി നേരിടേണ്ടി വരും. അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ ലോകത്തെ പല പ്രദേശങ്ങളിലും കുടിവെള്ളലഭ്യത ഇല്ലാതെയാകുമെന്ന് ശാസ്ത്രം കണക്കുകൂട്ടുന്നു. ആസൂത്രിതമായ പ്രവർത്തനങ്ങളില്ലങ്കിൽ ആ ദുർദിനം അതിവേഗം നമ്മെയും തേടിയെത്തും. വിശപ്പിന് ആഹാരവും ദാഹത്തിന് ജലവും കിട്ടാതെ കോടിക്കണക്കിനു പേർ പട്ടിണിമരണം പുൽകും. വിഭവങ്ങളുടെ മര്യാദാപൂർവമായ വിനിയോഗത്തിലൂടെയും പ്രകൃതി സമ്പത്തിന്റെ നിയന്ത്രിതമായ ഉപഭോഗത്തിലൂടെയും, ആ ആപത്ത് അകറ്റി നിർത്താൻ ആഗോള നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്നമട്ടിൽ സാമ്പത്തീക ലാഭം മാത്രം ലക്ഷ്യം വച് പ്രവർത്തിക്കുന്ന നിരവധി കോർപ്പറേറ്റുകൾ നിഷ്കരുണം, നിർലജ്ജം പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇതിനെതിരെ പ്രതിരോധനിര തീർക്കാൻ നാം മുന്നോട്ട് വന്നേ മതിയാകു.
കൊറോണക്ക് ശേഷം ലോക ജനസംഖ്യയിൽ ഒരു കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് നാം കണക്കുകൂട്ടുന്നത്. വ്യക്തമായ കുടുംബാസൂത്രണം കൊണ്ടു മാത്രമേ ഇതിനെ നേരിടാൻ കഴിയു. പൊതുവിൽ കണക്കാക്കുന്നത് പോലെ, ജനന നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുന്നത് മാത്രമല്ല കുടുംബാസൂത്രണം, അത് ഒരു കുടുംബത്തിന്റെ നിലനിൽപ്പിന്നാവശ്യമായ എല്ലാത്തിനെയുംകുറിച്ചുള്ള ആസൂത്രണമാണ്. അതിൽ ആരോഗ്യ സംരക്ഷണവും ജനനവും, വിദ്യാഭ്യാസവും, സാമൂഹ്യസുരക്ഷയും എല്ലാം ഉൾപ്പെടുന്നു.
എത്ര മക്കൾ വേണമെന്നുള്ളതും അവർക്കിടയിൽ എത്ര പ്രായാന്തരം വേണമെന്നുള്ളതും തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കൾക്കാണെന്ന് UN അസനിഗ്ദ്ധമായി വ്യക്തമാക്കുന്നു. അതായത് മാതാവിനും പിതാവിനും ഒരേപോലെ അവകാശം. വളരേ ശക്തമായ ഒരു സ്ത്രീപക്ഷ ചിന്തയാണത്. പിതാവിന്റെ. . . . അഥവാ പുരുഷന്റെ ഇശ്ചക്കനുസരിച്ചു പ്രസവിക്കാനും അവന്റെ വിളവെടുപ്പിന് വിത്തിറക്കാനുള്ള ഭൂമിയായി കരുതപെടാനുമുള്ളവളല്ല സ്ത്രീയെന്നും, പ്രത്യുല്പാദനമുൾപ്പടെ കുടുംബത്തിലേ തീരുമാനങ്ങളിൽ സ്വന്തം അഭിപ്രായവും സ്വാതന്ത്രവും ഉള്ളവളാണ് അവളെന്നും ഓർമ്മപ്പെടുത്താൻ സഹായിക്കുന്ന ചിന്ത.
സമതുലിതമായ ലിംഗനീതിയിലൂടെ മാത്രമേ മനുഷ്യവംശത്തിനു നിലനിൽക്കാൻ കഴിയുവെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. പെൺ ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിൽ തുടങ്ങി സ്ത്രീകളെ സാമൂഹികമായും, സാമ്പത്തീകമായും രാഷ്ട്രീയമായും ശക്തിപ്പെടുത്തുന്നതിലൂടെ അതുറപ്പാകാനുള്ള ശ്രമവും ജനസംഖ്യാദിനചാരണത്തിന്റെ ഭാഗമായി അവർ നടത്തുന്നു.
കഴിഞ്ഞ ഏതാനം വർഷങ്ങളിലെ മാത്രം കണക്കെടുപ്പിൽ ആഗോള തലത്തിൽ 12 ദശലക്ഷം സ്ത്രീകൾക്ക് കുടുംബാസൂത്രണത്തിനുള്ള അവസരം ലഭ്യമായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ ഈ സാഹചര്യം മാറ്റാൻ കഴിയും. സുശക്തരായ സ്ത്രീകളിലൂടെയല്ലാതെ ജനസംഖ്യാ നിയന്ത്രണവും അടിസ്ഥാന ആരോഗ്യ സംരക്ഷണവും സാധ്യമാകുകയില്ല. .
‘ബേട്ടീ ബജാവോ ബേട്ടി പഠാവോ’ പോലുള്ള ക്രിയാത്മക പദ്ധതികൾ നിലനിൽക്കുമ്പോൾ പോലും പെൺകുട്ടികൾ ഭ്രൂണാവസ്ഥയിൽ തന്നെ കൊലചെയ്യപ്പെടുന്ന, നിത്യവൃത്തിക്കായി, കരിമ്പിൻ തോട്ടങ്ങളിലും, പ്ലാന്റെഷനുകളിലും ജോലി തേടിയെത്തുന്ന സ്ത്രീകൾക്ക് അവരുടെ ഗർഭാശയം നീക്കം ചെയ്‌താൽ മാത്രം ജോലി നൽകാം എന്ന് നിബന്ധന വെയ്ക്കുന്ന , ഗാർഹിക പീഡനങ്ങൾ നിത്യകഥയാകുന്ന ഒരു സമൂഹത്തിന്റെ മധ്യത്തിലാണ് ലിംഗസമത്വമെന്ന കിട്ടാത്ത മുന്തിരിക്കായി നാം ചാടികൊണ്ടിരിക്കുന്നത് എന്നത് മറക്കുന്നില്ല.
ജനിച്ചു വീഴുന്ന ഓരോ ശിശുവിനും അന്തസായി വളരാനുള്ള അവകാശമുണ്ട്. അതുറപ്പാക്കേണ്ടത് ഐക്യരാഷ്ട്ര സഭയുടെയോ ഭരണകൂടത്തിന്റെയോ മാത്രം ചുമതലയല്ല, നാമോരോരുത്തവരുടെയുമാണ്. നന്നായി പുലർത്താൻ സാഹചര്യമില്ലങ്കിൽ പ്രസവിക്കാനാകില്ലന്ന് സ്ത്രീകൾക്ക് സധൈര്യം പറയാൻ കഴിയുന്ന കാലം നിലവിൽ ഒരു ദിവാസ്വപ്നം മാത്രമാണെന്നറിയാം പക്ഷെ എല്ലാ കെട്ടകാലത്തിനും ഒരവസാനമുണ്ടാകുമല്ലോ, . . . . ഇതിനുമുണ്ടാകും.
പ്രകൃതിവിഭവങ്ങൾ കലവറയറ്റു പോകാത്ത, ഒരു വറ്റ് ഭക്ഷണത്തിനും ഒരു തുള്ളി വെള്ളത്തിനും തലചായ്ക്കാനൊരാൽപ്പം മണ്ണിനും വേണ്ടി മനുഷ്യർ പരസ്പരം തമ്മിലടിക്കാത്ത ഒരു ലോകമുണ്ടാകണമെങ്കിൽ, അനിയന്ത്രിതമായി കുതിച്ചുപായുന്ന ജനസംഖ്യയെ കടിഞ്ഞാണിട്ട് പിടിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. അതിന് വഴിതെളിക്കുന്ന ഒന്നായി ഈ വർഷത്തെ അന്താരാഷ്ട്ര ജനസംഖ്യാദിനം മാറട്ടെയെന്ന് ആശംസിക്കുന്നു.
Comments are closed.